പ്രധാന താള്‍ > മറ്റുള്ളവ > സ്ത്രീ > ലേഖനങ്ങള്‍ > ഐടിലോകത്തിലെ സ്ത്രീ
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഐടിലോകത്തിലെ സ്ത്രീ
സൌമ്യ
WD
കേരളത്തിലെ മധ്യ വര്‍ഗത്തിന്‍റെ ശക്തിപ്പെടലും ജീവിത ശൈലിയിലും ചിലവഴിക്കലും വന്ന മാറ്റങ്ങളും കഴിഞ്ഞ ഒന്നര ദശകങ്ങള്‍ക്കിടയില്‍ മലയാളിയുടെ പൊതുസമൂഹത്തില്‍ കാതലായ മാറ്റങ്ങള്‍ക്ക് കാരണമായി തീര്‍ന്നിട്ടുണ്ട്. 80 കളുടെ അവസാനവും 90 കളുടെ പകുതിയും വരെ അകത്തളങ്ങളില്‍ കുട്ടിയെ പരിപാലിച്ചും ഭര്‍ത്താവിനെയും കുടുംബത്തിനേയും പോറ്റിയും കഴിഞ്ഞിരുന്ന സ്ത്രീകള്‍ക്ക് പൊതു സമൂ‍ഹത്തില്‍ ഇടപഴകേണ്ടത് ഒരു ആവശ്യമായി തീര്‍ന്നു.

അണുകുടുംബ വ്യവസ്ഥ ഈ ഇടപഴകലിന്‍റെ ആക്കം വര്‍ദ്ധിപ്പിച്ചു. 90 കളുടെ അന്ത്യത്തോടെ “ഇന്‍ഫോര്‍മേഷന്‍ ഹൈവേ” കേരളത്തില്‍ വ്യാപകമാകാന്‍ തുടങ്ങിയതൊടെ ഉയര്‍ന്ന ശബളം നല്‍കാന്‍ കെല്പുള്ള വന്‍‌കിട കമ്പനികളും രംഗത്ത് എത്തി. കോടികള്‍ മൂലധനമായി ഒഴുകി എത്തുന്ന ഈ മേഖലയിലേക്ക് കേരള സമൂഹം വളരെ വേഗം ആകൃഷ്ടരായി. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വലിയൊരുവിഭാഗം ആള്‍ക്കാര്‍ ഇന്ന് ഈ മേഖലയില്‍ പണിയെടുക്കുന്നുണ്ട്.

ഐടി മേഖലയില്‍ കാതലായ പങ്കുവഹിക്കുന്ന സ്ത്രീസമൂഹം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും മാ‍നസികസംഘര്‍ഷങ്ങളെക്കുറിച്ചും ഗൌരവാവഹമായ നിരീക്ഷണങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നുതന്നെ സംശയമാണ്. പഠനകാലത്ത് തന്നെ ഏതെങ്കിലുമൊരു വന്‍‌കിട ഐടി കമ്പനിയില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി നേടുന്നതോടെ ജീവിതത്തിനൊരു താളബോധം കണ്ടെത്തിക്കഴിഞ്ഞു എന്നാണ് ഐടി പ്രൊഫഷണലുകളാ‍യ ഭൂരിപക്ഷം സ്ത്രീകളുടെയും ധാരണ. പക്ഷേ യാഥാര്‍ഥ്യംനേരെ തിരിച്ചാണ്. ജോലിയോടൊപ്പം കുടുംബിനിയുമാകുന്നതോടെ ജീവിതത്തിന്റെ ഗതിയാകെ മാറുന്നു.

പാശ്ചാത്യരാജ്യമുണര്‍ന്നിരിക്കുമ്പോള്‍ ഒപ്പം ഉണര്‍ന്നിരിക്കാന്‍ ബാധ്യസ്ഥരായ ഐടി ലോകത്ത് ശാരീരികമായും മാനസികമായും ഏറ്റവും വിഷമത അനുഭവിക്കുന്നത് സ്ത്രീകളാ‍ണ്. ഒരു വശത്ത് ഉയര്‍ന്ന ശമ്പളം ലഭ്യമാകുമ്പോള്‍ അവര്‍ ത്യജിക്കേണ്ടിവരുന്നത് കുടുംബം എന്ന വ്യവസ്ഥയെയാണ്. ബന്ധങ്ങളുടെ കെട്ടുപാടുകള്‍, സ്നേഹം‍, ഒത്തുകൂടലുകള്‍ എന്നിവ ഇവരില്‍ പലര്‍ക്കും അന്യമായി തീരുന്നു. സമൂഹത്തില്‍ നിന്ന് പാടെ അകന്ന് വ്യക്തി ജോലി എന്നീ രണ്ട് ധ്രുവങ്ങളില്‍ ചുറ്റിത്തിരയാന്‍ ഇവര്‍ ബാധ്യസ്ഥരായി തീരുന്നു. ഇതിന്റെ ഫലമായുണ്ടാകുന്ന ഒറ്റപ്പെടലുകളും വൈയക്തിക സംഘര്‍ഷങ്ങളും പലപ്പോഴും ഐടി പ്രൊഫഷണലുകളായ സ്ത്രീകളെ വിഷാദ രോഗത്തിന് അടിമകളാക്കി മാറ്റുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

ശാരീരികമായ പ്രശ്നങ്ങളാണ് മറ്റൊരു ഘടകം. വിശ്രമമില്ലാത്ത ജോലികളും, ഉറക്കക്കുറവും മാനസിക സംഘര്‍ഷങ്ങളും ശാരീരികമായ പല പ്രശ്നങ്ങളിലേക്കും ഇവരെ നയിക്കുന്നുണ്ട്. ഐടി മേഖലയിലെ സ്ത്രീകളുടെ ഈ പ്രശ്നങ്ങള്‍ ഒരു പിന്തുടര്‍ച്ച പോലെ അവരുടെ കുട്ടികളെപ്പോലും ബാധിക്കുന്നുണ്ട്. ഫ്ലാറ്റുകളിലോ പ്ലേസ്ക്കൂകളിലോ ബാല്യം ചിലവിടേണ്ട അവസ്ഥയാണിന്ന് ഈ കുട്ടികള്‍ക്ക്. ബാല്യകാലത്തുണ്ടാകുന്ന ഈ ഒറ്റപ്പെടലുകള്‍ കുട്ടിയുടെ മാനസികമായ വളര്‍ച്ചയെ ബാധിക്കുണ്ട്.

പലപ്പോഴും ഇത്തരം കുട്ടികള്‍ പ്രശ്നക്കാരായ കുട്ടികളായി മാറാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. സമൂഹത്തിന്‍റെ മുഴുവന്‍ അടരുകളില്‍ നിന്ന് വിട്ടകന്ന് ശീതികരിച്ച മുറികളും ഒഴിഞ്ഞ കിടപ്പുമുറിയിലും മാത്രമായി മലയാളി സ്ത്രീ അലിഞ്ഞ് തീരുകയാണ്. ഇനി ഒരു പക്ഷേ അണുകുടുംബത്തില്‍ നിന്നു പ്രോട്ടോണ്‍ കുടുംബത്തിലേക്ക് മാറിയ മലയാളിയ്ക്ക് സ്നേഹിക്കാനും ഇടപഴകാനും മാതൃത്വം പങ്കുവെയ്ക്കാനും ഒക്കെ വെര്‍ച്വല്‍ റിയാലിറ്റിയുടെ ഒരു പുതിയ സോഫ്ട്‌വെയര്‍ നിര്‍മ്മിക്കേണ്ടിയിരിക്കുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
സ്റ്റൈലായി ഒരുങ്ങാന്‍
തീരാത്ത സാരിക്കാലം
വളകിലുക്കം കേള്‍ക്കണല്ലോ....
ഹെയര്‍സ്റ്റൈല്‍’ ആമി മോശം
തൊഴില്‍ സ്ഥലത്ത് പീഡന ശ്രമമോ?
സിസ്റ്റിക് ഫൈബ്രോസിസും ഈസ്ട്രജനും