ഡോള്‍ഫിനുകളും റഷ്യന്‍ ചരിത്രവുമാണ് റഷ്യന്‍ പോള്‍വാള്‍ട്ട് ഇതിഹാസം യെലന ഇസിന്‍ബയേവയുടെ ഏറ്റവും വലിയ ദൌര്‍ബല്യം. വിപരീത സാഹചര്യങ്ങളോട് അടരാടാനുള്ള ധൈര്യം ചരിത്രത്തില്‍ നിന്നും ഉയരത്തിലേക്ക് ഉയര്‍ന്നു മറിയാനുള്ള വഴക്കം ഡോള്‍ഫിനുകളില്‍ നിന്നുമാകാം രണ്ടിലും ആവഗാഹമുള്ള താരത്തിന് ലഭിച്ചത്.
സൌന്ദര്യവും കായിക ശക്തിയും സമ്മേളിച്ച ഈ 26 കാരി പോള്‍ വാള്‍ട്ടില്‍ റഷ്യയുടെ ഒളിമ്പിക് സ്വര്‍ണ്ണ പ്രതീക്ഷയാണ്. 21 തവണ ലോക റെക്കോഡ് ഭേദിച്ച താരം, ഒളിമ്പിക്‍സ്, ലോക ചാമ്പ്യന്‍ഷിപ്പ്, ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പ്, യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ്, യൂറോപ്യന്‍ ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പ്. എട്ട് മേജര്‍ ടൂര്‍ണമെന്‍റുകളില്‍ സ്വര്‍ണ്ണം നേടിയ ഇസിന്‍ബയേവ രണ്ട് വെള്ളിയും ഒരു വങ്കലവും ഉള്‍പ്പടെ 11 മെഡലുകള്‍ രാജ്യത്ത് എത്തിച്ചിട്ടുണ്ട്.
കരിയറില്‍ 21 തവണയാണ് താരം റെക്കൊഡ് തിരുത്തുന്നത്. ഇതില്‍ ചിലത് സ്വന്തം റെക്കൊഡ് തന്നെയായിരുന്നു. ഒന്നിനൊന്ന് മെച്ചപ്പെട്ട് വരുന്ന ഇസിന്‍ബയേവയുടെ പ്രകടമനാണ് എതിരാളികള്‍ക്ക് ആശങ്കയുണ്ടാക്കുന്നതും റഷ്യന്‍ ജനതയില്‍ പ്രതീക്ഷ വളര്‍ത്തുന്നതും. ഒട്ടേറെ പുരസ്ക്കാരങ്ങള്‍ ഇതിനകം സമ്പാദിച്ച ഇസിന്‍ബയേവ പുരുഷ പോള്‍ വാള്‍ട്ട് ഇതിഹാസം സെര്‍ജി ബുബ്ക്കയ്‌ക്ക് സമാനമായ നേട്ടങ്ങളിലേക്കാണ് കുതിക്കുന്നത്.
ഒളിമ്പിക്‍സിന്‍റെ തറവാട്ടില്‍ നടന്ന കഴിഞ്ഞ ഏതന്‍സ് ഒളിമ്പിക്‍സിലും പോള്‍വാള്‍ട്ട് സ്വര്‍ണ്ണം ഈ റഷ്യന്‍ താരത്തിനു തന്നെ ആയിരുന്നു. ഏതന്‍സ് 2004 ല്‍ 4.91 മീറ്ററിന്‍റെ ലോക റെക്കോഡോടെയാണ് താരം സ്വര്‍ണ്ണം നേടിയത്. 25വയസ്സിനുള്ളില്‍ വനിതാ പോള്‍ വാള്‍ട്ടില്‍ ചരിത്രം കുറിച്ച ഇസിന്‍ബയേവ റോമില്‍ നടന്ന ഗോള്‍ഡന്‍ ലീഗ് മീറ്റില്‍ 5.03 ഉയരം ചാടി പുതിയ റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ്.
ഇസിന്‍ബയേവ വെറുമൊരു കായിക താരം മാത്രമല്ല. സൌന്ദര്യാരാധിക കൂടിയാണ്. വനിതാ ടെന്നീസിലെ ഗ്ലാമര്‍ താരം ഷറപോവയെ പോലെ തന്നെ സ്വന്തം സൌന്ദര്യത്തെ കുറിച്ച് തികഞ്ഞ ബോധവതിയുമാണ്. വനിതാ പോള്‍ വാള്‍ട്ട് താരങ്ങളെ സെക്സ് സിംബലായിട്ടാണ് പുരുഷന്‍മാര്‍ കരുതുന്നതെന്നും അവരുടെ മസിലുകളും സ്ലിം ശരീരവും കൂടുതല്‍ ആകര്‍ഷണീയമാകുമെന്നും ബയേവ കരുതുന്നു. കായിക പ്രതിഭയായ വനിതയും പെണ്‍കുട്ടിയും തമ്മില്‍ വ്യത്യാസമില്ലെന്നും വനിതകളാണ് കായിക രംഗത്ത് ഗ്ലാമര്‍ കൊണ്ടു വരുന്നതെന്നും ഇസിന്‍ബയേവയുടെ ഭാഷ്യം.
റഷ്യയിലെ ദഗസ്ഥാനിലെ സുന്നി വിഭാഗത്തില്‍ പെടുന്ന ഒരു പ്രത്യേക വംശമായ തബാസരന്‍ വിഭാഗത്തില്‍ നിന്നുമാണ് ഇസിന്‍ബയേവയുടെ പിതാവ്. മാതാവ് തികഞ്ഞ റഷ്യക്കാരിയും. റഷ്യന്‍ വനിതകളുടെ സൌന്ദര്യവും കായിക താരത്തിന്‍റെ ഉരുക്കു ശരീരവുമുള്ള ഇസിന്‍ബയേവ റഷ്യയിലെയും ലോകത്തിലെയും ഗ്ലാമര്‍ താരങ്ങളിലാണ് പെടുന്നത്. റഷ്യയില്‍ അറിയപ്പെടുന്ന മോഡല്‍ കൂടിയായ ഇസിന്‍ബയേവ തോഷിബയുടെ റഷ്യയിലെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ്.
|