പിതാവ് അമേരിക്കയിലെ മെരിലാന്‍ഡ് പൊലീസില്‍, മാതാവ് ഒരു മിഡില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍. പക്ഷെ മക്കള്‍ മൂന്നു പേരും തിരിഞ്ഞത് നീന്തല്‍ കുളത്തിലേക്കും. മക്കളില്‍ ഏറ്റവും ഇളയവനായ അമേരിക്കന്‍ ഇതിഹാസ നീന്തല്‍ താരം മൈക്കല്‍ ഫെല്പ്സിന് നീന്തല്‍ താല്പര്യം സ്വന്തം ചേച്ചിമാരില്‍ നിന്ന് തന്നെയാണ് കിട്ടിയത്.
എന്നാല്‍ അവരൊന്നും ഫെല്പ്സിനെ പോലെ നിരന്തരം വിജയം തരുന്ന ഒരു ദേശീയതാരമായില്ലെന്ന് മാത്രം. എന്തായാലും ഏതന്‍സില്‍ നേടിയ 6 സ്വര്‍ണ്ണവും 2 വെങ്കലവും ഉള്‍പ്പടെ മൊത്തം 32 സ്വര്‍ണ്ണവും 6 വെള്ളിയും പേരിലുള്ള ഫെല്പ്സ് ബീജിംഗ് ഒളിമ്പിക്‍സിലേക്ക് എത്തുന്നത് ഒരു ഒളിമ്പിക്‍സില്‍ കൂടുതല്‍ സ്വര്‍ണ്ണമെന്ന റെക്കോഡ് സ്വപ്നം കണ്ടാണ്.
കഴിഞ്ഞ ഒളിമ്പിക്സില്‍ എട്ട് മെഡല്‍ നേടിയിട്ടും 1972 ല്‍ നാട്ടുകാരനായ മാര്‍ക്ക് സ്പിറ്റ്‌സ് മ്യൂണിക്കില്‍ കുറിച്ച ഏഴ് സ്വര്‍ണ്ണമെന്ന റെക്കോഡ് മറികടക്കാന്‍ ഫെല്പ്സിനു കഴിഞ്ഞില്ല. ഈ നേട്ടം ഫെല്പ്സ് ഇത്തവണ മറികടക്കുമെന്ന് മാര്‍ക്ക് സ്പിറ്റ്‌സ് പോലും കരുതുന്നു. അമേരിക്കന്‍ ഒളിമ്പിക്സ് യോഗ്യതാ മത്സരത്തില്‍ തന്നെ ഫെല്പ്സ് റെക്കോഡ് തിരുത്തി.
ഓസ്ട്രേലിയന്‍ നീന്തല്‍താരം ഇയാന്‍ തോര്‍പ്പും അമേരിക്കന്‍ താരം മാര്‍ക്ക് സ്പിറ്റ്‌സും ഉള്‍പ്പെടുന്ന നീന്തലിലെ മഹാരഥന്‍മാര്‍ക്കൊപ്പമാണ് അമേരിക്കന്‍ നീന്തല്‍ താരം മൈക്കല്‍ ഫെല്പ്സിനെ പരിഗണിക്കുന്നത്. നേട്ടത്തില്‍ ഇവര്‍ മൂവരെയും 14 മേജര്‍ ഗോള്‍ഫ് കിരീടം സ്വന്തമാക്കിയ ടൈഗര്‍ വുഡ്‌സ്, 12 ടെന്നീസ് ഗ്രാന്‍ഡ് സ്ലാമുള്ള റോജര്‍ ഫെഡറര്‍ എന്നിവരോടാണ് താരതമ്യപ്പെടുത്തുന്നത്. ബീജിംഗില്‍ ഫെല്‍പ്സിനു വേണമെങ്കില്‍ പുതിയ റെക്കോഡ് കുറിക്കാം.
ഏതന്‍സില്‍ 200 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ ഒഴിച്ചാല്‍ എല്ലാ വ്യക്തിഗത ഇനങ്ങളിലും സ്വര്‍ണ്ണം നേടിയ താരമാണ് ഫെല്പ്സ്. ഏതന്‍സില്‍ മികച്ച വിജയങ്ങള്‍ കൊയ്ത 200, 400 മീറ്റര്‍ വ്യക്തിഗത മെഡ്‌ലേ, 100, 200 മീറ്റര്‍ ബട്ടര്‍ ഫ്ലൈ, 200 മീറ്റര്‍ ഫ്രീ സ്റ്റൈല്‍, മൂന്ന് റിലെ മത്സരങ്ങള്‍ എന്നിവയിലാണ് ഫെല്പ്സ് ഇത്തവണയും മത്സരിക്കുന്നത്.
|