ബീജിംഗ് ഒളിമ്പിക്‍സിലെ ആദ്യ മത്സരാര്‍ത്ഥികള്‍ ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ ശക്തിയായ ബ്രസീലും ലോക ചാമ്പ്യന്‍മാരായ ജര്‍മ്മനിയുമാണ്. ഒളിമ്പിക്‍സ് ഉദ്ഘാടനത്തിനു രണ്ട് ദിവസം മുമ്പ് തുടങ്ങുന്ന വനിതാ ഫുട്ബോളിലെ തിയാന്‍ ജിനില്‍ ബുധനാഴ്ച നടക്കുന്ന ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടുന്നത് ഈ ഇരു ടീമുകളും തമ്മിലാണ്.
ലോക ചാമ്പ്യന്‍ഷിപ്പില്‍ തങ്ങളെ പരാജയപ്പെടുത്തിയ ജര്‍മ്മനിയോട് പകരം വീട്ടാന്‍ ആദ്യ അവസരം ലാറ്റിനമേരിക്കന്‍ ശക്തികള്‍ക്ക് നേരത്തേ തന്നെ ലഭിച്ചിരിക്കുകയാണ്. ചൈനയിലെ ഷംഗ് ഹായിയില്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍ ബ്രസീലിനെ ജര്‍മ്മനി 2-0 നു പരാജയപ്പെടുത്തിയിരുന്നു. ആതിഥേയര്‍ ചൈനയ്‌ക്ക് എതിരാളികള്‍ സ്വീഡനാണ്.
ഒന്നാം റൌണ്ടില്‍ കഴിഞ്ഞ സ്വര്‍ണ്ണമെഡല്‍ ജേതാക്കളായ യു എസ് നോര്‍വേയെ ആദ്യ റൌണ്ടില്‍ നേരിടും. കഴിഞ്ഞ തവണ ലോകകപ്പിനു കൂടി ആതിഥേയത്വം വഹിച്ച ചൈനയെ കുഴയ്ക്കുന്നത് പരുക്ക് പ്രശ്‌നങ്ങളാണ്. മാ സിയാവോ സു, ക്യൂ ഫെയ് ഫെയ് എന്നിവര്‍ പരുക്ക് മൂലം സൈഡ് ലൈനിലായിരിക്കുക ആണ്.
അമേരിക്കയെ കുഴയ്‌ക്കുന്നത് മികച്ച താരം ആബി വാംബാഷിന്‍റെ കാലൊടിഞ്ഞതാണ്. ബ്രസീലിനെതിരെ നടന്ന സൌഹൃദ മത്സരത്തിലായിരുന്നു വാംബാഷിയുടെ കാലൊടിഞ്ഞത്. 127 മത്സരങ്ങളില്‍ 99 ഗോളുകള്‍ അമേരിക്കയ്‌ക്കായി നേടിയ താരമാണ് വംബാഷ്. സൂപ്പര്‍ താരത്തിന്‍റെ അഭാവം അമേരിക്കന്‍ ടീമിനെ ശക്തമായി ബാധിച്ചേക്കും.
ആദ്യ മത്സരമായ ബ്രസീല്‍ ജര്‍മ്മനി മത്സരം രാവിലെ 10 മണിക്കാണ് തുടങ്ങിയത്. രണ്ടാമത്തെ മത്സരത്തില്‍ ദക്ഷീണ കൊറിയ ആഫ്രിക്കന്‍ ശക്തികളായ നൈജീരിയയെയാണ് നേരിടുന്നത്. ജര്‍മ്മനി ബ്രസീല്‍ നൈജീരിയ ദക്ഷിണ കൊറിയ ടീമുകള്‍ കളിക്കുന്ന ഗ്രൂപ്പ് എഫിനെ മരണ ഗ്രൂപ്പെന്നാണ് വിളിക്കുന്നത്.
|