വെറുതെയല്ല ഈ നന്ദിപ്രകടനം. സൌരോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വിളക്കുകള്‍ പ്രചാരത്തിലായതോടെ ഇന്ത്യന്‍ ഗ്രാമങ്ങളിലെ സ്ത്രീകള്‍ ആഹ്ലാദത്തിലാണ്. കാരണം വേറെയൊന്നുമല്ല, വൈദ്യുതി ചാര്‍ജ്ജ് ഗണ്യമായി കുറയ്ക്കാനുപകരിക്കുന്ന ഈ പദ്ധതിയുടെ ഗുണം ഏറെ ലഭിക്കുന്നത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമാണത്രെ!
തായ്‌വാനിലെ താജന്‍ സര്‍വകലാശാലയിലെ ഗോവിന്ദ സാമി അഗോരമൂര്‍ത്തിയും, നാഷണല്‍ സണ്‍ യാത് സെന്‍ സര്‍വകലാശാലയിലെ മിന്ന ഹുസുവുമാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. സൌരോര്‍ജ്ജ വിളക്കുകള്‍ പ്രചാരത്തിലിറക്കിയതിന് ശേഷം ഇന്ത്യന്‍ ഗ്രാമീണ ജീവിതത്തില്‍ വന്ന മാറ്റവും ചെലവുകളിലുണ്ടാകുന്ന കുറവുകളുമാണ് ഇവര്‍ പഠനത്തില്‍ വിഷയമാക്കിയത്.
മണ്ണെണ്ണയുടെ ഉപയോഗം ഗണ്യമായി കുറയ്ക്കാന്‍ സോളാര്‍ വിളക്കുകളുടെ പ്രചാരം സഹായകമായി. സോളാര്‍ വിളക്കുകള്‍ ഉപയോഗിച്ചുതുടങ്ങിയതിന് ശേഷം വീട്ടമ്മമാര്‍ക്ക് നേരത്തെ ജോലി തീര്‍ക്കാനും കഴിയുന്നുണ്ടത്രേ!
ഇതു കൂടാതെ, ജീവിതചെലവില്‍ ഗണ്യമായ കുറവ് വരുത്താനും സോളാര്‍ വിളക്കുകള്‍ സഹായിച്ചു. സൌരോര്‍ജ്ജ വിളക്കുകള്‍ കിട്ടുന്നതിന് മുമ്പ് ദാരിദ്ര്യ രേഖയ്ക്ക് മുകളിലുള്ളവരും താഴെയുള്ളവരും ഏതാണ്ട് ഒരേ അളവ് വൈദ്യുതിയാണ് ഗ്രാമപ്രദേശങ്ങളില്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ബി പി എല്ലുകാര്‍ക്ക് വൈദ്യുതി നിരക്ക് ഗണ്യമായി കുറയ്ക്കാനാവുന്നുണ്ട്.
ഇന്ത്യയിലെ 70 ശതമാനം ഗ്രാമങ്ങളും വൈദ്യുതിവത്കരിച്ചെങ്കിലും പലയിടങ്ങളിലും രാവിലെയും വൈകിട്ടും വൈദ്യുതി ലഭ്യമായിരുന്നില്ല. എന്നാല്‍, സോളാര്‍ വിളക്കുകള്‍ വന്നതോടു കൂടി തങ്ങളുടെ പഠനസമയങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കുട്ടികള്‍ക്കും, ജോലി നേരത്തെ തീര്‍ക്കാന്‍ സ്ത്രീകള്‍ക്കും സഹായകമായി.
ദിവസത്തില്‍ ആറ് മണിക്കൂര്‍ പ്രകാശം നല്‍കാന്‍ സൌരോര്‍ജ്ജ വിളക്കുകള്‍ക്കാവും. പുതിയ പദ്ധതി പ്രാബല്യത്തില്‍ വന്നതോടെ സ്കൂളുകളില്‍ കുട്ടികളുടെ പ്രകടനത്തില്‍ മികവുണ്ടായതായും പഠന സംഘം കണ്ടെത്തിയിട്ടുണ്ട്. |