പി ഡി പിയുടെ കാര്യത്തില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍റെ നിലപാട് കൂട്ടായ ചര്‍ച്ചകളിലൂടെ പാര്‍ട്ടി എടുത്ത നിലപാടു തന്നെയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി ഡി പിയുടെയോ അബ്ദുള്‍ നാസര്‍ മദനിയുടെയോ കാര്യത്തില്‍ മുഖ്യമന്ത്രിക്ക് മാത്രമായി ഒരു നിലപാടില്ല. അത് പാര്‍ട്ടിയുടെ നിലപാടാണ്. മദനിയുമായുള്ള ബന്ധത്തെക്കുറിച്ച് മുഖ്യമന്ത്രി പാര്‍ട്ടി കേന്ദ്രത്തിലേക്ക് കത്തയച്ചു എന്ന വാര്‍ത്ത ശരിയല്ല. അങ്ങനെ ഒരു കത്ത് പാര്‍ട്ടി കേന്ദ്രഘടകത്തിന് ലഭിച്ചിട്ടില്ല. ഒരു പത്രം എഴുതി എന്നുവച്ച് കത്തുകൊടുത്തു എന്നാകുമോ? - പിണറായി ചോദിച്ചു.
ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പി ഡി പിയുടെ വോട്ട് സ്വീകരിക്കുമെന്നല്ലാതെ മറ്റൊരു ബന്ധവും ആ പാര്‍ട്ടിയുമായിട്ടില്ല. മദനിയ്ക്കോ സൂഫിയാ മദനിയ്ക്കോ തീവ്രവാദബന്ധമുണ്ട് എന്നതിന് തെളിവില്ല. തെരഞ്ഞെടുപ്പിന് മുമ്പ് വരെ പി ഡി പിയെക്കുറിച്ചോ മദനിയെക്കുറിച്ചോ യു ഡി എഫിന് എതിരഭിപ്രായമുണ്ടായിരുന്നില്ല. നാലു വോട്ടിനുവേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാട്ടുന്ന മുന്നണിയല്ല ഇടതുമുന്നണി - പിണറായി വിജയന്‍ വ്യക്തമാക്കി.
ക്രൈസ്തവ സഭകളുമായി പ്രശ്നങ്ങളൊന്നുമില്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി പറഞ്ഞു. എന്നും ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിച്ചിട്ടുള്ള പാര്‍ട്ടിയാണ് സി പി എം. സഭയല്ല, സഭയ്ക്കകത്തെ രാഷ്ട്രീയക്കാരാണ് പ്രശ്നമുണ്ടാക്കുന്നത്.
ജനതാദള്‍ എസ് ഈ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനെതിരായി പ്രവര്‍ത്തിക്കുമെന്ന് കരുതുന്നില്ല. ദേവഗൌഡ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ജനതാദളിന്‍റെ സംസ്ഥാന സെക്രട്ടറി ജനറല്‍ കെ കൃഷ്ണന്‍കുട്ടി പറയുന്നതൊന്നും കാര്യമാക്കേണ്ടതില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.