സാധാരണക്കാര്‍ക്ക് ചെയ്യാന്‍ കഴിയുന്നതിനും അപ്പുറം ചെയ്യുന്നവരാണ് വ്യത്യസ്തരാകുന്നത്. പ്രതികൂലമായ സാഹചര്യങ്ങള്‍ മറികടന്ന് അവര്‍ ഉണ്ടാക്കുന്ന നേട്ടങ്ങള്‍ പഠനവിധേയമാകുകയും അവര്‍ അനുകരണീയരാകുകയും ചെയ്യുക സ്വാഭാവികം. ആയിരത്തില്‍ പോലും ഒന്ന് കണ്ടെത്താനാകാത്ത പ്രതിഭകളാണ് ഇതിഹാസ താരങ്ങളാകുന്നത് സാധാരണ താരങ്ങള്‍ ചെയ്യുന്നതിനപ്പുറം നേട്ടം കണ്ടെത്തിയതാണ് കാള്‍ ലൂയിസിനെയും ജസ്സി ഓവന്‍സിനെയും നാദിയാ കൊമിനേച്ചിയെയും ഒക്കെ വ്യത്യസ്തരാക്കുന്നത്. ഒളിമ്പിക്‍സ് ചരിത്രത്തില്‍ ഉടനീളം നില്‍ക്കുന്ന ഇതിഹാസ താരങ്ങളിലാണ് കാള്‍ ലൂയിസും അബേബ ബിക്കിലയും നാദിയാ കൊമിനേച്ചിയുമൊക്കെ.
ഒളിമ്പിക്‍സില്‍ ഒമ്പത് സ്വര്‍ണ്ണം നേടിയ നാല് അത്‌ലറ്റുകളിലാണ് അമേരിക്കന്‍ താരം കാള്‍ ലൂയിസിന്‍റെ സ്ഥാനം 1984 ല്‍ നാല് സ്വര്‍ണ്ണം നേടിയ ലൂയിസ് 88, 92 ഒളിമ്പിക്‍സില്‍ രണ്ടും 92, 96 എന്നീ ഒളിമ്പിക്സുകളില്‍ ഓരോന്നും സ്വന്തമാക്കി. 1988 സോള്‍ ഒളിമ്പിക്‍സില്‍ ഒരു വെള്ളി മെഡലും അമേരിക്കന്‍ താരം കണ്ടെത്തി.
ലൂയിസ് ലോക ചാമ്പ്യന്‍ഷിപ്പില്‍ മറ്റൊരു പത്ത് മെഡല്‍ കൂടി സ്വന്തം പോക്കറ്റില്‍ എത്തിച്ച താരമാണ്. ഇതില്‍ എട്ടും സ്വര്‍ണ്ണമായിരുന്നു. ഒളിമ്പിക്‍സ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച അത്‌ലറ്റില്‍ ഒരാളായിട്ടാണ് കാള്‍ ലൂയിസിനെ പരിഗണിക്കുന്നത്. നിലവില്‍ അഭിനയവുമായി ബന്ധപ്പെട്ട ജോലികളില്‍ വ്യാപൃതനാണ് കാള്‍.
ദീര്‍ഘദൂര ഓട്ടക്കാര്‍ എത്യോപ്യന്‍ ഒളിമ്പിക്‍സ് അസോസിയേഷന്‍റെ സമ്പത്തായി തീരുന്നത് അബേബെ ബികിലയുടെ കാലം മുതല്‍ക്കാണ്. മാരത്തോണ്‍ എത്യോപ്യയുടെ പ്രധാന കായിക ഇനമായി തീരുന്നതിനു മുമ്പ് 1960 റോം ഒളിമ്പിക്‍സില്‍ മാരത്തോണില്‍ അബേബ സ്വര്‍ണ്ണം നേടുയത് ദീര്‍ഘദൂര മത്സര ഇനങ്ങളില്‍ നഗ്ന പാദനായി മത്സരിച്ചായിരുന്നു.
മാരത്തോണ്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിന് വെറും ഒരു മാസം മുമ്പ് അടി വയറ്റില്‍ ശസ്ത്രക്രിയ നടത്തിയ ശേഷമാണ് അബേബ മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. തൊട്ടടുത്ത ടോക്യോ ഒളിമ്പിക്‍സില്‍ ബികില സോക്‍സും ഷൂസുമണിഞ്ഞ് മത്സരിച്ചപ്പോഴാകട്ടെ സ്വര്‍ണ്ണ നേട്ടത്തിനൊപ്പം പിറന്നത് ഒരു ലോക റെക്കോഡ് തന്നെയായിരുന്നു.
റുമാനിയന്‍ താരം നാദിയാ കൊമിനേച്ചി ജിംനാസ്റ്റിക്‍സിലാണ് തിളങ്ങിയത്. 1976 , 1980 രണ്ട് ഒളിമ്പിക്‍സുകളില്‍ ഒമ്പത് സ്വര്‍ണ്ണ മെഡല്‍ നേടിയ താരമാണ് കൊമിനേച്ചി. ഒളിമ്പിക്‍സ് ജിംനാസ്റ്റിക്‍സ് ചരിത്രത്തില്‍ ആദ്യമായി പെര്‍ഫെക്‍ട് ടെന്നിന് ഉടമയായതും കൊമിനേച്ചിയുടെ മികവാണ്. മോണ്ടീ റീയാലിലായിരുന്നു കൊമിനേച്ചിയുടെ ഈ പ്രകടനം.
|