സ്പീക്കര്‍ കസേരയില്‍ ആദ്യമായി സാരിത്തലപ്പിന്‍റെ സ്‌പര്‍ശം വീഴുമ്പോള്‍ ഇന്ത്യയിലെ സ്ത്രീകളുടെ സ്വപ്നങ്ങള്‍ക്ക് വീണ്ടും ചിറകു മുളയ്ക്കുകയാണ്. ഒരു വ്യാഴവട്ടക്കാലം ഗതികിട്ടാ പ്രേതം പോലെ അലഞ്ഞ വനിതാസംവരണബില്‍ ഇത്തവണയെങ്കിലും യാഥാര്‍ത്ഥ്യമാകുമെന്ന ശുഭപ്രതീക്ഷയിലാണ് ജനാധിപത്യ സ്നേഹികള്‍. അതിന് ധൈര്യം പകരാനെന്നവണ്ണം, ഇപ്പോള്‍ സ്‌പീക്കര്‍ കസേരയില്‍ മീരാ കുമാറും, രാഷ്‌ട്രപതി പ്രതിഭാ പാട്ടീല്‍ ഇന്ന് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച നയപ്രഖ്യാപന പ്രസംഗവും.
പതിനഞ്ചാം പാര്‍ലമെന്‍റിന്‍റെ സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്‌ട്രപതി പ്രതിഭാ പാട്ടീല്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ വനിതാസംവരണ ബില്‍ പ്രാബല്യത്തില്‍ കൊണ്ടു വരാനുള്ള നടപടികള്‍ സ്വീകരിക്കും എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. യു പി എ സര്‍ക്കാരിന്‍റെ നൂറുദിന കര്‍മ്മപദ്ധതിയില്‍ വനിതാസംവരണബില്ലിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത് പ്രതീക്ഷാജനകമാണ്.
കൂടാതെ, പഞ്ചായത്തുകളിലും, നഗരസഭകളിലും 50 ശതമാനം വനിതാ സംവരണത്തിന് ഭരണഘടനാഭേദഗതി കൊണ്ടുവരുമെന്നും രാഷ്‌ട്രപതി നയപ്രഖ്യാപന പ്രസംഗത്തില്‍ അറിയിച്ചു. ഇതു പ്രാവര്‍ത്തികമാകുകയാണെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ അധികാരക്കസേരകളില്‍ സ്ത്രീ - പുരുഷ സമത്വമെന്ന സ്വപ്നം സഫലമാകും.
കൂടാതെ, സ്ത്രീ സാക്ഷരതയ്ക്ക് ദേശീയ മിഷന്‍ രൂപീകരിക്കാനുള്ള യു പി എ സര്‍ക്കാരിന്‍റെ തീരുമാനവും, സ്ത്രീകള്‍ക്ക് തൊഴില്‍ സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനവും ആശാജനകമാണ്. സ്പീക്കര്‍ കസേരയില്‍ മീരാ കുമാറും, രാഷ്ട്രപതി കസേരയില്‍ പ്രതിഭാ പാട്ടീലും ഇരിക്കുന്ന സമയത്ത് തന്നെ വനിതാസംവരണബില്‍ പാസാകുകയാണെങ്കില്‍ ഇന്ത്യ കണ്ടിട്ടുള്ള ചരിത്രമുഹൂര്‍ത്തങ്ങളിലേക്ക് ഒരു ‘സ്‌നാപ്’ കൂടിയാകും. |