പുതുവത്സരം | റിപ്പബ്ലിക് ദിനം | വാലന്‍റൈന്‍ ദിനം 09 | ഓസ്കര്‍ ‍09 | ആറ്റുകാല്‍ പൊങ്കാല 09 | ഹോളി09 | തെരഞ്ഞെടുപ്പ് 09
പ്രധാന താള്‍ മറ്റുള്ളവ  സ്പെഷ്യല്‍ 09  തെരഞ്ഞെടുപ്പ് 09 > പി സി തോമസ് നിലപാട് മാറ്റുന്നു
തെരഞ്ഞെടുപ്പ് 09
കേരളാകോണ്‍ഗ്രസ്(ജെ) നേതാവ് പി സി തോമസ് തന്‍റെ നിലപാടില്‍ മാറ്റം വരുത്തി. തല്‍ക്കാലം പുതിയ പാര്‍ട്ടി രൂപീകരിക്കേണ്ടതില്ലെന്നാണ് തോമസ് ഇപ്പോല്‍ തീരുമാനിച്ചിരിക്കുന്നത്. കേരളാ കോണ്‍ഗ്രസ്(ജെ)യില്‍ തുടരുമെന്നും എന്നാല്‍ തങ്ങളാണ് ഉദ്യോഗിക വിഭാഗമെന്നും തോമസ് പറയുന്നു.

ജോസഫ് ഗ്രൂപ്പില്‍ നിന്ന് മാറി പുതിയ പാര്‍ട്ടിയുണ്ടാക്കാന്‍ കഴിഞ്ഞ ദിവസം പി സി തോമസ് തീരുമാനിച്ചിരുന്നു. ഇക്കാര്യം വാര്‍ത്താസമ്മേളനം നടത്തി അദ്ദേഹം വെളിപ്പെടുത്തിയതുമാണ്. കേരളാ കോണ്‍ഗ്രസിന്‍റെ ഒരു പുതിയ ഘടകമുണ്ടാക്കി എല്‍ ഡി എഫില്‍ തന്നെ തുടരാനായിരുന്നു ആലോചിച്ചത്. എന്നാല്‍ പുതിയ പാര്‍ട്ടിയുണ്ടാക്കുന്നതിന് എല്‍ ഡി എഫില്‍ നിന്നു തന്നെ എതിര്‍പ്പിന്‍റെ സ്വരം ഉയര്‍ന്നതാണ് കടുത്ത തീരുമാനത്തില്‍ നിന്ന് പി സി തോമസ് പിന്തിരിയാന്‍ കാരണമെന്നാണ് കരുതുന്നത്.

പുറത്താക്കും വരെ ജോസഫ്‌ ഗ്രൂപ്പില്‍ തുടരാനാണ് തന്‍റെ തീരുമാനമെന്നാണ് ഇപ്പോള്‍ തോമസ് പറയുന്നത്. ഐ എഫ് ഡി പിയില്‍ നിന്ന് തന്നോടൊപ്പം വന്ന അണികളെ പരിഗണിക്കണമെന്നും അല്ലെങ്കില്‍ എന്തു പ്രതികരണം അണികളില്‍ നിന്ന് ഉണ്ടാകുമെന്ന് പറയാനാകില്ലെന്നും അദ്ദേഹം ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. ഇടുക്കി മണ്ഡലത്തില്‍ ജോസഫ് ഗ്രൂപ്പിന്‍റെ സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിന് വിളിച്ചാല്‍ പോകുമെന്നും തോമസ് പറയുന്നു.

പാലാഴി ടയേഴ്സ് പ്രശ്നത്തില്‍ കെ എം മാണി മാപ്പു പറയണമെന്നും അല്ലാത്ത പക്ഷം കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ ജോസ് കെ മാണിക്കെതിരെ മത്സരിക്കുമെന്നും തോമസ് പ്രഖ്യാപിച്ചതാണ് ജോസഫ് ഗ്രൂപ്പില്‍ പൊട്ടിത്തെറിയുണ്ടാക്കിയത്. എല്‍ ഡി എഫില്‍ നിന്നുകൊണ്ട് തോമസിന് കോട്ടയത്ത് മത്സരിക്കാന്‍ കഴിയില്ലെന്ന് പി ജെ ജോസഫ് അറിയിച്ചു. ഇതോടെയാണ് ജോസഫ് ഗ്രൂപ്പില്‍ പിളര്‍പ്പുണ്ടാക്കി പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ പി സി തോമസ് തീരുമാനിച്ചത്.

എന്നാല്‍ തെരഞ്ഞെടുപ്പു സമയത്ത് ജോസഫ് ഗ്രൂപ്പ് പിളര്‍ത്തുന്നത് ദോഷം ചെയ്യുമെന്ന് എല്‍ ഡി എഫില്‍ തന്നെ അഭിപ്രായമുയര്‍ന്നതോടെയാണ് പി സി തോമസ് പുതിയ നിലപാട് സ്വീകരിച്ചത്. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതുവരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് യുദ്ധം ചെയ്യാനാണ് തോമസിന്‍റെ തീരുമാനം. ഇതിന് സി പി എമ്മിന്‍റെ പരോക്ഷപിന്തുണയും ലഭിക്കുന്നുണ്ടെന്നാണ് അറിയുന്നത്.