സംഗീത ഉപകരണങ്ങള്‍ വാടകയ്ക്ക് നല്‍കിയും സംഗീത വിരുന്നുകള്‍ നടത്തിയും ജീവിക്കാന്‍ പണം കണ്ടെത്തി. സംഗീത ട്രൂപ്പിനൊപ്പം അല്ലറചില്ലറ പരിപാടികളുമായി ഒരുപാട് അലഞ്ഞ റഹ്‌മാനെ അവസാനം എത്തേണ്ടിടത്ത് എത്തിക്കുന്നത് ആര്‍ കെ ശേഖറിന്‍റെ സുഹൃത്തായിരുന്ന സംഗീത സംവിധായകന്‍ എം കെ അര്‍ജുനന്‍ മാസ്റ്ററാണ്.
മലയാളത്തില്‍ ഔസേപ്പച്ചന്‍, ജോണ്‍സന്‍ എന്നിവര്‍ക്കൊപ്പമൊക്കെ തന്‍റെ പ്രിയപ്പെട്ട സംഗീത ഉപകരണമായ കീബോര്‍ഡ് വായിച്ചിട്ടുണ്ട്. നിരവധി പരസ്യ ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കി. റഹ്‌മാന്‍റെ ജിംഗിള്‍സുകള്‍ ചര്‍ച്ചാവിഷയമായി തുടങ്ങി. അങ്ങനെ ഒരു ജിംഗിള്‍സ് കേള്‍ക്കാനിടയായ പ്രശസ്ത സംവിധായകന്‍ മണിരത്നം തന്‍റെ ‘റോജാ’ എന്ന ചിത്രത്തില്‍ റഹ്‌മാനെ സംഗീത സംവിധായകനാക്കി. അത് ഇന്ത്യന്‍ സംഗീതരംഗത്തിന്‍റെ തന്നെ വഴിത്തിരിവായിരുന്നു.
റോജായിലെ ഗാനങ്ങളെല്ലാം കോളിവുഡില്‍ ഹിറ്റായി. ഈ ചിത്രത്തിലെ സംഗീതസംവിധാനത്തിന് റഹ്‌മാന് ദേശീയ അവാര്‍ഡും ലഭിച്ചു. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. രംഗീല, ബോംബെ, ലജന്‍റ് ഓഫ് ഭഗത്‌സിങ്, ഗുരു, ജോധാ അക്ബര്‍, ഗജിനി തുടങ്ങി വിവിധ ഭാഷകളിലായി അനവധി ഗാനങ്ങള്‍. സംഗീതലോകം അതെല്ലാം ഏറ്റുവാങ്ങി. 1997ല്‍ റഹ്‌മാന്‍ പുറത്തിറങ്ങിയ 'വന്ദേമാതരം' ഏറെ ശ്രദ്ധിക്കപ്പെട്ട ആല്‍ബമായിരുന്നു. മലയാളത്തില്‍ ‘യോദ്ധാ’ എന്ന ചിത്രത്തിന് റഹ്‌മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.
സംഗീതസംവിധാനത്തിനൊപ്പം ചില ചിത്രങ്ങളില്‍ പാടുകയും ചെയ്തു. ദില്‍സെ, ലഗാന്‍, ബോസ്, രംഗീല, ബോംബെ, സത്യ, യുവ, സ്വദേശ് തുടങ്ങിയ ചിത്രങ്ങളില്‍ റഹ്‌മാന്‍ പാടിയ ഗാനങ്ങളും തരംഗമായി. ആദ്യം തമിഴിള്‍ മാത്രം ഒതുങ്ങിക്കൂടിയ റഹ്‌മാന്‍ പെട്ടെന്നു തന്നെ ബോളിവുഡിന്‍റെയും ഹരമായി.
2003ലാണ് റഹ്‌മാന്‍ ആദ്യമായി ഒരു ഇംഗ്ലീഷ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. വാരിയേഴ്സ് ഓഫ് ഹെവന്‍ ആന്‍ഡ് എര്‍ത്ത് എന്ന ആദ്യ ചിത്രത്തിന് ശേഷം എലിസബത്ത്: ദി ഗോള്‍ഡണ്‍ ഏജ്. ഒടുവില്‍, ചരിത്രമായി മാറിയ സ്ലംഡോഗ് മില്യണയര്‍. |