മനുഷ്യാവകാശങ്ങള്‍ക്കെതിരെ ശക്തമായ നിലാപാടുകളുടെ പേരില്‍ രൂക്ഷ വിമര്‍ശനം നേരിടുമ്പോള്‍ ഒളിമ്പിക്‍സുമായി ബന്ധപ്പെട്ട് ബീജിംഗ് പുതിയ പ്രശ്‌നത്തില്‍. ചൈനീസ് ബാറുകളിലും ക്ലബ്ബുകളിലും ആഫ്രിക്കക്കാര്‍ക്കും മംഗോളിയര്‍ക്കും പ്രവേശനം നിരോധിച്ചു കൊണ്ട് നിര്‍ദേശം നല്‍കിയെന്ന വാര്‍ത്തകളാണ് പുതിയ പ്രശ്നം.
എന്നാല്‍ ഒളിമ്പിക്സ് നടക്കുന്ന ബീജിംഗ് ജില്ലയിലെ പ്രസിദ്ധമായ ബാറുകളില്‍ ആഫ്രിക്കക്കാര്‍ക്കും മംഗോളിയക്കാര്‍ക്കും ചൈന അയിത്തം കല്‍പ്പിച്ചതായി വന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ചൈന വ്യക്തമാക്കി. സുരക്ഷാ കാരണങ്ങളുടെ പേരില്‍ ഇവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായി വന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ബീജിംഗ് പറഞ്ഞു.
ഈ വാര്‍ത്തകള്‍ തികച്ചും അടിസ്ഥാന രഹിതമാണെന്നായിരുന്നു ബീജിംഗ് പബ്ലിക് സെക്യൂരിറ്റി ബ്യൂറോ വക്താക്കള്‍ വ്യക്തമാക്കിയത്. ഹോങ്കോംഗ് അടിസ്ഥാനമാക്കി പ്രസിദ്ധീകരിക്കുന്ന മോണിംഗ് പോസ്റ്റാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. ആഫ്രിക്കക്കാര്‍ക്കും മംഗോളിയന്‍ വംശജരെയും അടുപ്പിക്കണ്ട എന്ന് ബീജിംഗ് ജില്ലയിലെ സാന്‍ലിറ്റണില്‍ പ്രസിദ്ധമായ ബാറിന്‍റെ ഉടമകള്‍ക്ക് പൊലീസ് നിര്‍ദേശം നല്‍കിയതായിട്ടായിരുന്നു പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഏതെങ്കിലും രാജ്യത്തെയോ ഏതെങ്കിലും വംശത്തിലെയോ പെട്ട ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നതില്‍ ഒരിക്കലും നിര്‍ദേശിച്ചിട്ടില്ലെന്ന് സാന്‍ലിറ്റനിലെ പൊലീസ് സ്റ്റേഷനിലെയും പബ്ലിക് സെക്യൂരിറ്റി വിഭാഗത്തിലെയും ഉന്നത ഉദ്യോഗസ്ഥരും പറയുന്നു. ഒളിമ്പിക്‍സ് നടക്കുന്ന ആഗസ്റ്റ് 8 മുതല്‍ 24 വരെ ശക്തമായ സുരക്ഷാ സംവിധാനമാണ് ചൈന ഒരുക്കിയിരിക്കുന്നത്. വിമാനത്താവളങ്ങളിലെയും ഇടവഴികളിലെയും പരിശോധന കാര്യക്ഷമമാക്കി.
മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ ശക്തമായ വിമര്‍ശനമാണ് ചൈന നേരിട്ടുകൊണ്ടിരിക്കുന്നത്. ഒളിമ്പിക്‍ സൈറ്റുകളില്‍ ഭീകര വിരുദ്ധ സേനയെ വിന്യസിപ്പിച്ച ചൈന ചില ബാറുകള്‍ പൂട്ടുകയുമുണ്ടായി. കഴിഞ്ഞ ദിവസം ചൈനയില്‍ ഒരു ബസില്‍ നടന്ന സ്ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു.
|