ഒളിമ്പിക്സിലൂടെ സിഖ് മതത്തിന്‍റെ മൂല്യങ്ങള്‍ ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തിലാണ് കാനഡ ടീമിലെ സിഖ് വംശജര്‍. ഒളിമ്പിക്‍സിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ നാല് സിഖ് കളിക്കാരും അസിസ്റ്റന്‍റ് പരിശീലകനും ചുവപ്പന്‍ തലേക്കെട്ടുമായി വെള്ളിയാഴ്ച നടക്കുന്ന ഒളിമ്പിക്‍സിന്‍റെ ഉദ്ഘാടന ചടങ്ങുകളില്‍ പ്രത്യക്ഷപ്പെടും.
രവി കാലന്‍, ബിന്ദി കുല്ലാര്‍, ഗബ്ബര്‍ സിംഗ്, രാജീവ് ഡിയോള്‍ എന്നീ താരങ്ങളാണ് ഉദ്ഘാടന ചടങ്ങില്‍ തലപ്പാവ് ധരിച്ച് പ്രത്യക്ഷപ്പെടുകയെന്ന് കാനഡയിലെ കാന്‍ വെസ്റ്റ് വയര്‍ സര്‍വീസ് വ്യക്തമാക്കി. ഇവര്‍ക്കൊപ്പം ഇന്ത്യന്‍ വംശജനായ സഹ പരിശീലകന്‍ നിക്കി സന്ധുവും ഈ ഗെറ്റപ്പിലാകും പ്രത്യക്ഷപ്പെടുക.
എന്നാല്‍ ടീമിലെ മറ്റ് രണ്ട് ഇന്ത്യന്‍ വംശജരായ വെയ്‌ന്‍ ഫെര്‍ണാണ്ടസും കെന്‍ പെരേരയും മുഖ്യ പരിശീലകന്‍ ലൂയിസ് മെന്‍ഡോന്‍ കയും ഈ സാഹസത്തിനില്ല. മൂന്ന് പേരും ഗോവയില്‍ ജനിച്ചവരാണ്. തലപ്പാവ് ധരിക്കുന്നതിലൂടെ സിഖുകാരുടെ വ്യക്തിത്ത പ്രശ്‌നങ്ങളെ വെല്ലുവിളിക്കുകയാണ് ലക്‍ഷ്യമെന്ന് രവികാലന്‍ പറയുന്നു.
തലപ്പാവ് ധരിച്ചു കൊണ്ട് കാനഡക്കാരനായി നില്‍ക്കുമെന്നാണ് കാലന്‍റെ വെളിപ്പെടുത്തല്‍. ഈ നീക്കം ആദ്യം സൂചിപ്പിച്ചപ്പോള്‍ ടീമിലെ തന്നെ ചിലര്‍ ഇത് കാനഡ ടീമാണെന്നും ഇന്ത്യന്‍ ടീമല്ലെന്നും പ്രതികരിച്ചിരുന്നു. എന്നാല്‍ തലപ്പാവ് സിഖ് മതത്തിന്‍റെ പ്രതീകമാണെന്നും ഇന്ത്യന്‍ പ്രതീകമല്ലെന്നുമായിരുന്നു രവി തിരിച്ചടിച്ചത്.
1970 ല്‍ കാനഡയിലേക്ക് ചേക്കേറിയ ഇന്ത്യാക്കാരായ മാതാപിതാക്കളുടെ മകനാണ് രവി. ജോലി തേടിയെത്തിയപ്പോള്‍ പിതാവ് തലപ്പാവ് വലിച്ചെറിഞ്ഞെങ്കിലും തിരിച്ചെടുക്കുന്നതിലൂടെ തന്‍റെ രാജ്യവുമായുള്ള ബന്ധം പുതുക്കുകയാണെന്ന് കാലന്‍ പറയുന്നു. ബേഡ്സ് നെസ്റ്റ് സ്റ്റേഡിയത്തില്‍ കായിക താരങ്ങളുടെ പരേഡിലാകും രവിയുടെ ഈ തീരുമാനം.
അതേസമയം ടീം നായകന്‍ റോബ് ഷോര്‍ട്ട് ഈ തീരുമാനത്തെ പിന്തുണയ്‌ക്കുകയാണ്. താന്‍ കാലനൊപ്പം കളി പടിച്ചത് വിക്ടോറിയ നഗരത്തില്‍ നിന്നാണെന്നും സിഖ് കളിക്കാര്‍ അതാഗ്രഹിക്കുന്നെങ്കില്‍ ചെയ്യട്ടെ എന്നുമാണ് നായകന്‍റെ നിലപാട്.
|