ഒളിമ്പിക്‍സ് നഷ്ടമാകുന്നതിന്‍റെ വേദന എത്രയുണ്ടെന്ന് വേണമെങ്കില്‍ ജിംനാസ്റ്റിക്‍സ് താരം പോള്‍ ഹാമിനോടോ, ടൈസണ്‍ ഗേയോടോ, മരിയാ ഷറപോവ യോടോ, ഹുസൈന്‍ റസസാദേയോട് ചോദിച്ചു നോക്കൂ. നീണ്ട നാളായി തയ്യാറെടുപ്പ് നടത്തിയ ശേഷം അവസാന നിമിഷം പുറത്തായവരാണ് ഇവരെല്ലാം. മാസങ്ങള്‍ക്ക് മുമ്പ് വരെ കായിക വാര്‍ത്തകളുടെ തലക്കെട്ട് അലങ്കരിച്ചിരുന്ന ഈ താരങ്ങള്‍ക്ക് പകരം പുതിയ താരങ്ങളെ തേടുകയാണ് ഒളിമ്പിക്‍സ്.
കൂടുതല്‍ വേഗത്തില്‍, കൂടുതല്‍ ഉയരത്തില്‍. കൂടുതല്‍ ശക്തിയില്‍. ഒളിമ്പിക്‍സിന്‍റെ സന്ദേശം ഇതാണ്. എന്നാല്‍ കൂട്ടത്തില്‍ കൂടുതല്‍ ആരോഗ്യത്തില്‍ എന്നു കൂടി ചേര്‍ക്കുകയാണ്. കാരണം ഒളിമ്പിക്‍സില്‍ പുതിയ താരങ്ങള്‍ ഉദിക്കുന്നതിനൊപ്പം തന്നെ പരുക്കു മൂലം പ്രമുഖ താരങ്ങള്‍ വിട്ടു നില്‍ക്കുന്നതും ഒളിമ്പിക്‍സിന്‍റെ ഗ്ലാമറിനെ ബാധിക്കുകയാണ്.
എന്നാല്‍ പരുക്കു പറ്റി പുറത്തായവരെ ചിലപ്പോള്‍ ഒളിമ്പിക്‍സില്‍ തിരിച്ചെത്തിയേക്കാവുന്നവര്‍ എന്ന നിലയില്‍ താല്‍ക്കാലികമായ പരുക്കുകാര്‍ എന്നും ഒരിക്കലും ബീജിംഗില്‍ എത്താത്തവര്‍ എന്നും വേണമെങ്കില്‍ തിരിക്കാം. താല്‍ക്കാലിക പരിക്കുകാരുടെ പട്ടികയിലാണ് ടൈസണ്‍ ഗേ. തുടയ്ക്കേറ്റ പരുക്കിനെ തുടര്‍ന്ന അടുത്ത കാലത്തെ ചില മീറ്റുകളില്‍ വിട്ടു നിന്നെങ്കിലും ഒളിമ്പിക്സില്‍ ഗേ തിരിച്ചെത്തിയേക്കാം.
എന്നാല്‍ ഇവര്‍ക്കപ്പുറം ബീജിംഗ് ഒളിമ്പിക്‍സിനും മികച്ച പ്രകടനം നഷ്ടമാകുന്ന ചിലര്‍ കൂടിയുണ്ട്. ഒളിമ്പിക്‍സിലെ എക്കാലത്തെയും മികച്ച കനോയിംഗ് താരം ഹംഗറിയുടെ ജോര്‍ജ്ജി കൊളോണിക്‍സാണ് ബീജിംഗ് കാണാതെ പോകുന്ന ഒന്നാമത്തെ പ്രമുഖ താരം. ബീജിംഗ് എന്നു മാത്രമല്ല ഇനി ഒരു ഒളിമ്പിക്‍സിലും കൊളാനിക്‍സിന്‍റെ പ്രകടനം കാണാനാകില്ല.
മികച്ച പ്രകടനങ്ങള്‍ ഓര്‍മ്മകളാക്കി കൊളോനിക്‍സ് പോയി. ജൂലായ് 15 ന് പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്ന കൊളോനിക്‍സ് തുഴച്ചിലിനുടയില്‍ താഴെ വീണു മരണമടഞ്ഞു. ഹൃദ്രോഗമായിരുന്നു കായിക താരത്തെ കൊണ്ടുപോയത്. കഴിഞ്ഞ മൂന്ന് ഒളിമ്പിക്‍സുകളിലായി രണ്ട് സ്വര്‍ണ്ണവും രണ്ട് വെങ്കലവും കണ്ടെത്തിയ താരമാണ്.
അമേരിക്കന്‍ വനിതാ ഫുട്ബോള്‍ താരം ആബി വാംബാക്കാണ് ദുരന്തം സംഭവിച്ച മറ്റൊരു താരം. കരിയറിലെ ആദ്യ മേജര്‍ പരുക്ക് പിടികൂടിയ താരത്തെ സൈഡ് ലൈനിലാക്കിയത് ഒടിഞ്ഞു പോയ കാലായിരുന്നു. പുരുഷ താരങ്ങളില്‍ ബ്രസീലിയന്‍ താരം റോബീഞ്ഞോയ്ക്ക് തടസ്സമായത് ടീം കളിക്കാന്‍ അനുമതി നല്‍കാതിരുന്നതായിരുന്നു.
പരുക്കിലെത്തുന്ന താരങ്ങളുടെ എണ്ണം പിന്നെയും പെരുകുകയാണ്. പരുക്കേറ്റ് ബീജിംഗില്‍ എത്താനാകാത്ത താരങ്ങളില്‍ രണ്ട് മുന്‍ ഒന്നാം നമ്പര്‍ താരങ്ങളും പെടുന്നുണ്ട്. റഷ്യന്‍ താരം മരിയാ ഷറപോവയും ഫ്രഞ്ച്താരം മേരി പിയേഴ്സും. കളിക്കൊപ്പം ആവശ്യത്തിനും അനാവശ്യത്തിനും ഗ്ലാമര്‍ വാരിയെറിയുന്ന ഷറപോവയെ കുഴക്കിയത് തോളിലെ പ്രശ്‌നങ്ങളായിരുന്നു. പുരുഷ താരങ്ങളില്‍ മാര്‍ക്കസ് ബാഗ്‌ദാറ്റിസും പുറത്തായ താരമാണ്.
ഇറാന്‍റെ ഭാരോദ്വഹന താരമായിരുന്ന ഹുസൈന്‍ റസസാദേയെയും ബീജിംഗില്‍ കാണാനാകില്ല. ‘ഇറാനിയന്‍ ഹെര്‍കുലീസ്’ എന്ന വിശേഷണമുള്ള റസദാദ ഒളിമ്പിക്‍സ് റെക്കൊഡുകാരനാണ്. ഒരു കാറപകടത്തില്‍ കാല്‍ മുട്ടിനു പരുക്കേറ്റതായിരുന്നു ഇറാനിയന്‍ ഹെര്‍കുലീസിനെ ഒളിമ്പിക്‍സില്‍ നിന്നും പുറത്താക്കിയത്. എക്കാലത്തെയും മികച്ച ജിംനാസ്റ്റിക്‍സ് താരം റഷ്യയുടെ പോള്‍ ഹാമിനു ഒടിഞ്ഞ കൈ പ്രശ്‌നമായി. റഷ്യയ്‌ക്ക് നഷ്ടമായത് ഉറച്ച ഒരു മെഡലും.
|