അമ്പലത്തില്‍ പോകാനും, വിശേഷദിവസങ്ങളില്‍ വീടുകളില്‍ വിളക്ക് വെയ്ക്കാനും മാത്രമായി പെണ്‍കുട്ടികള്‍ക്ക് ഈ വേഷങ്ങള്‍. എങ്ങനെ മാറാതിരിക്കും. പിറന്ന നാളിന് ഫുള്‍ പാവാടയിട്ട് അമ്പലത്തില്‍ പോയി പുഷ്‌പാഞ്ചലി കഴിപ്പിച്ചാലും കൂട്ടുകാര്‍ക്ക് ‘ട്രീറ്റ്’ നല്കാന്‍ എത്തുമ്പോഴേക്കും ഫാഷനും മാറിയിരിക്കും. കൊച്ചുകുട്ടികള്‍ പാവാടയും, ബ്ലൌസിനും പകരം ത്രീഫോര്‍ത്തും സ്ലീവ്‌ലെസും എന്നതിലേക്ക് തങ്ങളുടെ ‘ട്രെന്‍ഡ്’ മാറ്റിയിരിക്കുന്നു.
എണ്‍പതുകളില്‍ ക്യാമ്പസിന്‍റെ ഇഷ്‌ടവേഷമായിരുന്നു ഹാഫ് സാരി. പക്ഷേ, ഇന്നത് ക്യാംപസിന്‍റെ പടിക്കു പുറത്താണ്. കവിതയും, മരംചുറ്റി പ്രേമവുമായി നടക്കുമ്പോള്‍ സാരിത്തുമ്പില്‍ കടിച്ചു കൊണ്ടിരുന്ന നാണംകുണുങ്ങികളായ പെണ്‍കുട്ടികളെയും കാണാനില്ല. അഥവാ ഹാഫ് സാരിയണിഞ്ഞ ഒരു പെങ്കൊച്ചിനെ കാണണമെങ്കില്‍ ഓണവും, കേരളപ്പിറവിയുമൊക്കെ വരണം. അത് വന്നാല്‍ മാത്രം പോരാ ‘പ്രാര്‍ത്ഥനാ’ ഗാനമാലപിക്കുന്ന മൈക്കിന്‍റെ മുമ്പിലേക്ക് നോക്കുകയും ചെയ്യണം.
പരമ്പരാഗത വേഷം ഫാഷന്‍ വസ്ത്രമായി മാറിയ അതിവിചിത്രമായ കാഴ്ചയാണ് മേല്‍പറഞ്ഞത്. പരമ്പരാഗത വേഷങ്ങള്‍ ഫാഷനായും, ഫാഷനായി വന്ന വേഷങ്ങള്‍ വീട്ടുകാരനെ പോലെ അലമാരയ്ക്കുള്ളില്‍ കയറിയിരിക്കുകയും ചെയ്യുന്ന അവസ്ഥ. ‘ഹാഫ് സാരി’ക്കും, ‘ഫുള്‍ പാവാടയ്ക്കും ബ്ലൌസി’നും സംഭവിച്ചത് അതാണ്.
പക്ഷേ, എന്തൊക്കെയാണെങ്കിലും ചന്ദന നിറമുള്ള കേരളസാരിയെയും, മുണ്ടും വേഷ്‌ടിയെയും കൈവെടിയാന്‍ മലയാളികള്‍ തയ്യാറായിട്ടില്ല എന്നതാണ് ആശ്വാസകരം. മംഗളാവസരങ്ങള്‍ കൂടുതല്‍ മംഗളകരമാക്കാന്‍ പട്യാലകള്‍ക്കും, ലാച്ചകള്‍ക്കും പകരം കേരളസാരി തെരഞ്ഞെടുക്കുന്നതും ആശ്വാസം തന്നെ. |