പ്രായത്തെയും വെല്ലുന്ന കുതിപ്പുമായി ഡാരാ ടോറസ് ബീജിങ്ങിലേക്ക്. അമേരിക്കന്‍ സെലക്ഷന്‍ ട്രയല്‍സില്‍ 100 മീറ്റര്‍ ഫ്രീസ്റ്റൈലിലും 50 മീറ്റര്‍ സ്പ്രിന്റിലും വിജയക്കുതിപ്പു നടത്തിയ ഈ നാല്‍പ്പത്തിയൊന്നുകാരി രണ്ടാം തിരിച്ചുവരവും ഉജ്ജ്വലമാക്കി. അമേരിക്കയ്ക്കുവേണ്ടി അഞ്ചാം തവണയും ഒളിമ്പിക്സ് അങ്കത്തിനിറങ്ങുന്ന ഒരേയൊരു നീന്തല്‍ക്കാരി ഉറപ്പുള്ള മെഡല്‍ പ്രതീക്ഷയാണ്.
ഒമാഹയില്‍ നടന്ന മത്സരത്തില്‍ 53.78 സെക്കന്‍ഡില്‍ നീന്തിക്കയറിയ ടോറസ് യു.എസ് റിക്കാര്‍ഡ്കാരി നതാലി കൌഗ്ലിനെ (53.83 സെക്കന്‍ഡ്) രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളി. 50 മീറ്ററില്‍ 24.25 സെക്കന്‍ഡില്‍ ടോറസ് നീന്തിയെത്തിയത് പുതിയ അമേരിക്കന്‍ റെക്കോഡ് ആയിമാറി.
ഏഴു വര്‍ഷത്തെ ദീര്‍ഘമായ ഇടവേളയ്ക്കുശേഷം 2007 ലാണ് നീന്തല്‍ക്കുളത്തിലേക്ക് ടോറസ് വീണ്ടും എത്തുന്നത്. രണ്ടു വയസ്സുകാരി ടെസ്സയെ പിരിഞ്ഞിരിക്കാനാകാത്തതാണ് മത്സരങ്ങളില്‍ നിന്നും ഈ അമ്മയെ ഇടയ്ക്ക് വീണ്ടും മാറ്റിനിര്‍ത്തിയത്. ബീജിങ്ങില്‍ 50 മീറ്ററില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുമെന്നാണ് രണ്ടു ദശാബ്ദത്തിലേറെ നീന്തലനുഭവമുള്ള ടോറസ് വ്യക്തമാക്കുന്നത്. 1984 ലോസ് ഏഞ്ചലസ് ഒളിമ്പിക്സ് ആണ് ടോറസ്സിന്‍റെ ആദ്യ ഒളിമ്പിക്സ്. പതിനേഴാം വയസ്സില്‍ ഇവിടെ ആദ്യ സ്വര്‍ണം നേടിയ ടോറസ് ഇതിനകം നാല് സ്വര്‍ണമടക്കം 9 ഒളിമ്പിക്സ് മെഡലുകള്‍ നേടിക്കഴിഞ്ഞു.
2000 ലെ സിഡ്നി ഒളിമ്പിക്സില്‍ രണ്ട് സ്വര്‍ണം ഉള്‍പ്പെടെ അഞ്ച് മെഡലുകളാണ് ടോറസ് നീന്തിയെടുത്തത്. ആ പ്രകടനത്തില്‍ അമ്പരന്ന് ഉത്തേജകമരുന്നിന്‍റെ ആരോപണം ഉന്നയിച്ച വിമര്‍ശകള്‍ ഇപ്പോള്‍ മാളങ്ങളില്‍ ഒളിച്ചിരിപ്പാണ്.
കേവലം രണ്ട് വര്‍ഷം മുമ്പ് ഒരു കുഞ്ഞിന് ജന്‍മം നല്‍കി, ഒട്ടേറെ ശസ്ത്രക്രിയകള്‍ നടത്തിയിട്ടും യുവത്വത്തിന്‍റെ ചുറുചുറുക്കോടെ വെള്ളത്തിനോട് പടവെട്ടിക്കയറുന്ന ഈ മധ്യവയസ്ക കായികലോകത്തിന് ഒരു അത്ഭുതം തന്നെയാണ്, വിശേഷിച്ചും ഈ ഒളിമ്പിക്സിലെ ‘ചേച്ചി’ എന്ന നിലയില്‍.
കൌമാരക്കാലത്തോ ഏറിയാല്‍ ഒരു ഇരുപത്തിയഞ്ചുവരെയോ നീന്തിത്തുടിച്ച് കരയിലേക്ക് കയറിയിരിക്കാറാണ് സാധാരണ എല്ലാ നീന്തല്‍താരങ്ങളും. അതുകൊണ്ടുതന്നെ ടോറസ്സിന്‍റെ തിരിച്ചുവരവിന് സമാനതകളില്ല.
“ഞാന്‍ വെറുതേ പോകുകയല്ല. ഞാനൊരു മെഡല്‍ നേടും.”- വാക്കുകളുടെ ആത്മവിശ്വാസം ടോറസിന് ഇപ്പോള്‍ത്തന്നെ ഒരു മെഡല്‍ ഉറപ്പാക്കുന്നു.
|