ഒളിമ്പിക്സില് എട്ടാമത് തവണ 100 മീറ്ററില്‍ പങ്കെടുക്കാമെന്ന മെര്‍ലിന്‍ ഓട്ടിയുടെ മോഹങ്ങള്‍ അവസാനിച്ചു. പ്രായത്തെ വെല്ലുന്ന പ്രകടനം പുറത്തെടുക്കാമെന്ന പ്രതീക്ഷ പുലര്‍ത്തിയ ഓട്ടി യോഗ്യതാ മത്സരത്തില്‍ പക്ഷേ പ്രതീക്ഷകള്‍ക്ക് അനുസൃതമായ പ്രകടനം നടത്തുന്നതില്‍ പരാജയപ്പെട്ടു.
തുടര്‍ച്ചയായി എട്ടാമത്തെ തവണ പങ്കെടുക്കാമെന്ന ഓട്ടിയുടെ സ്വപ്‌നങ്ങളാണ് പൊലിഞ്ഞത്. 48 കാരിയായ ജമൈക്കന്‍ വംശജയായ ഓട്ടി ഇത്തവണ യോഗ്യതാ മത്സരത്തിനായി എത്തിയത് സ്ലോവേനിയയ്ക്ക് ഒപ്പമായിരുന്നു. എന്നിരുന്നാലും 0.28 സെക്കന്‍ഡിനു പിന്നിലായി പോയ താരം യോഗ്യതാ റൌണ്ട് കടക്കാനാകാതെ പോയി.
മോസ്ക്കോയില്‍ നടന്ന 1980 ഒളിമ്പിക്‍സ് മുതലാണ് ഓട്ടി ഒളിമ്പിക്‍സ് മത്സരങ്ങളില്‍ പങ്കാളിയായി തുടങ്ങിയത്. ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഒമ്പത് മെഡലുകള്‍ കണ്ടെത്തിയ താരത്തിന്‍റെ ഒളിമ്പിക് നേട്ടത്തിനൊപ്പം ഇതുവരെ ഒരു വനിതാ താരം പോലും എത്തിയിട്ടില്ല. ഏഴ് ഒളിമ്പിക്‍സുകളില്‍ ജമൈക്കന്‍ ജേഴ്‌സിയില്‍ നേട്ടം ഓട്ടി കൊയ്തു.
കഴിഞ്ഞ തവണ ഏതന്‍സ് 2004 ലാണ് ആദ്യമായി സ്ലോവേനിയയ്‌ക്കൊപ്പം മത്സരിക്കാന്‍ എത്തിയത്. 2002 ലായിരുന്നു അവര്‍ക്ക് സ്ലോവേനിയന്‍ പൌരത്വം ലഭിച്ചത്. പ്രായമേറിയിട്ടും ഉയര്‍ന്ന നിലവാരത്തിലുള്ള മത്സരങ്ങള്‍ ഉപേക്ഷിക്കാന്‍ ഓട്ടി തയ്യാറായിട്ടില്ലെന്ന് അവരുടെ പരിശീലകന്‍ ജാന്‍ ജോര്‍ജെവിക്ക് വ്യക്തമാക്കുന്നു.
ലോക ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് കിരീടങ്ങള്‍ ഉള്‍പ്പടെ 14 മെഡലുകള്‍ ഓട്ടി ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്. 2000 ഒളിമ്പിക്‍സില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ വെള്ളി മെഡല്‍ നേടുമ്പോള്‍ ഏറ്റവും പ്രായം കൂടിയ ഒളിമ്പിക് സ്വര്‍ണ്ണമെഡല്‍ ജേത്രിയായി മര്‍ലിന്‍ ഓട്ടി. മരിയന്‍ ജോണ്‍സ് അഞ്ച് മെഡല്‍ നേടിയ ഓലിമ്പിക്‍സില്‍ വെങ്കല ജേതാവ് ഓട്ടിയായിരുന്നു.
28 വര്‍ഷം മുമ്പ് മോസ്ക്കോയില്‍ ആദ്യ മെഡല്‍ നേടിയ മെര്‍ലിന്‍ ഓട്ടി ആറ് വെങ്കല മെഡലുകള്‍ക്ക് ഒളിമ്പിക്‍സില്‍ അര്‍ഹയായിട്ടുണ്ട്. എന്നിരുന്നാലും ഒളിമ്പിക്‍സ് സ്വര്‍ണ്ണം ഇതുവരെ ഓട്ടിക് ലഭ്യമായിട്ടില്ല.
|