അവസാന ഘട്ടത്തില്‍ എത്തിയിരിക്കുന്ന ഒളിമ്പിക്സ് ദീപശിഖാ പ്രയാണം വ്യാഴാഴ്ച ചൈനയിലെ വന്‍മതില്‍ കയറി. ഒളിമ്പിക്‍സ് തുടങ്ങാന്‍ ഒരു ദിവസം മാത്രം നില്‍ക്കേ ദീപം അവസാന ലാപ്പുകളും പിന്നിട്ട് ഒളിമ്പിക്സ് നടക്കുന്ന പ്രധാന വേദിയായ കിളിക്കൂട് സ്റ്റേഡിയത്തിലേക്ക് ഉദ്ഘാടനത്തിനു തൊട്ട് മുമ്പ് എത്തിച്ചേരും.
തിബറ്റന്‍ പ്രശ്നങ്ങളുടെ ഭാഗമായി ലോകത്തുടനീളം ചൈന നേരിട്ട ചെറിയ പ്രക്ഷോഭം ബീജിംഗിലും ചൈന നേരിട്ടു. പ്രധാന ഒളിമ്പിക് സ്റ്റേഡിയത്തിനു സമീപത്ത് കണ്ട പ്രക്ഷോഭത്തിനു പിന്നാലെ വന്‍മതിലിനു സമീപത്തും ഉണ്ടായിരുന്നു. ആരാധകരുടെയും മഞ്ഞ യൂണിഫോം ധരിച്ച വാളണ്ടിയര്‍മാരുടെയും അകമ്പടിയിലായിരുന്നു ദീപ പ്രയാണം നടന്നത്.
പ്രതിക്ഷേധങ്ങളെ അതിജീവിച്ചതു പോലെ തന്നെ വന്‍മതിലിലെ ശക്തമായ കാറ്റിനെയും അതിജീവിച്ച് അഞ്ച് കുതിരക്കാരുടെ അകമ്പടിയിലായിരുന്നു ദീപം കടന്നു പോയത്. ഇതോടെ അഞ്ച് വന്‍കരകളിലൂടെയും ചൈനയുടെ എല്ലാ ഭാഗങ്ങളിലൂടെയും ഉള്ള യാത്ര ദീപം ഏകദേശം പൂര്‍ത്തിയാക്കി കഴിഞ്ഞു.
ദേശസ്നേഹം മുഴക്കുന്ന ഗാനങ്ങള്‍ ആലപിച്ചു ഡ്രമ്മുകള്‍ മുഴക്കിയും ആയിരുന്നു ദീപയാത്ര ചൈന ആഘോഷിച്ചത്. ഏതാനും ഭാഗങ്ങളിലൂടെ മാത്രം ഇനിയും പോകാനിരിക്കുന്ന ദീപത്തിനു ഗംഭീരമായ വരവേല്‍പ്പാണ് ചൈനയുടെ എല്ലാ ഭാഗങ്ങളിലും ലഭിക്കുന്നത്.
|