ക്ലബ്ബ്, പബ്ബ് സംസ്കാരം വ്യാപകമാകാതിരുന്ന കേരളത്തിന് പ്രധാനമായുണ്ടായ നേട്ടം മദ്യപാനത്തിലേക്ക് സ്ത്രീകള്‍ തിരിയുന്നത് കുറഞ്ഞു എന്നതാണ്. വന്‍ നഗരങ്ങളെ അപേക്ഷിച്ച് ഇക്കാര്യത്തില്‍ ബഹുദൂരം പിന്നിലാണ് കേരളം.എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ കേരളത്തിലെ മാറിയ ജീവിത ശൈലികള്‍ സ്ത്രീകള്‍ക്കിടയിലെ മദ്യപാനത്തില്‍ കാര്യമായ വര്‍ദ്ധനവു വരുത്തിയിട്ടുണ്ടെന്ന് ഈ മേഖലയില്‍ നടത്തിയിട്ടുള്ള പഠനങ്ങള്‍ വ്യക്തമാക്കുന്നു. വേശ്യാവൃത്തികളില്‍ ഏര്‍പ്പെടുന്നവരും തൊഴിലാളികളും ഹൈസൊസൈറ്റി വിഭാഗത്തിനും മാത്രം പ്രാപ്യമായിരുന്ന മദ്യ സംസ്കാരം ഇപ്പോള്‍ മിഡില്‍ ക്ലാസ്സിനും പ്രാപ്യമായിരിക്കുന്നു.നഗരങ്ങളില്‍ ഒഴിവാക്കാന്‍ കഴിയാത്ത പാര്‍ട്ടികളും, ആഘോഷങ്ങളും സോഷ്യല്‍ ഡ്രിങ്കിങ്ങിനുള്ള സാഹചര്യം നല്‍കുന്നു. ശീലിച്ചു തുടങ്ങുന്നവര്‍ക്ക് പിന്നീടത് ഹരമാകുന്നു. കേരളത്തിലെ പട്ടണങ്ങള്‍ ഐടി നഗരങ്ങളായി വികസിച്ചപ്പോള്‍ കരിയറിന്‍റെ ഭാഗമായി അല്‍പ്പം ‘വെള്ളമടി’ ശീലിച്ചവരാണ് മറ്റു പലരും. വെള്ളിയാഴ്ച ജോലിയുടെ സമ്മര്‍ദ്ദം കഴിഞ്ഞുവന്നാല്‍ വീക്ക് എന്‍ഡ് ആഘോഷിക്കുന്നതിന് ഒരു ബിയറില്‍ തുടങ്ങി പിന്നീട് ‘പാര്‍ട്ടി’കളുടെ സ്പോണ്‍സര്‍മാരായി മാറുന്നവരാണ് പലരും. ആദ്യം അല്‍പ്പം കുറ്റബോധത്തോടെ കമ്പനി സേക്കിന് തുടങ്ങുന്നവരും പിന്നീട് രസത്തില്‍ പെട്ടുപോകുന്നു. പുതുവര്‍ഷവും ക്രിസ്തുമസ്സും ഉള്‍പ്പടെയുള്ള ആഘോഷാവസരങ്ങളില്‍ കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്നു അല്‍പ്പം മദ്യപിക്കുന്നതും പതിവാണ്. മാറുന്ന കാലത്തിന്‍റെ ചിത്രങ്ങളെന്നു മുദ്രകുത്തി തള്ളിക്കളയാം. വേണമെങ്കില്‍ തലപുകഞ്ഞ് ആലോചിക്കാം. എന്തായാലും സംഗതി സത്യം തന്നെ. കേരളത്തില്‍ ‘കുടിച്ചികള്‍’ പെരുകുന്നു. |