അന്താരാഷ്ട്ര ഒളിമ്പിക് ഫെഡറേഷന്‍റെ നിരോധനത്തിനു മുന്നില്‍ വീണുപോയ ഇറാഖ് ഒടുവില്‍ ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ്. അവസാന മണിക്കൂറില്‍ നിരോധനം ഒളിമ്പിക്സ് സമിതി പിന്‍വലിച്ചതോടെ വീണ്ടും ഒളിമ്പിക്‍സ് സ്വപ്നങ്ങളുമായി ഇറാഖ് യാത്ര ആരംഭിച്ചു.
അഞ്ച കായിക താരങ്ങള്‍ ഇറാഖില്‍ നിന്നും മത്സരിക്കാനെത്തുന്നത്. നേരത്തെ രണ്ട് താരങ്ങള്‍ക്ക് ലഭിച്ച അനുമതിക്ക് പിന്നാലെ മൂന്ന് കായിക താരങ്ങള്‍ക്ക് കൂടി ഐ ഒ സി അനുമതി നല്‍കി. ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് അത്‌ലറ്റുകളായ ഹൈദര്‍ നസിര്‍, ഒരു ഡിസ്ക്കസ് താരം, ഓട്ടക്കാരന്‍ ഡാനാ ഹുസൈന്‍ എന്നിവര്‍ക്കാണ് പുതിയതായി അനുമതി.
നേരത്തെ തുഴച്ചില്‍ താരങ്ങളായ ഹൈദര്‍ നൊസാദ്, ഹംസാ ഹുസൈന്‍ എന്നിവര്‍ക്കും അമ്പെയ്ത്ത് താരം അലി അദ്നാനുമായിരുന്നു അനുമതി ലഭിച്ചിരുന്നവര്‍. എന്നിരുന്നാലും ഏതെങ്കിലും താരങ്ങള്‍ ഒഴിവായാല്‍ മാത്രമേ അദ്നനു അവസരം ലഭിക്കുകയുള്ളെന്ന് ആര്‍ച്ചറി ഫെഡറേഷന്‍ വ്യക്തമാക്കുന്നു.
ഐ ഓ സിയുറ്റെ പെട്ടെന്നുള്ള തീരുമാനം ഇറാഖിന്‍റെ മറ്റ് കായിക താരങ്ങള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. വിലക്ക് മൂലം പല താരങ്ങള്‍ക്കും റജിസ്റ്റര്‍ ചെയ്യേണ്ട തീയതിയായ ജൂലായ് 23 നു മുമ്പായി റജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതെ വരികയായിരുന്നു. ഇപ്പോള്‍ തന്നെ അദ്നാനു മത്സരിക്കാന്‍ അവസരം ലഭിച്ചത് ഭാരോദ്വഹന താരം ഒഴിവാകുന്ന സാഹചര്യത്തിലാണ്.
ജൂണില്‍ ദേശീയ ഒളിമ്പിക്‍സ് കമ്മറ്റിയില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാകുന്നു എന്ന പേരിലായിരുന്നു ഇറാഖിനെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി വിലക്കിയത്. അഴിമതി ആരോപണത്തെ തുടര്‍ന്ന് ഇറാഖ് യുവജന കായിക മന്ത്രി ജസീം ജാഫറിന്‍റെ നേതൃത്വത്തില്‍ പുതിയ പാനല്‍ മെയില്‍ അധികാരം ഏറ്റെടുത്തതോടെയായിരുന്നു വിലക്ക്. എന്നാല്‍ സ്വതന്ത്ര ഒളിമ്പിക് കമ്മറ്റിക്കുള്ള കാര്യങ്ങള്‍ ചെയ്യാം എന്ന കാര്യം ഇറാഖി സര്‍ക്കാര്‍ അംഗീകരിച്ചതോടേയാണ് നിരോധനം എടുത്തു മാറ്റിയത്. ഇക്കാര്യത്തില്‍ നവംബറില്‍ ഒരു സ്വതന്ത്ര തെരഞ്ഞെടുപ്പ് നടത്താമെന്നും ഇറാഖ് വാക്ക് നല്‍കി.
ഇറാഖി ഒളിമ്പിക് അസോസിയെഷന്‍റെ കോറം അംഗീകരിക്കാത്ത ഐ ഓ സി അഞ്ച് വര്‍ഷത്തിനു മുകളിലായി തെരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്നും കണ്ടെത്തി. ഒളിമ്പിക് കമ്മറ്റിയുടെ തലവന്‍ അഹമ്മദ് അല്‍ സമരായിയെ 2006 ജൂലായില്‍ തോക്ക് ധാരികളായെത്തിയ ഒരു സംഘം തട്ടിക്കൊണ്ട് പോകുകയായിരുന്നു. ഇതുവരെ അവരെ കുറിച്ച് ഒരു വിവരവും ഇല്ല. 2003 ലും ഇറാഖിനെ ഐ ഓ സി വിലക്കിയിരുന്നു.
ഐ ഓ സി തീരുമാനം പുന പരിശോധിച്ചതിന്‍റെ വെളിച്ചത്തില്‍ ഗെയിംസ് മത്സരങ്ങളില്‍ ടീമിനെ അയച്ചാലോ എന്ന ചിന്തയിലാണ് ഇറാഖ്. യോഗ്യത സമ്പാദിച്ച ഫുട്ബോളിലും ഭാരോദ്വഹനത്തിനും ടീമിനെ അയച്ചാലോ എന്നാണ് ചിന്തിക്കുന്നത്. കാര്യങ്ങള്‍ എല്ലാം ശരിയായെങ്കിലും ഒളിമ്പിക്‍സില്‍ അത്ര മികവുകളുടെ ചരിത്രം ഇറാഖിനില്ല.
1948 നു ശേഷം ഭാരോദ്വഹന താരം അസീസ് അദെല്‍ വാഹെദ് 1960 റോം ഒളിമ്പിക്‍സില്‍ കണ്ടെത്തിയ വെങ്കലാണ് ആകെയുള്ളത്.
|