കമ്യൂണിസ്റ്റ് ഭരണകൂടമാണെങ്കിലും ഒളിമ്പിക്‍സിനെത്തുന്ന അത്‌ലറ്റുകളുടെയും ഒഫീഷ്യലുകളുടെയും പ്രാര്‍ത്ഥനകളെ ഹൃദയത്തില്‍ ഏറ്റുവാങ്ങുകയാണ് ചൈന. അത്‌ലറ്റുകളിലെ വ്യത്യസ്തമായ മത വിശ്വാസങ്ങളെ ഗൌരവമായ രീതിയില്‍ പരിഗണിക്കുന്ന ചൈന മത ചടങ്ങുകള്‍ക്കായി മാത്രമായി പ്രത്യേക സൌകര്യങ്ങളാണ് ബീജിംഗില്‍ ഒരുക്കിയിരിക്കുന്നത്.
നിരവധി മത വിശ്വാസങ്ങള്‍ക്ക് വേദിയാകുന്ന ഒളിമ്പിക്‍സ് ഗ്രാമത്തില്‍ താരങ്ങള്‍ക്കും ഒപ്പം എത്തിയവര്‍ക്കും പ്രാര്‍ത്ഥനയ്‌ക്കുള്ള സൌകര്യങ്ങള്‍ നല്‍കിയിരിക്കുക ആണ്. കടുത്ത മത്സരങ്ങള്‍ നടക്കുന്ന കായിക രംഗത്തോടൊപ്പം തന്നെ എല്ലാ മതങ്ങള്‍ക്കും ചൈനയില്‍ എത്രമാത്രം സ്വാതന്ത്ര്യമുണ്ടെന്ന് കൂടി കാട്ടിക്കൊടുക്കുകയാണ് ലക്‍ഷ്യം.
ഒളിമ്പിക്‍സിന്‍റെ അവസാന തയ്യാറെടുപ്പ് എന്ന നിലയില്‍ പ്രാര്‍ത്ഥനാനിര്‍ഭരമാകാന്‍ ക്രിസ്ത്യന്‍, ഹിന്ദു, ബുദ്ധമതം, ഇസ്ലാം, യഹൂദര്‍ എന്നിവരെ സഹായിക്കുന്നതിനായി 66 മത വോളണ്ടിയര്‍മാരെ നിയോഗിച്ചിരിക്കുകയാണ്. “അത്‌ലറ്റുകള്‍ക്കും ഒഫീഷ്യലുകള്‍ക്കും സൌകര്യം നല്‍കുന്ന ആതിഥേയ രാജ്യങ്ങളുടെ സാധാരണ പ്രവര്‍ത്തിയുടെ ഭാഗമാണ് ഇത്.” ബീജിംഗ് ക്രിസ്ത്യന്‍ കൌണ്‍സിലിന്‍റെ ഭാഗത്തെ ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നു. ഓരോ വിശ്വാസങ്ങളും പിന്തുടരുന്ന അത്‌ലറ്റുകള്‍ക്കായി പ്രത്യേകം ധ്യാന മുറികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുസ്ലീം വിഭാഗത്തില്‍ പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കുമായി പ്രത്യേകം പ്രാര്‍ത്ഥന നടത്തുന്നതിന് 100 ചതുരശ്രമീറ്ററിലുള്ള ഒരു ഹാളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവര്‍ക്കായി സൌജന്യ നിരക്കില്‍ ഖുറാന്‍റെ ഓരോ പതിപ്പുകളും ലഭിക്കും.
മത്സര ഷെഡ്യൂളില്‍ പെട്ടു പോകുന്ന താരങ്ങള്‍ക്ക് മോസ്കില്‍ പോകാന്‍ കഴിയാതെ വരുമ്പോള്‍ ഖുറാന്‍ വായിക്കാനും പ്രാര്‍ത്ഥന നടത്താനും സൌകര്യം നല്‍കുകയാണ് തങ്ങളുടെ പ്രധാന ദൌത്യമെന്ന് ഒളിമ്പിക് ഗ്രാമത്തിലെ നിയൂജി മോസ്കിലെ 15 ഇമാമുകളില്‍ ഒരാളായ യിന്‍ ഗൌഫാംഗ് പറയുന്നു. സന്ദര്‍ശകരെയും ചൈന പരിഗണിക്കുന്നു.
വിവിധ പ്രാര്‍ത്ഥനകള്‍ക്കായി ദ്വിഭാഷികളായ പുരോഹിതന്‍മാരെയും ചൈന ഏര്‍പ്പാടാക്കിയിരിക്കുക ആണ്. ഒളിമ്പിക്സ് സന്ദര്‍ശകര്‍ക്ക് അവരവരുടെ ഭാഷയില്‍ തന്നെ പ്രാര്‍ത്ഥനകള്‍ സ്വീകരിക്കാനാകും. നഗരത്തിലെ അനേകം കത്തോലിക്ക ദേവാലയങ്ങളിഒല്‍ ഇംഗ്ലീഷിനു പുറമേ മറ്റ് ഭാഷകളിലുള്ള പ്രാര്‍ത്ഥന നടക്കും. ഓരോ സംഘടനയുടെയും നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി ജര്‍മ്മന്‍, ഇറ്റാലിയന്‍, സ്പാനിഷ്, ഫ്രഞ്ച് എന്നിങ്ങനെ വിവിധ ഭാഷകളിലെ പ്രാര്‍ത്ഥനകളാണ് നടക്കുക.
|