ഏത്യോപ്യയിലെ ഒറോമിയ പ്രവിശ്യയ്‌ക്ക് ഒരു പ്രത്യേകതയുണ്ട്. ലോകത്തിലെ മികച്ച ദീര്‍ഘദൂര ഓട്ടക്കാര്‍ക്ക് ജന്മം നല്‍കിയ പ്രദേശം ഇതാണ്. ബീജിംഗ് ഒളിമ്പിക്‍സിലേക്ക് ഈ സ്ഥലം അയയ്‌ക്കുന്നത് നാല് പ്രമുഖരെയാണ്. പ്രത്യേകിച്ചും പുരുഷ-വനിതാ വിഭാഗങ്ങളില്‍ നാല് സഹോദരങ്ങളെ. ഒറോമിയ പ്രവിശ്യയില്‍ നിന്ന് അത്‌ലറ്റിക്‍സ് ചരിത്രത്തിലേക്ക് ഓടി കയറിയത് ബെക്കെലെ സഹോദരങ്ങളും ദിയബാബാ സഹോദരിമാരുമാണ്.
ലോക റെക്കോഡ്കാരനായ കെനെനീസ ബെക്കെലെ അനുജന്‍ താരിക്കു ബെക്കലെ സഹോദരിമായ എജെഗാഹൂ ദിയബാബ, തിരുനേഷി ദിയബാബ, ഗെനെസേബെ ദിയബാബ എന്നിവരാണ് ഒളിമ്പിക്‍സ് കുടുംബക്കാര്യമാക്കാന്‍ പോകുന്നവര്‍. വ്യത്യസ്ത വിഭാഗങ്ങളില്‍ 10000, 5000 മീറ്ററുകളില്‍ ഇവര്‍ മത്സരിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ലോകം.
ഒറോമിയയിലെ ബെക്കോജിയായിരുന്നു കെനെനീസാ ബെക്കെലെയ്‌ക്കും ജന്‍മം നല്‍കിയത്. ലോക ഇന്‍ഡോര്‍ മീറ്റില്‍ 5000, 10000 മീറ്ററിലും ഔട്ട്‌ഡോര്‍ മീറ്റില്‍ 10000 മീറ്ററിലും ലോക റെക്കോഡ് തികച്ച താരമാണ് കെനെനീസ് ബെക്കെലെ. ദീര്‍ഘദൂര റേസിലെ ഇതിഹാസ താരമായ ഗബ്രിസലാസിയുമായി അഞ്ച് തവണ ട്രാക്കിലും ഒരു തവണ റോഡ് റെസിലും ഏറ്റുമുട്ടി.
ഏതന്‍സ് ഒളിമ്പിക്‍സില്‍ 10000 ല്‍ സ്വര്‍ണ്ണവും 5000 മീറ്ററില്‍ വെള്ളിയും നേടിയ താരം ലോക ചാമ്പ്യന്‍ഷിപ്പില്‍ 10000 ല്‍ മൂന്ന് സ്വര്‍ണ്ണത്തിലും ഒരു വെങ്കലത്തിനും ഉടമയാണ്. മിക്കവാറും ബീജിംഗിലും 10000 ല്‍ സലാസി ബെക്കലെ പോരാട്ടം കാണാം. 5000 മീറ്ററില്‍ ബെക്കെലെയ്‌ക്ക് ഏറ്റവും കടുത്ത എതിര്‍പ്പ് നേരിടേണ്ടി വരിക അനുജന്‍ താരിക്കുവില്‍ നിന്നാകും. 5000 മീറ്ററില്‍ സ്പെഷ്യലൈസ് ചെയ്തിരിക്കുന്ന താരമാണ് താരികു.
ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പില്‍ 3000 മീറ്ററില്‍ സ്വര്‍ണ്ണം നേടിയാണ് താരികു ഒളിമ്പിക്‍സ് ടീമില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇവരെ പോലെ തന്നെ എത്യോപ്യയുടെ ഒളിമ്പിക് ടീമില്‍ ഉള്‍പ്പെട്ടിരിക്കുന്ന വനിതാഅത്‌ലറ്റ് സഹോദരങ്ങളാണ് തിരുനേഷി, എജെഗായേഹു ദിയബാബമാര്‍. അത്‌ലറ്റിക് കുടുംബത്തില്‍ നിന്നു തന്നെയാണ് ദിയബാബ സഹോദരിമാരുടെ വരവ്.
ആറ് മക്കളില്‍ രണ്ട് പേര്‍ ഒളിമ്പിക്‍സിനും ഉണ്ട്. മൂത്തവള്‍ എജെഗായേഹുവാണ് ആദ്യം ട്രാക്കില്‍ എത്തിയതെങ്കിലും കൂടുതല്‍ ശക്ത തിരുനേഷി ദിയബാബയാണ്. ഒളിമ്പിക്സില്‍ ഒരു വെങ്കലം മാത്രമുള്ള തെരെനേഷ് പക്ഷേ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഞെട്ടിച്ചു. നാല് സ്വര്‍ണ്ണവും ലോക ക്രോസ് കണ്ട്രി ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് സ്വര്‍ണ്ണവും നേടി.
എജഗായേഹു 10,000 മീറ്ററില്‍ ഏതന്‍സില്‍ സ്വര്‍ണ്ണം നേടി. 2005 ഹെത്സിങ്കി ലോക ചംപ്യന്‍ഷിപ്പില്‍ 10000 ലും 5000 ലും വെങ്കലം നേടിയ താരമാണ്. ഇവര്‍ക്ക് പിന്നാലെ സഹോദരന്‍ ദെജേനയും ഭാവിയിലെ ദീര്‍ഘദൂര ഓട്ടക്കാരനാകുനുള്ള ശ്രമത്തിലാണ്. 2008 ലെ ലോക ക്രോസ് കണ്ട്രി ജൂണിയര്‍ റേസില്‍ ചാമ്പ്യനാണ് ഇളയ സഹോദരി ഗെനെസേബെ.
|