കായിക ലോകത്തെ ഉത്സാഹത്തിമിര്‍പ്പിന്‍റെ നാളുകളിലേക്ക് നയിക്കാന്‍ ഒളിമ്പിക് ദീപം അവസാന ഘട്ട യാത്രയും തുടങ്ങി. വെള്ളിയാഴ്ച ഉദ്ഘാടനം തുടങ്ങുന്നതിനു മുമ്പ് പര്യടനം പൂര്‍ത്തിയാക്കുന്നതിനായി ബീജിംഗ് നഗരത്തെ ഇനി പ്രദക്ഷിണം വച്ചു തുടങ്ങും. ഉദ്ഘാടനത്തിനു മുമ്പായി ലോക പര്യടനം പൂര്‍ത്തിയാക്കി പ്രധാന വേദിയിലെത്തും.
കനത്ത പ്രതിഷേധങ്ങളെയും എതിര്‍പ്പുകളെയും അതിജീവിച്ച് ഒളിമ്പിക്‍ ദീപം ആതിഥേയ നഗരമായ ബീജിംഗില്‍ എത്തി. ഭൂകമ്പ ബാധിത പ്രദേശമായ സിഞ്ചുവാന്‍ പ്രവിശ്യ കടന്ന് ചൊവ്വാഴ്ച ബീജിംഗില്‍ എത്തിയ ദീപം അവസാന ലാപ് പൂര്‍ത്തിയാക്കിയ ശേഷം വെള്ളിയാഴ്ച പ്രധാന വേദിയായ കിളിക്കൂട് സ്റ്റേഡിയത്തില്‍ എത്തും.
ബെയ്ജിങ്ങിലെ നഗര പ്രാന്തങ്ങളിലൂടെ അവസാന ലാപ്പായി 16 കിലോമീറ്ററുകള്‍ ദീപശിഖ കടന്നു പോകും. ഫോര്‍ബിഡണ്‍ സിറ്റിയില്‍നിന്നും ബുധനാഴ്ചയാണ് അവസാന ലാപ്പ് പ്രയാണം തുടങ്ങുക. 433 പേര്‍ ദീപത്തെ അനുഗമിക്കും. എന്നാല്‍ ഒളിമ്പിക്‍സ് ജ്വാലയില്‍ ദീപം പകരുക എന്ന കാര്യം ചൈന ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
ഭൂകമ്പം കനത്ത നാശം വിതച്ച സിഞ്ചുവാനില്‍ ദീപം എത്തുമ്പോള്‍ അഭിവാദ്യം അര്‍പ്പിക്കാന്‍ എത്തിയത് ആയിരങ്ങളായിരുന്നു. ദുരന്തത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ചെങ്ഡുവിലെ മിയാന്‍യാങ്ങിലുള്ള ജ്യൂഷൗ സ്‌റ്റേഡിയമായിരുന്നു ദീപശിഖയെ സ്വാഗതം ചെയ്തത്.
പരമ്പരാഗതമായി ഗ്രീസിലെ ഒളിമ്പിയയില്‍ നിന്നും സൂര്യ പ്രകാശത്താല്‍ കൊളുത്തിയ ജ്വാല ലോക പര്യടനത്തിനിടയില്‍ ഒരു തവണ അണയ്ക്കേണ്ടിയും വന്നു. ടിബറ്റന്‍ അനുകൂലികളുടെ പ്രക്ഷോഭണത്തെ തുടര്‍ന്ന് പാരീസില്‍ വച്ചായിരുന്നു ഇത്. എന്നാല്‍ പിന്നീട് കനത്ത സുരക്ഷയിലായിരുന്നു ബാക്കി യാത്ര. സുരക്ഷാ ഭീതി ഭയന്ന് റൂട്ടില്‍ വരെ മാറ്റം വരുത്തി.
|