ഒളിമ്പിക്സ് ബാസ്ക്കറ്റ് ബോളില്‍ ഒരു അമേരിക്കന്‍-റഷ്യന്‍ ഫൈനല്‍ സംഭവിച്ചാല്‍ നെഞ്ചുനീറുക അമേരിക്കക്കാരി ബെക്കി ഹാമണിന്‍റെതാകും. ലോക ബാസ്ക്കറ്റിലെ കിടയറ്റ ഗാര്‍ഡുകളില്‍ ഒരാളായ ഹാമണ്‍ കളിക്കുന്നത് അമേരിക്കന്‍ ടീമായ സാന്‍ അന്‍റോണിയോ സില്‍വര്‍ സ്റ്റാറിനും ഒളിമ്പിക്‍സില്‍ പങ്കെടുക്കുന്നത് റഷ്യയ്‌ക്ക് വേണ്ടിയും.
അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന ഹാമണിന് അമേരിക്കയുടെയും റഷ്യയുടെയും പൌരത്വമുണ്ട്. എങ്കിലും ഹാമണിനെ മികച്ച താരമാക്കിയത് അമേരിക്ക തന്നെയാണ്. കഴിഞ്ഞ വര്‍ഷം അവസാനമായിരുന്നു ഹാമണിന് റഷ്യന്‍ പൌരത്വം ലഭിച്ചത്. റഷ്യന്‍ ടീമില്‍ കളിക്കാന്‍ താരത്തിന്‍റെ തീരുമാനം വന്നത് രണ്ടാഴ്ചയ്‌ക്ക് മുമ്പും.
ഹാമണ്‍ റഷ്യയ്‌ക്കായി കളിക്കുമെന്നത് അമേരിക്കന്‍ ടീമിനു ശക്തമായ തിരിച്ചടിയാണ്. എന്‍ ബി എ 2007 സീസണിലെ ഏറ്റവും മികച്ച രണ്ടാമത്തെ താരം കൂടിയായിരുന്ന ഹാമണ്‍ നടത്തിയ പ്രകടനം അവിസ്മരണീയം ആയിരുന്നു. കഴിഞ്ഞ സീസണില്‍ സ്വന്തം ടീമിനായി 18.8 പോയിന്‍റിന്‍റെ ശരാശരിയാണ് താരം കണ്ടെത്തിയത്.
ഒളിമ്പിക്‍സിനുള്ള അമേരിക്കന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ തന്‍റെ പേര് ഇല്ലാതെ വന്നതാണ് താരം റഷ്യന്‍ ടീമിലേക്ക് പോകാന്‍ കാരണമായത്. “എല്ലാവരും ഇത് മനസ്സിലാക്കുമെന്ന് കരുതുന്നില്ല. അമേരിക്കയ്‌ക്കായി കളിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. എന്നാല്‍ ഇത് ജീവന്‍ മരണ പോരാട്ടമൊന്നും അല്ല. സൌഹൃദവും ഐക്യവും മുഖമുദ്രയായ ഒളിമ്പിക്‍സ് ലോകത്തിലെ ഏറ്റവും മികച്ച അത്‌ലറ്റുകളെ ഒന്നിപ്പിക്കുന്നു അത്രമാത്രം.” ബെക്കി സ്വന്തം ഭാഗത്തെ ന്യായീകരിക്കുന്നത് ഇങ്ങനെയാണ്.
അതേ സമയം ബെക്കിയുടെ പരിശീലകന്‍ ഡോണോവാന്‍റെ അഭിപ്രായം തികച്ചും വ്യത്യസ്തമാണ്. കൂറില്ലായ്‌മ എന്ന് പരസ്യമായി തന്നെ പറയുന്ന ഡോണോവാന്‍ ഈരാജ്യത്തെ ടീമില്‍ കളിക്കണമെങ്കില്‍ ഇവിടെ തന്നെ താമസിക്കണമെന്നും റഷ്യന്‍ യൂണിഫോം അണിഞ്ഞാല്‍ രാജ്യദ്രോഹി എന്നു പറയേണ്ടി വരുമെന്നും കൂട്ടിച്ചേര്‍ക്കുന്നു.
ബെക്കിയുടെ അഭാവം ടീമിന്‍റെ കരുത്ത് കുറയ്‌ക്കുകയൊന്നുമില്ലെന്ന് തന്നെ യു എസ് വനിതാ ടീമിന്‍റെ പരിശീലക വ്യക്തമാക്കുന്നു. യു എസിന്‍റെ ഫാസ്റ്റ് പേസ് ശൈലിയാണ് റഷ്യ അനുകരിക്കുന്നതെന്നും ഈ സ്റ്റൈലില്‍ ഏറ്റവും മികച്ചവര്‍ അമേരിക്ക തന്നെയാണെന്നുമാണ് ഡോണോവാന്‍റെ അഭിപ്രായം. പരിചയ സമ്പന്നരുടെ നിരയുമായിട്ടാണ് അമേരിക്ക ഒളിമ്പിക്‍സ് മത്സരങ്ങള്‍ക്കായി എത്തുന്നത്.
|