ബീജിംഗിലെ കാറ്റില്‍ കൂടുതല്‍ വേഗത ആര്‍ക്കെന്ന ചോദ്യത്തിനുത്തരം ആഗസ്റ്റ് 16 ന് അറിയാനാകും. ലോകത്തിലെ ഏറ്റവും കരുത്തും വേഗതയും സമ്മേളിക്കുന്ന പുരുഷ 100 മീറ്റര്‍ സ്പ്രിന്‍റ് മത്സരം അന്നാണ്. ലോക റെക്കോഡുകാരായ മൂന്ന് പേരാണ് മത്സരത്തിലെ പ്രധാന പോരാളികള്‍. ചിലപ്പോള്‍ അത് നാലായി മാറാനും മതി.
അത്‌ലറ്റിക്‍സ് പ്രേമികള്‍ കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുന്ന മത്സരം ആഗസ്റ്റ് 16 നാണ് നടക്കുന്നത്. കാറ്റിന്‍റെ വേഗതയുള്ള അസാഫാ പവല്‍, ലോക ചാമ്പ്യന്‍ ടൈസണ്‍ ഗേ, മറ്റൊരു ലോക റെക്കോഡുകാരന്‍ ഉസൈന്‍ ബോള്‍ട്ട് എന്നിവരാണ് 100 മീറ്ററിലെ സ്വര്‍ണ്ണ നേട്ടത്തിലേക്ക് മത്സരിക്കുന്നവര്‍. ചിലപ്പോള്‍ ബ്രിട്ടീഷ് താരം ഡ്വൈന്‍ ചേംബേഴ്‌സും ഉള്‍പ്പെട്ടേക്കാം.
നിശ്ചിത ദൂരം 9.77 സെക്കന്‍ഡ് സമയത്തില്‍ പിന്നിട്ട അസാഫാ പവല്‍ തോല്‍ക്കുമെന്ന് എങ്ങനെ പ്രവചിക്കും. ആഴ്ചകള്‍ക്ക് മുമ്പ് വരെ പവലിന്‍റെ റെക്കോഡ് നിലനില്‍ക്കുകയായിരുന്നു. എന്നിരുന്നാലും ഒസാക്കയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനത്തായിരുന്നു കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ രണ്ട് സ്വര്‍ണ്ണം നേടിയ താരത്തിന്‍റെ സ്ഥാനം.
എന്നിരുന്നാലും എറ്റവും മികച്ച അത്‌ലറ്റുകളെ ലോകത്തിനു സംഭാവന ചെയ്ത ജമൈക്ക പവലില്‍ ഒരു മെഡലിനായി ഉറ്റു നോക്കുന്നു. ഒരിക്കല്‍ കൂടി അത്തരം പ്രകടനം പവലിനു സാധ്യമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷകള്‍. എന്നാല്‍ അസാഫാ പവലിനായി ബെറ്റ് വയ്‌ക്കുമ്പോള്‍ തന്നെ ലോക ചാമ്പ്യനായിരുന്ന ടൈസണ്‍ ഗേയെ എങ്ങനെ ഒഴിവാക്കും.
ജപ്പാനിലെ ഒസാക്കയില്‍ നടന്ന ലോക മീറ്റില്‍ 100 മീറ്ററിലും, 200 മീറ്ററിലും 4x100 മീറ്റര്‍ റിലേയിലും സ്വര്‍ണ്ണം നേടിയ താരമാണ് ടൈസണ്‍ ഗെ. മൂന്ന് സുവര്‍ണ്ണ നേട്ടം നടത്തിയ അമേരിക്കന്‍ താരത്തിന്‍റെ മികവിനെ കുറച്ചുകാണാനാകില്ല. 100 മീറ്ററില്‍ 9.72 സെക്കന്‍ഡില്‍ ലോക റെക്കോഡ് തിരുത്തിയ താരമാണ് ഉസൈന്‍ ബോള്‍ട്ട്. 200 മീറ്ററില്‍ ജൂനിയര്‍ ലെവലിലും ഉസൈന്‍ ബോള്‍ട്ട് ലോക റെക്കൊഡ് തികച്ചിരുന്നു.
ഇതിനൊക്കെ പുറമേയാണ് ബ്രിട്ടീഷ്താരം ഡ്വൈന്‍ ചേംബേഴ്‌സിന്‍റെ വരവ് ഉത്തേജക മരുന്നടിയെ തുടര്‍ന്ന് വിലക്ക് നേരിടുന്ന താരം ബ്രിട്ടന്‍റെ ഒളിമ്പിക് യോഗ്യത എന്ന കടമ്പ കടന്നിരിക്കുകയാണ്. കോടതി വിധി കൂടി താരത്തിന് അനുകൂലമായാല്‍ ചെംബേഴ്‌സും ഇവര്‍ക്കൊപ്പം മത്സര രംഗത്ത് ശക്തമായ വെല്ലുവിളി ഉയര്‍ത്തു.
|