തെരുവിന്‍റെ സന്തതിയായ ജമാല്‍ മാലിക് എന്ന പയ്യന്‍ ഇത്ര കൃത്യമായി എങ്ങനെ ഉത്തരങ്ങള്‍ പറയുന്നു? അതായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്‍റെ സംശയം. ആ സംശയം തീര്‍ക്കാനാണ് അയാള്‍ മണിക്കൂറുകള്‍ നീളുന്ന ചോദ്യം ചെയ്യലിന് ജമാലിനെ വിധേയനാക്കിയത്. പ്രേം കുമാര്‍ അവതരിപ്പിക്കുന്ന ടി വി ഷോയായ ‘ഹൂ വാണ്ട്സ് ടു ബീ എ മില്യണയര്‍’ എന്ന പരിപാടിയില്‍ ഓരോ ചോദ്യത്തിനും ഉത്തരം നല്‍കി കാണികളെയും ലോകത്തെയും വിസ്മയിപ്പിച്ചപ്പോള്‍ സ്വാഭാവികമായും ഉടലെടുത്ത സംശയമായിരുന്നു അത്. എന്നാല്‍ അത്ര സ്വാഭാവികവുമല്ല. തെരുവില്‍ നിന്നു വന്ന ഒരു പയ്യന്‍ എന്തോ കള്ള വിദ്യകള്‍ പ്രയോഗിച്ച് തന്‍റെ കോടികള്‍ കീശയിലാക്കേണ്ട എന്ന പ്രേം കുമാറിന്‍റെ ചിന്തയായിരുന്നു അതിന് പിന്നില്‍. അയാള്‍ തന്നെയാണ് ജമാല്‍ മാലിക്കിനെ പൊലീസില്‍ ഏല്‍പ്പിച്ചത്.
ഓരോ ചോദ്യത്തിനും താന്‍ എങ്ങനെയാണ് ഉത്തരം പറഞ്ഞതെന്ന് ജമാല്‍ മാലിക് പൊലീസ് ഉദ്യോഗസ്ഥനോട് വിശദമാക്കുന്നു. പ്രേം കുമാര്‍ ചോദിച്ച ചോദ്യങ്ങള്‍ തന്‍റെ ജീവിതത്തിലെ കറുത്ത അനുഭവങ്ങളുടെ ഓര്‍മ്മകളുണര്‍ത്തുന്നവയാണെന്നും ഉത്തരങ്ങള്‍ തന്നിലേക്കെത്തിച്ചത് ആ അനുഭവങ്ങളുടെ നൊമ്പരവും ചൂടുമാണെന്നും ജമാല്‍ പറയുന്നു. സത്യം മനസിലായ പൊലീസ് ഉദ്യോഗസ്ഥന്‍ അവസാന ചോദ്യത്തിന് ഉത്തരം നല്‍കുവാനായി ജമാലിനെ ഷോ നടക്കുന്ന സ്റ്റുഡിയോയിലേക്ക് എത്തിക്കുകയാണ്.
സ്ലം ഡോഗ് മില്യണയര്‍ എന്ന ഇംഗ്ലീഷ് ചിത്രത്തെ ഇന്ത്യക്കാര്‍ തിരിച്ചറിഞ്ഞത് വളരെ വേഗമാണ്. തങ്ങളുടെ ദാരിദ്ര്യവും കലാപങ്ങളും ഭിക്ഷാടനമാഫിയയുമൊക്കെ ചിത്രത്തില്‍ വിഷയമാകുന്നത് കണ്ടപ്പോള്‍ ആ തിരിച്ചറിവ് പ്രതിഷേധ സ്വരമായി പുറത്തുവന്നു. എന്നാല്‍ കൃത്യതയാര്‍ന്ന ഒരു തിരക്കഥയുടെ സഹായത്തോടെ മനോഹരമായി ചിത്രീകരിച്ച ഒരു സിനിമ എന്ന നിലയില്‍ സ്ലംഡോഗിനെ അഭിനന്ദിക്കാതിരിക്കാനാവില്ല. |