ഒളിമ്പിക്സ് ഷൂട്ടിങ്ങില്‍ ഇന്ത്യയ്‌ക്ക് ഒരു മെഡല്‍ കിട്ടണമെന്ന ആഗ്രഹത്തിലാണ് നമ്മള്‍. ഇതൊരു അത്യാഗ്രഹമല്ല. ലോകത്തെ മികച്ച ഷൂട്ടര്‍മാര്‍ ഇന്ത്യന്‍ ടീമിലുണ്ട്. അതുകൊണ്ട് മാത്രം ഒളിമ്പിക് മെഡല്‍ കിട്ടണമെന്നില്ല.
മികച്ച ഫുട്ബോള്‍ രാജ്യമായ ബ്രസീലിനു ഇതുവരെ ഒളിമ്പിക് സ്വര്‍ണ്ണം നേടാനായില്ലല്ലോ? മാത്രമല്ല നമ്മുടെ അനുഭവവും മറിച്ചാണ്. ജസ്പാല്‍ റാണ, അഞ്ജലി ഭഗവത്, സുമ ഷിരൂര്‍ എന്നിവരെല്ലാം ഒളിമ്പിക്സില്‍ പകയ്ക്കുന്നതാണ് നാം കണ്ടത്.
പക്ഷേ ഏതന്‍സില്‍ മലയാളി കോച്ച് സണ്ണി ജോസഫിന്‍റെ ശിക്ഷണത്തിസല്‍ ഇറങ്ങിയ ടീമില്‍ രാജ്യവര്‍ദ്ധന്‍ റാത്തോഡ് അപ്രതീക്ഷിതമായി ഇന്ത്യക്ക് വെള്ളി മെഡല്‍ നേടിത്തന്നു.ഇത് ഇന്ത്യയുടെ പ്രതീക്ഷ വാനോളം ഉയര്‍ത്തുകയാണ്.
ലോക റെക്കോഡിന് ഒപ്പമെത്തിയവരും ചാമ്പ്യന്മാരും ഉള്‍പ്പെട്ട ഒന്‍പതു പേരാണ് ഇപ്പോള്‍ ബീജിംഗിലെത്തിയ ഇന്ത്യന്‍ ഷൂട്ടിങ് ടീമിലുള്ളത്. ഈയിടെ രണ്ട് ലോക റെക്കോഡിനൊപ്പമെത്തിയ രഞ്‌ജന്‍ സോധിക്ക് ഒളിംപിക്‌സില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി കിട്ടാതെ പോയത് പ്രതീക്ഷകളെ അല്പം മ്ലാനമാക്കുന്നു..
|