വനിതകള്‍ക്ക് പരിഗണന നല്‍കുന്നവരാണ് തങ്ങളെന്ന് ഓരോ തെരഞ്ഞെടുപ്പിലും എല്ലാ രാഷ്‌ട്രീയപാര്‍ട്ടികളും ആവര്‍ത്തിക്കുന്ന കാര്യമാണ്. ഒരു, സീറ്റ് നല്‍കുന്നതിനെ പത്തു സീറ്റു നല്‍കിയതിന് തുല്യമായി പലപ്പോഴും ഉയര്‍ത്തിക്കാട്ടാറുമുണ്ട്.
പ്രസ്താവനകളില്‍ എന്തെങ്കിലും വാസ്തവമുണ്ടോ എന്നറിയാന്‍ ഈ തെരഞ്ഞെടുപ്പു കാലത്തെ സ്ഥാനാര്‍ത്ഥിപട്ടിക ഒന്നു നോക്കിയാല്‍ മതി. ഏപ്രില്‍ 23ന് രണ്ടാംഘട്ടം തെരഞ്ഞെടുപ്പു നടക്കുന്ന 13 സംസ്ഥാനങ്ങളിലെ 141 സിറ്റുകളിലേക്ക് പത്രിക സമര്‍പ്പിച്ചവര്‍ 2,041. ഇതിലെ സ്ത്രീ പ്രാതിനിധ്യം എത്രയാണെന്ന് അറിയണ്ടേ? 1,920 പുരുഷ കേസരികള്‍ പാര്‍ലമെന്‍റിലെത്താന്‍ സ്വപ്നം കാണുമ്പോള്‍ വെറും 121 സ്ത്രീകളാണ് തെരഞ്ഞെടുപ്പ് എന്ന സ്വപ്നത്തേരില്‍ കയറിയിരിക്കുന്നത്.
സ്ത്രീകള്‍ക്ക് സീറ്റ് നല്‍കുന്ന കാര്യത്തിലെ പിശുക്കില്‍ എല്ലാ പാര്‍ട്ടികളും ഒറ്റക്കൈയ്യാണ്. 141 സീറ്റില്‍ 113 സീറ്റുകളില്‍ മത്സരിക്കുന്ന ബി ജെ പി ഇത്തവണ ടിക്കറ്റ് നല്‍കിയത് 12 സ്ത്രീകള്‍ക്ക്. കോണ്‍ഗ്രസും, ഇക്കാര്യത്തില്‍ പിന്നിലല്ല. 117 സീറ്റുകളില്‍ മത്സരിക്കുന്ന ഇവര്‍ എട്ടു സീറ്റുകളില്‍ മത്രമാണ് വനിതകള്‍ക്ക് പ്രാമുഖ്യം നല്‍കിയത്. |