ഗെയിംസില്‍ ഫുട്ബോള്‍ സ്വര്‍ണ്ണം നിലനിര്‍ത്തിയ അര്‍ജന്‍റീനയുടെ പ്രകടനവും അമേരിക്കന്‍ ബാസ്ക്കറ്റ്ബോള്‍ ടീമിന്‍റെ തിരിച്ചുവരവുമായിരുന്നു ഗംഭീരമായത്. സെമിഫൈനലില്‍ ബ്രസീലിനെ കീഴടക്കിയ അര്‍ജന്‍റീനയെ പഴയ ചാമ്പ്യന്‍മാര്‍ നൈജീരിയ അല്പം വിഷമിപ്പിച്ചെന്ന് മാത്രം. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ജയം.
പ്രതാപശാലികളായ അമേരിക്കന്‍ ബാസ്ക്കറ്റ്ബോള്‍ ടീം ഫൈനലില്‍ തകര്‍ത്തത് ലോക ചാമ്പ്യന്മാരായ സ്പെയിനെ ആയിരുന്നു. മാമാങ്കത്തിലെ അവസാന ഇനമായ ഫൈനലില്‍ അമേരിക്കന്‍ ഡ്രീം ടീം സ്വപ്നതുല്യമായ പ്രകടനത്തിലൂടെ 118-107 എന്ന സ്കോറിലാണ് തിരിച്ചു വന്നത്. അമേരിക്കന്‍ വോളിബോള്‍ ടീമിനും അങ്ങനെ തന്നെയുള്ള ഒരു കഥ പറയാനുണ്ട്. ഒളിമ്പിക്സില്‍ തുടര്‍ച്ചയായി മൂന്നാമത്തെ കിരീടമായിരുന്നു അമേരിക്കന്‍ പുരുഷ ടീമിന്‍റെത്.
ടേബിള്‍ ടെന്നീസില്‍ ചൈന മെഡല്‍ തൂത്തുവാരിയതും ഭാരോദ്വഹനത്തില്‍ നടത്തിയ പ്രകടനങ്ങളും തിളങ്ങിത്തന്നെ നില്‍ക്കുന്നു. ബോക്സിംഗില്‍ പ്രതിഭാസങ്ങളായ ക്യൂബയ്ക്ക് ആദ്യമായി വെറും കയ്യോടെ മടങ്ങേണ്ടി വന്നപ്പോള്‍ എല്ലാ വിഭാഗത്തിലും പ്രതിഭകളെ ഉണ്ടാക്കാന്‍ അല്പം പയറ്റുന്ന ചൈന ബോക്സിംഗില്‍ ആദ്യ സ്വര്‍ണ്ണം കണ്ടെത്തി.
ടെന്നീസില്‍ റാഫേല്‍ നദാലിലൂടെ സ്പെയിന്‍ ആദ്യ ടെന്നീസ് മെഡല്‍ കണ്ടെത്തിയപ്പോള്‍ അത്‌ലറ്റിക്സില്‍ ഡബിള്‍ തികച്ച ദിയബാബയും ബെക്കലെയും ഒളിമ്പിക്സിലെ മികച്ച പ്രകടനങ്ങളുടെ ഭാഗമായിരുന്നു. അമേരിക്കയുടെയും ബ്രിട്ടന്‍റെയും താരങ്ങള്‍ റിലേ മത്സരത്തില്‍ ബാറ്റണ്‍ കൈവിട്ട് അപമാനിതരാകുന്നതിന്‍റെ ദൃശ്യവും ബീജിംഗ് കാട്ടിത്തന്നു.
ഇന്ത്യന്‍ ലോംഗ് ജമ്പ് താരം അഞ്ജു ബോബി ജോര്‍ജ്ജും ദുരന്ത ചിത്രമാണ്. മൂന്ന് ഫൌളുകള്‍ ഇന്ത്യന്‍ താരം വരുത്തി. ഒരിക്കലും സ്വര്‍ണ്ണം കണ്ടെത്താതെ വിഷമിച്ച രാജ്യങ്ങളുടെ പട്ടികയില്‍ നിന്നും ഇനി ഇന്ത്യ പുറത്താകും. അഭിനവ് ബിന്ദ്രയിലൂടെ ആദ്യ ഒളിമ്പിക്സ് സ്വര്‍ണ്ണം നേടിയ ഇന്ത്യ ബോക്സിംഗിലും ഗുസ്തിയിലും മെഡല്‍ നേടി സഞ്ചിയില്‍ മൂന്ന് മെഡലുകളുമായിട്ടാണ് ഇന്ത്യ മടങ്ങിയത്.
കാര്യങ്ങള്‍ അനേകം വിവരിക്കാനാകുമെങ്കിലും ചൈനയുടെ ആത്മാര്‍പ്പണത്തിനോളം വരില്ല അതൊന്നും. ഉദ്ഘാടന ചടങ്ങ് മുതല്‍ ഗെയിംസ് ഗംഭീരമാക്കാന്‍ ചൈന നടത്തിയ ശ്രമങ്ങള്‍ ശ്ലാഘനീയമായിരുന്നു. മനുഷ്യാവകാശ ലംഘനം, ബീജിംഗിലെ പൊടി തുടങ്ങി അനേകം അപവാദങ്ങള്‍ ഗെയിംസിനു മുമ്പേ കേട്ട ചൈന വിമര്‍ശകരുടെ വായടപ്പിക്കുക തന്നെ ചെയ്തു. |