അമ്മയുടെ പുന്നാര വാവയല്ലേ എന്നു വിളിച്ച് കുഞ്ഞിന് സദാസമയവും ‘അമ്മിഞ്ഞപ്പാല്‍ മാധുര്യം’ നല്‍കുന്ന അമ്മമാര്‍ ജാഗ്രതൈ! അമിതമായാല്‍ അമ്മിഞ്ഞപ്പാലും ദോഷമാണെന്നാണ് പുതിയ വാര്‍ത്ത. ‘മദേഴ്സ് ഡേ’ കഴിഞ്ഞതിനു പിന്നാലെ ഈ വാര്‍ത്ത എത്തിയത് വാഷിംഗ്ടണില്‍ നിന്നാണ്. അമേരിക്കയിലെ റട്‌ഗേഴ്സ് സര്‍വ്വകലാശാലയിലെ പോഷകാഹാര ശാസ്‌ത്ര വിദഗ്‌ദ്ധര്‍ ആണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്.
കുഞ്ഞുങ്ങള്‍ക്ക് വ്യക്തമായ സമയക്രമമില്ലാതെ തോന്നുന്ന സമയത്തൊക്കെ അമ്മിഞ്ഞപ്പാല്‍ നല്‍കരുത്. ഇങ്ങനെ പാല്‍ നല്‍കിയാല്‍ കുഞ്ഞുങ്ങളുടെ ഭാരം ക്രമാതീതമായി കൂടുകയും, പല തരത്തിലുള്ള ശാരീരിക പ്രശ്നങ്ങള്‍ക്ക് ഇടവരുത്തുകയും ചെയ്യും. പ്രത്യേകിച്ച് ആറുമാസം പ്രായം മുതല്‍ 12 മാസം പ്രായം വരെയുള്ള കുട്ടികളിലാണ് ഇത്തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടു വരുന്നതെന്നും പഠനത്തില്‍ പറയുന്നു.
പഠനത്തിനായി ആകെ 96 അമ്മമാരെയാണ് സംഘം വിധേയമാക്കിയത്. ഇതില്‍ താഴ്‌ന്ന വരുമാന നിരക്കുള്ള കുടുംബങ്ങളില്‍ നിന്നുള്ളവര്‍, കറുത്തവര്‍ഗ്ഗക്കാരായവര്‍, സ്‌പാനിഷ് വംശജര്‍ എന്നിവര്‍ ഉണ്ടായിരുന്നു. ഏറ്റവുമാദ്യം അമ്മമാരെ അവരുടെ വീടുകളില്‍ പോയി കണ്ട് അഭിമുഖം നടത്തി. തുടര്‍ന്ന് കുഞ്ഞിന് മൂന്നു മാസം പ്രായമാകുമ്പോഴും, ആറു മാസം പ്രായമാകുമ്പോഴും, അതിനു ശേഷം പന്ത്രണ്ട് മാസം പ്രായമാകുമ്പോഴും വീട്ടില്‍ ചെന്ന് കുഞ്ഞിനെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു.
കുടുംബങ്ങളില്‍ സന്ദര്‍ശനത്തിനായി പോകുന്ന സമയത്ത് അമ്മമാര്‍ കുട്ടികള്‍ക്ക് പാല്‍ നല്‍കുന്ന രീതി, കുഞ്ഞിന്‍റെ ഭാരം എന്നിവ രേഖപ്പെടുത്തുകയും അമ്മമാരുടെ അഭിമുഖങ്ങള്‍ എടുക്കുകയും ചെയ്തു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വിവരങ്ങള്‍ തയ്യാറാക്കിയത്. കൂടാതെ, ജനിക്കുമ്പോഴുള്ള കുട്ടിയുടെ ഭാരം, ലിംഗം, വംശം, അമ്മയുടെ പ്രായം, വിദ്യാഭ്യാസം, രാജ്യം, ഗര്‍ഭധാരണത്തിനു മുമ്പുള്ള അമ്മയുടെ ശരീരഭാരം, ഗര്‍ഭധാരണ സമയത്തുള്ള അമ്മയുടെ ശരീരഭാരം എന്നിവയും പഠനത്തിന് വിധേയമാക്കി.
“ചില അമ്മമാര്‍ അറിവില്ലായ്‌മ മൂലം തങ്ങളുടെ കുഞ്ഞുങ്ങളെ വളരെയധികവും, ആവശ്യത്തിലധികവും മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ കുഞ്ഞിനു ദോഷം വരുത്തുന്ന തരത്തില്‍ മുലയൂട്ടാറുണ്ട്. കുഞ്ഞിന് പാല്‍ ആവശ്യമുണ്ടോ എന്നു തിരിച്ചറിയാന്‍ പലപോഴും പല അമ്മമാര്‍ക്കും കഴിയാറില്ല. ഇക്കാര്യത്തില്‍ നിര്‍ദ്ദേശം നല്‍കാന്‍ കഴിയുന്ന ആരെയെങ്കിലും ഇത്തരത്തിലുള്ള അമ്മമാര്‍ക്ക് അത്യാവശ്യമാണ്” - പഠനസംഘം പറയുന്നു.
ഇനി പൊന്നോമനയ്ക്ക് കാലവും, നേരവും നോക്കാതെ അമ്മിഞ്ഞപ്പാല്‍ നല്‍കുമ്പോള്‍ ഓര്‍ക്കുക. അധിക സ്‌നേഹം ആപത്തിലേക്കാണ് വഴി വയ്ക്കുന്നതെന്ന്. |