തിരുവോണ നാളില്‍ അത്തപൂക്കളം തീര്‍ക്കുന്ന ‘കേരള സാരി’ കൊച്ചുമോളെ നോക്കി മുത്തശ്ശി പറഞ്ഞു ‘ഈ പെങ്കൊച്ചിനെ കാണാന്‍ എന്ത് ഐശ്വര്യമാ’. അഭിപ്രായം കേട്ട പെങ്കൊച്ച് ആദ്യം ഒന്നു നടുങ്ങി, കാരണം ഇതേവരെ ഇങ്ങനെ ഒരു കമന്‍റ് കേട്ടിട്ടേയില്ല.എങ്ങനെ കേള്‍ക്കാന്‍?. കോളജിലെ ആഷ് പുഷ് കൂട്ടുകാര്‍ക്കിടയില്‍ താരമാകാന്‍ ജീന്‍സും, ടോപ്പും, പുതിയ ഫാഷനിലുള്ള ചുരിദാറും അണിഞ്ഞ് രാവിലെ ഇറങ്ങും. അങ്ങനെ ‘ജീന്‍സിനുള്ളില്‍’ ഒളിപ്പിച്ചു വച്ചിരുന്ന ‘കേരള ബ്യൂട്ടി’യാണ് ആണ്ടിലൊരിക്കല്‍ കേരളസാരിയും, മുണ്ടും വേഷ്‌ടിയും ഒക്കെ അണിയുമ്പോള്‍ തിരിച്ചു വരുന്നത്. മലയാളത്തിന്‍റെ മണവും, നിറവും തുളുമ്പുന്ന വേഷവിധാനങ്ങള്‍ക്ക് പ്രത്യേകിച്ച് കേരളസാരിക്ക് കാലമേറെ കടന്നു ചെന്നിട്ടും യാതൊരു ഭാവമാറ്റവുമില്ല. കേരളസാരി മലയാളികള്‍ക്ക് മാത്രമല്ല അന്യസംസ്ഥാനങ്ങളിലും, വിദേശ രാജ്യങ്ങളില്‍ പോലും ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്. കേരള സാരിപോലെ തന്നെ പേരു കേട്ടതാണ് ‘ഫുള്‍’ പാവാടയും ബ്ലൌസും, ‘ഹാഫ്’ സാരിയും. എന്നാല്‍, കേരള സാരിക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന നിലയും വിലയും പരിഗണനയുമൊക്കെ ഈ രണ്ട് വേഷങ്ങള്‍ക്കും നഷ്‌ടപ്പെട്ടു കൊണ്ടിരിക്കുകയാണോ എന്ന് മലയാളികള്‍ ശങ്കിക്കേണ്ടിയിരിക്കുന്നു. |