ഒളിമ്പിക്സ് എത്തിയത് വസന്തം വന്നത് പോലെ ആഘോഷിക്കുകയാണ് ബീജിംഗ്. ഒളിമ്പിക്‍സിനെ പുഷ്പങ്ങള്‍ കൊണ്ട് അലങ്കരിക്കുന്നതിനായി വന്‍ തോതില്‍ പുഷ്പങ്ങള്‍ ഒഴുക്കുകയാണ്. ബീജിംഗിലെ പ്രധാന ബിസിനസ് പ്രദേശങ്ങള്‍, ഒളിമ്പിക്‍സ് വേദിയുമായ ഡംഗ്ഷന്‍ ജില്ലയിലെ പ്രധാന നിരത്തുകള്‍, സ്ഥലങ്ങള്‍, പാര്‍ക്കുകള്‍, മരങ്ങള്‍ എന്നിവയെല്ലാം പൂക്കള്‍ കൊണ്ട് മനോഹരമാക്കുകയാണ് വന്‍ മതിലിന്‍റെ നാട്ടുകാര്‍.
സെക്കന്‍ഡ് റിംഗ് റോഡിനു പിന്നാലെ ബീജിംഗ് റയില്‍വേ സ്റ്റേഷന്‍, സൈക്ലിംഗ് മത്സരങ്ങള്‍ നടക്കുന്നതും ഒളിമ്പിക് ദീപ ശിഖാ പ്രയാണം നടക്കുന്നതുമായ നിരത്തുകള്‍ എന്നിവ ഉള്‍പ്പടെ 22,047 സ്ക്വയര്‍ മീറ്ററുകളാണ് പുഷ്പാഭിഷിക്തം ആക്കിയിരിക്കുന്നത്. പ്രധാന മത്സരങ്ങള്‍ നടക്കുന്നതും വിദേശ സന്ദര്‍ശകര്‍ എത്തുന്നതുമായ സ്ഥലങ്ങളില്‍ പുഷ്പങ്ങളാല്‍ ഒളിമ്പിക്സ് തീമുകള്‍ തന്നെ ആതിഥേയര്‍ തയ്യാറാക്കി കഴിഞ്ഞു.
യോംഗേഗോംഗ് ലാമാ ക്ഷേത്രം, ബീസിംഗിയാവോ പാലം വര്‍ക്കേഴ്സ് സ്റ്റേഡിയം എന്നിവിടങ്ങളാണ് ഒളിമ്പിക് തീമുകള്‍ പുഷ്പത്താല്‍ ഒരുക്കിയിരിക്കുന്നത്. ഏറ്റവും വലിയ പുഷ്പാലങ്കാരം വടക്കു കിഴക്കന്‍ ഭാഗത്തെ സെക്കന്‍ഡ് റിംഗ് റോഡിലാണ്. 10 മീറ്റര്‍ ഉയരത്തില്‍ 1000 ചതുരശ്ര ദൂരത്തിലാണ് ഇവിടെ പൂക്കള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നത്.
ചെലവുകളുടെ കാര്യത്തില്‍ പുതിയ റെക്കോഡിട്ടേക്കാവുന്ന ഒളിമ്പിക്‍സ് പുഷ്പാലങ്കാരത്തിന്‍റെ കാര്യത്തിലും സമ്പന്നമാകും എന്നതാണ് റിപ്പോര്‍ട്ടുകള്‍. നാല് മാസം വരെ നീണ്ടു നില്‍ക്കുന്ന 30 തരം വ്യത്യസ്ത പൂക്കള്‍ അലങ്കാരത്തിനായി വിനിയോഗിക്കുമെന്നാണ് അധികൃതരുടെ വാദം. ദിനം പ്രതി മാറ്റിക്കൊണ്ടിരിക്കുന്ന രണ്ട് ഫ്ലവര്‍ ബേസുകള്‍ സബര്‍ബാന്‍ തോംഗ് സൂ, ചാംഗ് പിംഗ് എന്നീ പ്രദേശങ്ങളില്‍ ഉണ്ടാകുമെന്നും ഇവര്‍ സൂചിപ്പിക്കുന്നു.
വിദേശ കായിക താരങ്ങളും പത്ര പ്രവര്‍ത്തകരും തങ്ങുന്ന ഹോട്ടലുകളില്‍ അലങ്കരിക്കുന്നതിനായി ഓര്‍ക്കിഡുകളുടെ 1000 കണക്കിനു പൂങ്കൊമ്പുകളാണ് മാറ്റിയിരിക്കുന്നത്. ഹോട്ടലുകളിലെയും ഒളിമ്പിക് വേദികളുടെയും അലങ്കാരത്തിനായി ഓര്‍ക്കിഡ് പുഷ്പ്പങ്ങളുടെ ഉല്‍പ്പാദനവും വിതരണവും ബീജിംഗ് വര്‍ദ്ധിപ്പിക്കാനും ഇടയുണ്ട്.
ഒളിമ്പിക്സ് വേദികളിലും ഹോട്ടലുകളിലുമായി കൂടുതല്‍ ഉപയോഗങ്ങള്‍ക്കായി 30,000 കൂടുതല്‍ ഓര്‍ക്കിഡുകള്‍ ബീജിംഗിനു കണ്ടെത്തേണ്ടതുണ്ട്. ജേതാക്കളെ അഭിനന്ദിക്കുന്നതിനും അത്‌ലറ്റുകളുടെ ജന്‍മദിനം ആഘോഷിക്കുന്നതിനും മറ്റ് ആഘോഷങ്ങള്‍ക്കുമായി ഒളിമ്പിക് ഗ്രാമത്തില്‍ ജൂലായ് 20 മുതല്‍ ഒരു പൂക്കട തന്നെ തുറന്നേക്കാന്‍ ഇടയുണ്ട്.
ഈ കടയില്‍ ഒളിമ്പിക്സിനു വേണ്ടി പ്രത്യേകമായി മാറ്റി വച്ചതും കുറഞ്ഞ വിലയില്‍ ലഭ്യമായതുമായ 36 തരത്തിലുള്ള പുഷ്പങ്ങള്‍ ലഭ്യമാക്കുമെന്ന ബീജിംഗ് ഫ്ലവര്‍ അസോസിയേഷന്‍ തലവന്‍ വ്യക്തമാക്കുന്നു. 100 യുവാന്‍ മുതല്‍ 600 യുവാന്‍ വരെയാണ് കൂട പൂക്കള്‍ക്ക് വിലയിടുക. ശരാശരി വില 400 യുവാനായിരിക്കും വില. ഇംഗ്ലീഷ് ഭാഷയിലോ ചൈനീസ് ഭാഷയിലോ പൂക്കള്‍ക്ക് ഓര്‍ഡര്‍ നല്‍കാവുന്നതാണ്. പറയുന്ന സ്ഥലത്ത് 15 മിനിറ്റിനകം പൂക്കള്‍ എത്തിക്കും.
|