പുതുവത്സരം | റിപ്പബ്ലിക് ദിനം | വാലന്‍റൈന്‍ ദിനം 09 | ഓസ്കര്‍ ‍09 | ആറ്റുകാല്‍ പൊങ്കാല 09 | ഹോളി09 | തെരഞ്ഞെടുപ്പ് 09
പ്രധാന താള്‍ മറ്റുള്ളവ  സ്പെഷ്യല്‍ 09  തെരഞ്ഞെടുപ്പ് 09 > ജനതാദള്‍ പിളരുന്നു
തെരഞ്ഞെടുപ്പ് 09
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ ഡി എഫിനെ പിന്തുണയ്ക്കില്ലെന്ന് ജനതാദള്‍(എസ്) സംസ്ഥാന സെക്രട്ടറി ജനറല്‍ കെ കൃഷ്‌ണന്‍കുട്ടി പറഞ്ഞു. കേരളത്തിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്ന് ജനതാദള്‍ ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലി ഡല്‍ഹിയില്‍ പ്രസ്താവിച്ചതിനു തൊട്ടുപിന്നാലെയാണ് സംസ്ഥാനനേതൃത്തിന്‍റെ ഈ പ്രസ്താവന. ഇതോടെ ജനതാദള്‍ പിളര്‍പ്പിലേക്ക് നീങ്ങുകയാണെന്ന് ഉറപ്പായി.

തെരഞ്ഞെടുപ്പില്‍ കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനത്തെ അംഗീകരിക്കില്ല. സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തകരുടെയും, നേതൃത്വത്തിന്‍റെയും വികാരം മാനിച്ചാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്നും കൃഷ്‌ണന്‍കുട്ടി പറഞ്ഞു. എന്നാല്‍ എല്‍ ഡി എഫ് വിട്ടു പോകുന്ന പ്രശ്നമില്ലെന്നും യു ഡി എഫില്‍ ചേരില്ലെന്നുമാണ് ഡാനിഷ് അലി ഡല്‍ഹിയില്‍ പറഞ്ഞത്.

അതേസമയം, കേരളത്തില്‍ ഇടതുമുന്നണിയില്‍ പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് ജനതാദള്‍(എസ്) സംസ്ഥാന അധ്യക്ഷന്‍ എം പി വീരേന്ദ്രകുമാറിന് കത്തയയ്ക്കുമെന്ന് ജനതാദള്‍ ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൌഡ അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ മാത്യു ടി തോമസിന്‍റെ നേതൃത്വത്തില്‍ ആറു വിമത ജനതാദള്‍ നേതാക്കള്‍ ദേവഗൌഡയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തിലെ പാര്‍ട്ടി പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും, അണികള്‍ക്കിടെ ശക്തമായ ആശയക്കുഴപ്പം മാറ്റാന്‍ പ്രശ്നത്തില്‍ ഗൗഡ ഇടപെടണമെന്നും സംസ്ഥാന നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് വീരേന്ദ്രകുമാറിന് കത്തയയ്ക്കാമെന്ന് ദേവഗൌഡ സമ്മതിക്കുകയായിരുന്നു.