മുടിയില്‍ നിറം വാരിത്തേച്ചും പലതായി പിന്നിയും ഫാഷണബിളായി വെട്ടിച്ചുരുക്കിയുമൊക്കെ ഒളിമ്പിക്‍സില്‍ സ്റ്റൈല്‍മന്നന്‍മാരാകാമെന്ന നൈജീരിയന്‍ ഫുട്ബോള്‍ താരങ്ങളുടെ പ്രതീക്ഷ അവസാനിച്ചു. ഒളിമ്പിക്‍സ് വേണമെങ്കില്‍ ഇപ്പോള്‍ തന്നെ മുടി മുറിച്ച് മര്യാദക്കാരായിക്കൊള്ളാനാണ് ടീം പരിശീലകന്‍ സാംസണ്‍ സിയാ സിയയുടെ നിര്‍ദേശം.
ബീജിംഗ് ഒളിമ്പിക്‍സില്‍ വൃത്തിക്കും മെനയ്‌ക്കും പ്രത്യക്ഷപ്പെടുന്നതിനായി നന്നായി തന്നെ വസ്ത്രം ധരിക്കുകയും മുടി മുറിയ്ക്കുകയും ചെയ്യണമെന്നതാണ് കര്‍ശന നിര്‍ദേശം. ലോകകപ്പിലും മറ്റും നൈജീരിക്കാര്‍ പരമ്പരാഗതമായി ചെയ്തുവരുന്ന കോമാളിത്തരങ്ങള്‍ വേണ്ടെന്ന് അച്ചടക്കത്തിനു പേര് കേട്ട സിയാ സിയാ പറയുന്നു.
ആദ്യം കളി നന്നാക്കല്‍ അതിനു ശേഷം മതി മുടി എന്നതാണ് സിയാ സിയയുടെ ലൈന്‍. സ്റ്റൈലുമായി പ്രത്യക്ഷപ്പെടുന്ന താരങ്ങള്‍ മുടി നന്നാക്കാനായി മാത്രം ധാരാളം സമയം വിനിയോഗിക്കുമെന്നാണ് സിയാസിയായുടെ ആരോപണം. മുടിക്കിട്ട് തട്ടുന്ന നേരത്ത് കളി മെച്ചപ്പെടുത്താന്‍ നോക്കുകയാണ് വേണ്ടതെന്നും സിയാസിയ ഉപദേശിക്കുന്നു.
നന്നായി മുടി മുറിച്ചെത്തുന്നവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്താനാകുമെന്നും കളിക്കളത്തില്‍ പെട്ടെന്ന് തന്നെ താളം കണ്ടെത്താനാകുമെന്നും സിയാ സിയ പറയുന്നു. 1996 ഒളിമ്പിക്‍സിലെ ചാമ്പ്യന്‍മാരായിരുന്ന നൈജീരിയ ഒന്നാം റൌണ്ടില്‍ നേരിടുക നെതര്‍ലന്‍ഡ്, ജപ്പാന്‍, അമേരിക്ക എന്നീ ടീമുകളെയാണ്.
|