കാലത്തെ അതിജീവിച്ച വേഷമാണ് സാരി. ഏതൊക്കെ തരത്തില്‍, എന്തൊക്കെ വേഷങ്ങള്‍ വന്നാലും, സാരി ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്ന് പറയും യുവത്വം. അത്യാവശ്യം ഒരു പാര്‍ട്ടിക്കെങ്കിലും സാരിയുടുത്തു കണ്ണുമിന്നിച്ചു കളയും പെണ്‍കുട്ടികള്‍. കോട്ടണ്‍, സിന്തറ്റിക്-ഫാന്‍സി സാരികള്‍, കാഞ്ചി കോട്ടണ്‍, ഡിസൈനര്‍, ഡെക്കറേറ്റഡ് ഡിസൈനര്‍ സാരികള്‍ എന്നിങ്ങനെ കണ്ണഞ്ചിപ്പിക്കുന്ന ഔ വര്‍ണ്ണ പ്രപഞ്ചം തന്നെയുണ്ട് വിപണിയില്‍. ഡിസൈനര്‍ വര്‍ക്കുകളോട് കൂടിയ കൈത്തറി സാരികള്‍ക്ക് ചെറുപ്പക്കാരും പ്രായമേറിയവരും ഒരു പോലെ ആവശ്യക്കാരാണ്. പരമ്പരാഗത സാരികള്‍ക്കു പുറമേ പെയിന്‍റിംഗ്, ഡിസൈനര്‍ വര്‍ക്കുകള്‍ ചെയ്ത കൈത്തറി സാരികള്‍ക്കും നല്ല ഡിമാന്‍ഡാണ്. ലളിതമെന്നു തോന്നുമ്പോള്‍ തന്നെ പഴമവും ഗാംഭീര്യവും കലര്‍ന്ന കൈത്തറി സാരികള്‍ ഉദ്യോഗസ്ഥകള്‍ക്കു മാത്രമല്ല പാര്‍ട്ടികളിലും ഹിറ്റാണ്.150 മുതല്‍ 3000 രൂപ വരെ വില വരുന്ന കോട്ടണ്‍ സാരികള്‍ക്ക് വിപണിയില്‍ ആവശ്യക്കാര്‍ ഏറെയുണ്ട്. കോട്ടണില്‍ തന്നെ പട്ടു സാരികളുടെ ഡിസൈനുകളുള്ള കാഞ്ചി കോട്ടണും പ്രിയങ്കരമാണ്. പല്ലവിലും മുന്താണിയിലും അതിമനോഹരമായ ത്രെഡ്-സ്റ്റോണ്‍ വര്‍ക്കുകളുള്ള സാരികളും ആകര്‍ഷകമായ നിറങ്ങളില്‍ ലഭ്യമാണ്. ഇവയില്‍ തന്നെ കോണ്‍ട്രാസ്റ്റ് കളര്‍ കോമ്പിനേഷനുകളാണ് ഇപ്പോള്‍ ഏറ്റവും വിറ്റഴിയുന്നത്. ക്രഷ്, ക്രേപ്പ്, പലയിനം സില്‍ക്ക് തുണികളില്‍ ഇവ ലഭ്യമാണ്.കാലമിത്ര കഴിഞ്ഞിട്ടും ഇന്നും പ്രിയം മായാതെ നില്‍ക്കുന്നത് കാഞ്ചീപുരം സാരികളിലാണ്. കാഞ്ചീപുരം തന്നെ കല്യാണപ്പെണ്ണിന് ഇന്നും മുഖ്യം. പരമ്പരാഗത മയില്‍, ചിത്ര പ്രിന്റുകള്‍ക്കു പകരം ഇതിഹാസ മുഹൂര്‍ത്തങ്ങള്‍ തുന്നിയെടുത്ത കാഞ്ചീപുരം ചേലകളാണ് കൂടുതല്‍ വിറ്റഴിയുന്നത്. ഇതിനു പുറമേ ജ്യോമെട്രിക് പ്രിന്റുകളും കടന്ന് നിയതമായ രൂപമില്ലാത്ത അബ്സ്ട്രാറ്റ് ഡിസൈന്നുകളും ഇവയില്‍ തുന്നിച്ചേര്‍ക്കുന്നു. ബംഗാളില്‍ നിന്നെത്തുന്ന ഡാക്കാ സാരി, ഗുജറാത്തിയായ താഞ്ചോയ്, മഹാരാഷ്ട്രയില്‍ നിന്നെത്തുന്ന പൈഥാനി, മദ്ധ്യപ്രദേശില്‍ നിന്നെത്തുന്ന ഛന്ദേരി, ഉത്തര്‍പ്രദേശില്‍ നിന്നെത്തുന്ന ജംദാനി, ആന്ധയില്‍ നിന്നുള്ള നാനേര്‍, ഗഡ്വാര്‍, വനപര്‍തി, വെങ്കിടഗിരി, പോച്ചംപള്ളി തുടങ്ങി പെണ്ണിന്റെ മനസ്സിനെ മഴവില്ലാക്കുന്ന സാരിയിനങ്ങള്‍ എല്ലാം കേരളത്തിലെ പ്രധാന ടെക്സ്റ്റെയില്‍ ഷോപ്പുകളില്‍ ലഭ്യമാണ്. സാര്‍ദോസി വര്‍ക്ക്, ഫ്രഞ്ച് നോട്ട് വര്‍ക്ക്, കുന്തന്‍ കല്ലുകള്‍, നവരത്നക്കല്ലുകള്‍ എന്നിവയൊക്കെ ഭംഗിയായി നെയ്തു ചേര്‍ത്ത ഈ സാരികള്‍ പെണ്ണിനെ പതിന്മടങ്ങു സുന്ദരിയാക്കും. |