ഗണേശരൂപങ്ങള്‍ വ്യത്യസ്തം
ഗണപതിരൂപങ്ങള്‍ക്ക് ഏകസ്വഭാവമില്ല. വ്യത്യസ്തങ്ങളായ ഗണേശരൂപങ്ങള്‍ നാം കാണുന്നു കൈകളുടെ എണ്ണത്തിലും കൈകളില്‍ പിടിച്ചിരിയ്ക്കുന്ന വസ്തുക്കളുടെ കാര്യത്തിലും ഐകരൂപ്യം കാണുന്നില്ല. നാലുമുതല്‍ അറുപത്തിനാലു കൈകള്‍ വരെയുള്ള ഗണേശ രൂപങ്ങള്‍ കണ്ടിട്ടുണ്ട്.
രണ്ടു കൈകളില്‍ താമരയും മറ്റു രണ്ട് കൈകള്‍ അഭയമുദ്രയിലും വരദമുദ്രയിലും പിടിച്ചിരിക്കുന്ന രീതിയിലും ഗണപതി രൂപങ്ങള്‍ കാണാറുണ്ട്. ഇടത്തോട്ടും വലത്തോട്ടും വളഞ്ഞ തുമ്പികൈകളും കാണാറുണ്ട്. ഗണേസരൂപങ്ങളുടെ ഭേദബാഹുല്യം കാരണം പലരും അവ സമാഹരിച്ച് സൂക്ഷിക്കുന്നുമുണ്ട്.
ആനയുടെ ശിരസാണ് ഗണപതിക്കുള്ളത്. ഇത് ബുദ്ധിശക്തിയേയും നിത്യാനിത്യ വിവേകത്തിനേയും സൂചിപ്പിക്കുന്നു. ഒറ്റക്കൊമ്പ് അദ്വൈത ചിന്താ പദ്ധതിയെ സൂചിപ്പിയ്ക്കുന്നു. വേദവ്യാസന്‍ പറഞ്ഞുകൊടുത്ത് ഗണപതിയാണ് മഹാഭാരതം എഴുതിയതെന്നാണ് ഐതീഹ്യം.
എഴുതിക്കൊണ്ടിരിയ്ക്കുമ്പോള്‍ എഴുത്താണി ഒടിഞ്ഞുപോയതു കൊണ്ട് ഗണപതി തന്നെ സ്വന്തം കൊമ്പൊടിച്ച് എഴുതിയെന്നും അങ്ങനെയണ് ഒറ്റക്കൊമ്പനായതെന്നും ഒരു കഥയുണ്ട്. ഗണപതിയുടെ വളഞ്ഞ തുമ്പിക്കൈ പ്രണവാകാരത്തിനേയും കുറിയ്ക്കുന്നു. സ്ഥൂല ശരീരം സ്ഥൂല പ്രപഞ്ചത്തിനെ ഉള്‍ക്കൊള്ളുന്നവനെന്ന് കാണിയ്ക്കുന്നു.
|