ഒളിമ്പിക് ഫുട്ബോള്‍ മത്സരങ്ങള്‍ നടക്കുന്ന തെക്ക് കിഴക്കന്‍ ചൈനയിലെ ഷെന്‍യാംഗ് സിറ്റിയിലെ പോലീസുകാര്‍ ആറ് മാസമായി തികച്ചും രസകരമായ ഒരു പഠനത്തിലാണ്. മതത്തിനു വലിയ പ്രാധാന്യമൊന്നും നല്‍കാത്ത നാട്ടില്‍ വിദേശ മതങ്ങളെ കുറിച്ചും അവയുടെ സ്വഭാവങ്ങളെ കുറിച്ചും ആവഗാഹം ഉണ്ടാക്കുകയാണ് ഷെന്‍യാംഗിലെ പോലീസുകാര്‍.
മതങ്ങളുടെ ഉത്ഭവം അവയുടെ തത്വങ്ങള്‍ ആചാരങ്ങള്‍ എന്നിവയെല്ലാം പഠിക്കാനുള്ള ഭഗീരഥ പ്രയത്നത്തിലാണ് പൊലീസുകാര്‍. 5000 പൊലീസുകാരാണ് ഇതില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഒളിമ്പിക്‍സിനെത്തുന്ന വിദേശികളുടെ മതവികാരങ്ങള്‍ വൃണപ്പെടാതിരിക്കാനും അവരെ ബഹുമാനിക്കാനും തിരിച്ചറിയാനുമാണ് ഈ പഠനം.
ഇതിനു പുറമേ ക്രിസ്ത്യന്‍, ഇസ്ലാം, ബുദ്ധമതം എന്നിവയിലെ തത്വങ്ങള്‍ പഠിപ്പിക്കുന്നതിന് മാത്രമായി മുനിസിപ്പല്‍ പൊതു സുരക്ഷാ കേന്ദ്രത്തില്‍ ക്ലാസ്സുകള്‍ മാര്‍ച്ചില്‍ തുടങ്ങി. എന്നാല്‍ മതത്തിനു പ്രോത്സാഹനം നല്‍കാനല്ലെന്നും ഒളിമ്പിക് പരിശീലനത്തിന്‍റെ ഭാഗം എന്ന നിലയില്‍ മാത്രമാണ് ഈ പരിപാടി എന്നും ബ്യൂറോ പറയുന്നു.
തത്വങ്ങള്‍ക്കൊപ്പം ചൈനയുടെ മതനിയമങ്ങളും നയങ്ങളും കൂടി പോലീസുകാര്‍ ഹൃദിസ്ഥമാക്കേണ്ടി വരും. മതപരമായ കാര്യങ്ങളില്‍ പെട്ടെന്നുണ്ടാകുന്ന പ്രശ്നങ്ങള്‍ എങ്ങനെ നേരിടാമെന്ന പരിശീലനവും നേടുന്നുണ്ട്. 19 വിഷയങ്ങളിലായി ജനുവരി മുതല്‍ പൊലീസുകാര്‍ക്കായി 120 ദൈര്‍ഘ്യം കുറഞ്ഞ കോഴ്‌സുകളാണ് തരപ്പെടുത്തിയിരിക്കുന്നത്.
ഇതില്‍ സുരക്ഷാ പരിശോധന, വിദേശികളെ സ്വീകരിക്കല്‍, ഓറല്‍ ഇംഗ്ലീഷ്, മാധ്യമങ്ങള്‍, ഭീകരത കൈകാര്യം ചെയ്യല്‍, സൈക്കോളജി തുടങ്ങിയ കാര്യങ്ങളില്‍ പകുതി വര്‍ഷത്തേക്ക് 7000 പേരെയാണ് പങ്കെടുപ്പിക്കുന്നത്. 1000 പൊലീസുകാര്‍ ഇപ്പോള്‍ തന്നെ മാധ്യമങ്ങളെ സ്വീകരിക്കാനുള്ള പരിശീലനം നേടി കഴിഞ്ഞു. റിപ്പോര്‍ട്ടര്‍മാരുമായി ബന്ധപ്പെടുന്നതിനും അവരെ സഹായിക്കുന്നതുനുമുള്ള സാങ്കേതിക പരിജ്ഞാനത്തോടൊപ്പം ഇംഗ്ലീഷും പരിശീലിപ്പിച്ചിരിക്കുകയാണ്.
ഇതിനൊക്കെ പുറമെ ബീജിംഗ് ഒളിമ്പിക്സിനെ ഗംഭീരമായി വരവേല്‍ക്കാന്‍ തന്നെയാണ് ചൈനയുടെ നീക്കം രാത്രി കാലങ്ങളില്‍ തെരുവ് പാര്‍ക്കുകള്‍ സമ്മര്‍ പാലസ്, പാലങ്ങള്‍ എന്നിവയെല്ലാം വൈദ്യുത ദീപങ്ങളാല്‍ അലങ്കൃതമാക്കാനാണ് തീരുമാനം. 2000 ല്‍ അധികം വൈദ്യുത വിളക്കുകളാണ് ബീജിംഗ് മുനിസിപ്പല്‍ അഡ്മിനിസ്ട്രേഷന്‍ കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്.
|