ഒളിമ്പിക്‍സില്‍ അത്‌ലറ്റിക്‍സും ഗെയിംസും വേണമെങ്കില്‍ മറ്റുള്ളവര്‍ക്ക് നല്‍കാം. പക്ഷേ നീന്തല്‍ കുളം അത് ആര്‍ക്കും വിട്ടു കൊടുക്കാന്‍ അമേരിക്ക തയ്യാറല്ല. നാല് വര്‍ഷം മുമ്പും നീല ജലാശയത്തിലെ ആധിപത്യം അമേരിക്ക ലോകത്തിനു മുന്നില്‍ കാട്ടിയിരുന്നു. എന്നാല്‍ ബീജിംഗില്‍ അമേരിക്കയെ വെല്ലുവിളിക്കുന്നത് ഓസ്ട്രേലിയന്‍ ജലരാജാക്കന്‍മാരാണ്.
ഏതന്‍സില്‍ നാല് വര്‍ഷം മുമ്പ് മൈക്കല്‍ ഫെല്പ്‌സ് എന്ന കുളത്തിലെ വേഗക്കാരന്‍ നയിച്ച അമേരിക്കന്‍ ടീമിനെ വെല്ലുവിളിച്ചതും ഓസീസ് തന്നെയായിരുന്നു. ബീജിംഗിലും ഇതിന്‍റെ ആവര്‍ത്തനം കാണാനാകും. പരമ്പരാഗതമായി നീന്തല്‍ കുളങ്ങളെ തീപിടുപ്പിച്ചിരുന്ന അമേരിക്കയെ കംഗാരുക്കള്‍ വെല്ലുവിളിക്കാന്‍ തുടങ്ങിയത് അടുത്ത കാലത്തായിരുന്നു.
എതന്‍സില്‍ അമേരിക്ക12 സ്വര്‍ണ്ണം ഉള്‍പ്പടെ 28 മെഡലുകള്‍ അമേരിക്ക കണ്ടെത്തിയപ്പോള്‍ ഓസ്ട്രേലിയ ഏഴ് സ്വര്‍ണ്ണം ഉള്‍പ്പടെ 15 മെഡലുകള്‍ ശേഖരിച്ചു. നീന്തലിലെ ഈ സുവര്‍ണ്ണ അമേരിക്കന്‍ നേട്ടത്തിനു പിന്നില്‍ 23 കാരനായ ഫെല്പ്സായിരുന്നു. ആറ് സ്വര്‍ണ്ണമാണ് ഈ നീന്തല്‍ മാന്ത്രികന്‍ കണ്ടെത്തിയത്. ഇത്തവണ അത് ഏഴാക്കി 1972 ലെ മ്യൂണിക്ക് ഗെയിംസില്‍ മാര്‍ക്ക് സ്പിറ്റ്‌സ് കണ്ടെത്തിയ റെക്കൊഡിനൊപ്പമെത്താനാണ് ഫെല്പ്സിന്‍റെ ശ്രമം.
ഓസ്ട്രേലിയക്കാരന്‍ അന്‍ഡ്രൂ ലൌടര്‍സ്റ്റെയ്‌നാണ് ഫെല്പ്സിനു 100 മീറ്റര്‍ ബട്ടര്‍ഫ്ലൈയില്‍ എതിരാളി. അഞ്ച് ഒളിമ്പിക്‍സ് മെഡല്‍ പേരിലുള്ള 28 കാരന്‍ 1500 മീറ്റര്‍ താരം ഗ്രാന്‍ഡ് ഹക്കറ്റാണ് മറ്റൊരു താരം. 800 മീറ്റര്‍ ഫ്രീ സ്റ്റൈല്‍, 200 മീറ്റര്‍ ഫ്രീ സ്റ്റൈല്‍, 400 മീറ്റര്‍ ഫ്രീ സ്റ്റൈല്‍, 1500 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ എന്നിവയില്‍ എല്ലാം ഗ്രാന്‍ഡ് ഉണ്ട്.
ഒളിമ്പിക്‍സില്‍ ഉടനീളമായി അമേരിക്ക 458 മെഡലുകള്‍ നീന്തലില്‍ നിന്നും മാത്രം കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ തന്നെ 202 എണ്ണം സ്വര്‍ണ്ണമായിരുന്നു. പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായ ഓസ്ട്രേലിയയുടെ സമ്പാദ്യം 157 മെഡലുകളാണ്. 50 മീറ്റര്‍ ഫ്രീ സ്റ്റൈലില്‍ അമേരിക്കന്‍ ലോക റെക്കോദ് താരം ഈ മണ്‍ സുള്ളിവനും ഫെല്‍പ്സിനൊപ്പമുണ്ട്. പുറമെ 50 മീറ്റര്‍ 100 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ താരം വെബ്ബര്‍ ഗാലേയും യു എസ് ടീമിന്‍രെ പ്രതീക്ഷയാണ്.
വനിതകളില്‍ വെറ്ററന്‍ താരം ദാരാ ടോറസാണ് അമേരിക്കന്‍ പ്രതീക്ഷ വഹിക്കുന്നത്. അഞ്ച് ഒളിമ്പിക്സുകളില്‍ അമേരിക്കയെ പ്രതിനിധീകരിക്കുന്ന നീന്തല്‍ താരമാകാന്‍ പോകുകയാണ് ദാര. ഒമ്പത് മെഡല്‍ പേരിലുള്ള ദാര തന്നെയാണ് വനിതാ അത്‌ലറ്റുകളില്‍ അമേരിക്കയുടെ പ്രിയങ്കരി. കാത്തി ഹോഫ്, നതാലി കൌഗ്ലിന്‍, ഷേര്‍ലി ബാബാഷോഫ് തുടങ്ങിയവരും അമേരിക്കന്‍ നീന്തല്‍ ആധിപത്യം പിടിക്കാനുറച്ച് എത്തുന്നവരാണ്.
ലിബ്ബി ട്രിക്കറ്റാണ് ഓസീസ് വനിതകളെ നയിക്കുന്നത് . അഞ്ച് ലോക റെക്കോഡുകളും നാല് ലോക ചാമ്പ്യന്‍ഷിപ്പുകളും സ്വന്തമാക്കിയ ലിബി ഏതന്‍സില്‍ കണ്ടെത്തിയ രണ്ട് മെഡല്‍ നേട്ടം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ്. അഞ്ചിനങ്ങളില്‍ മത്സരിക്കുന്ന ലിബിക്ക് പിന്നാലെ ലയ്സല്‍ ജോണ്‍സ്, ജെസീക്കാ ഷിപ്പര്‍ തുടങ്ങിയവരും ഓസീസ് നിരയിലുണ്ട്.
അമേരിക്കയ്‌ക്കും ഓസ്ട്രേലിയയ്‌ക്കും ചെറുതായ ശല്യം ഉണ്ടാക്കാന്‍ പോന്ന ചെറുമീനുകളും ഒളിമ്പിക്‍സിലുണ്ട്. 100, 200 മീറ്ററുകളില്‍ മത്സരിക്കുന്ന ജപ്പാന്‍റെ കൊസുകെ കിറ്റാജിമ, ബ്രെസ്റ്റ് സ്ട്രോക്കില്‍ മത്സരിക്കുന്ന ചൈനയുടെ വൂ പെംഗ് എന്നിവരും ശക്തമായ മത്സരം തീര്‍ക്കാന്‍ ശേഷിയുള്ളവരാണ്.
|