എല്ലാ അമ്മമാരോടും ഹൃദയം തുറന്ന് ‘ഐ ലവ് യു’ പറയാന്‍ ഒരു ദിനം. അതാണ് ലോക മാതൃദിനം. അമ്മയുടെ ഉദരത്തില്‍ ഉരുവായ അന്നുമുതല്‍ സ്‌നേഹവും, തലോടലും മാത്രം തന്ന അമ്മയെ ഓര്‍ക്കാനും ഒന്നു മനസു തുറന്ന് ഉമ്മ വയ്ക്കാനുമുള്ള സുന്ദരദിനം.അനാദികാലം മുതല്‍ ഇന്ത്യയില്‍ മാതാവിന് പിതാവിനെക്കാളും ഗുരുവിനെക്കാളും ഉയര്‍ന്ന സ്ഥാനം നല്‍കി വരുന്നു. മാതാവുമായുള്ള വൈകാരിക ബന്ധത്തിന് പ്രഥമ സ്ഥാനം നല്‍കുന്ന ഇന്ത്യന്‍ ജനത മാതൃപൂജ ജീവിതചര്യയാക്കുമ്പോള്‍ വിദേശ ജനതയുടെ സമീപനത്തില്‍ ചെറിയ വ്യത്യാസങ്ങള്‍ കാണാന്‍ കഴിയും. രാജ്യത്തെ പോലും ഭാരതീയര്‍ അമ്മയായാണ് കാണുന്നത്. അമ്മ എന്ന ശക്തിയെ പണ്ടു മുതലേ ഏറെ ആദരിക്കുന്ന സമൂഹമാണ് യൂറോപ്പിലേത്. ഇതിന്‍റെ പിന്തുടര്‍ച്ചയായിട്ടാണ് മാതൃദിനം ആചരിയ്ക്കാന്‍ തുടങ്ങിയത്. അമേരിക്കയിലാണ് മാതൃദിനം ഒരു ആചാരമായി രൂപപ്പെട്ടത്. അമേരിക്കന്‍ ആഭ്യന്തര യുദ്ധത്തില്‍ സ്ത്രീകളനുഭവിച്ച വേദനകളായിരുന്നു ഇതിനു പിന്നില്‍. മിക്ക രാജ്യങ്ങളിലും മാതൃദിനം ഒഴിവുദിവസവുമാണ്. പുരാതന ഗ്രീസില്‍ നിലനിന്നിരുന്ന മാതൃപൂജയുടെ ഭാഗമായാണ് മാതൃദിനം രൂപം കൊണ്ടതെന്നും വാദമുണ്ട്.മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് മാതൃദിനമായി പൊതുവേ ആചരിക്കുന്നത്. ചില രാജ്യങ്ങളില്‍ ഇത് രണ്ടാം ഞായറാഴ്ചയ്ക്കു പകരം മറ്റ് ദിവസങ്ങളില്‍ ആചരിക്കാറുണ്ട്. ന്യൂസിലാന്‍ഡില്‍ മെയ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് മാതൃദിനം.സ്‌പെയിനിലും പോര്‍ച്ചുഗലിലും ഡിസംബര്‍ എട്ടിനാണ് മാതൃദിനം ആഘോഷിക്കുന്നത്. സ്വന്തം മാതാവിനൊപ്പം ലോകമാതാവ് മേരിയെയും ആദരിക്കുന്ന ചടങ്ങുകള്‍ നടത്തും. ഫ്രാന്‍സില്‍ മെയ് മാസത്തിലെ അവസാന ഞായറാഴ്ചയാണ് മാതൃദിനം. ഈ ദിവസം സ്വന്തക്കാരും സുഹൃത്തുക്കളുമടങ്ങുന്ന ആഘോഷ പരിപാടികളിലൂടെ മാതാവിന് നന്ദി പ്രകാശിപ്പിക്കുന്നു. ജപ്പാനില്‍ മാതൃദിനത്തില്‍ കുട്ടികളുടെ ചിത്രരചനാ മത്സരം നടത്തുന്നു. മാതാക്കളുടെ ചിത്രം വരയ്ക്കുന്ന കുട്ടികള്‍ അത് അമ്മമാര്‍ക്ക് സമ്മാനിക്കുകയും ചെയ്യും. മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ചിത്രങ്ങള്‍ അടുത്ത നാലു വര്‍ഷങ്ങളിലെ മാതൃദിനങ്ങളില്‍ പ്രദര്‍ശിപ്പിക്കും. ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യപാദത്തിലാണ് ആധുനിക ലോകം മാതൃദിനത്തിന് പ്രാധാന്യം നല്‍കി ആചരിയ്ക്കാന്‍ തുടങ്ങിയത്. 1600 കളിലും മാതൃദിനത്തെക്കുറിച്ച് പരാമര്‍ശമുണ്ടായിട്ടുണ്ട്. ഇംഗ്ലണ്ടിലെ മദറിംഗ് സണ്‍ഡെ ഇതിന് ഉദാഹരണമാണ്. വീട്ടു ജോലിക്കാര്‍ക്ക് സ്വഗൃഹങ്ങളില്‍ പോയി മാതാവിനെ കാണാനുള്ള അവസരമായിരുന്നു മദറിംഗ് സണ്‍ഡെയിലൂടെ പ്രാവര്‍ത്തികമാക്കിയിരുന്നത്. മറ്റുരാജ്യങ്ങളില്‍ ‘മദേഴ്സ് ഡേ’ ആണെങ്കിലും യു കെയില്‍ ഇന്നും ‘മദറിംഗ് സണ്‍ഡേ’ തന്നെയാണ് നിലനില്‍ക്കുന്നത്.ഏഷ്യാ മൈനറിലും, റോമിലും മാതൃദിനം വസന്തക്കാലത്ത് ആണ് ആചരിക്കുന്നത്. മാര്‍ച്ച് 15 മുതല്‍ 18 വരെയുള്ള ഏതെങ്കിലും ഒരു ദിവസമാണ് ഇവര്‍ മാതൃദിനമായി ആഘോഷിക്കുന്നത്. എന്നാല്‍, പഴയ റോമാക്കാര്‍ ‘മദേഴ്സ് ഡേ’ എന്ന പേരിനു പകരം ‘മാട്രോണാലിയ’ എന്ന പേരിലാണ് ആഘോഷം. 1914ല്‍ യു എസ് പ്രസിഡന്‍റ് ആയിരുന്ന വുഡ്‌റോ വില്‍സണ്‍ ആണ് മാതൃദിനത്തിന് ഒരു ഏകീകൃത രൂപം നല്‍കിയത്. മാതൃദിനം എന്നത് ഒരു യൂറോപ്യന്‍ സങ്കല്‍പ്പമാണെന്നും ആഗോളവല്‍ക്കരണത്തിന്‍റെ ഭാഗമായി സാമ്രാജ്യത്വ അധിനിവേശം വഴിയാണ് മാതൃദിനം ലാറ്റിനമേരിക്കയിലും, ആഫ്രിക്കയിലും പിന്നെ ഇപ്പോള്‍ ഇന്ത്യയിലും എത്തിയതെന്ന് ആദര്‍ശവാദികളും സ്വരാജ്യസ്‌നേഹികളും ആക്ഷേപിക്കുന്നുണ്ട്.പക്ഷേ, ആക്ഷേപങ്ങളും അഭിപ്രായ വ്യത്യാസങ്ങളും പലരീതിയില്‍ ഉയരുമ്പോഴും അമ്മമാര്‍ക്ക് സമ്മാനം വാങ്ങാനുള്ള തിരക്കിലാണ് കുട്ടികള്‍. ജനിച്ച അന്നു മുതല്‍ ഇന്നു വരെ കരയുമ്പോള്‍ കണ്ണീരൊപ്പിയും, ചിരിക്കുമ്പോള്‍ കൂടെച്ചിരിച്ചും, ഉറങ്ങുമ്പോള്‍ നിറുകയില്‍ തലോടിയും കലവറയില്ലാത്ത സ്‌നേഹം തരുന്ന അമ്മമാരെ ആദരിക്കാന്‍. അമ്മയെന്ന വാക്ക് കൊണ്ട് പൂജ ചെയ്തിടാം... എന്ന് കവിഹൃദയം പാടിയത് വെറുതെയല്ല. |