സത്യം പറഞ്ഞാല്‍ അമ്മ അടി വാങ്ങും. അല്ലെങ്കില്‍ അച്ഛന്‍ പട്ടിയിറച്ചി തിന്നും. എന്തായാലും ഒളിമ്പിക്സിനെത്തുന്ന വിനോദ സഞ്ചാരികളെ സ്വാദിഷ്ടമായി പട്ടിയിറച്ചി തീറ്റിക്കാമെന്ന ബീജിംഗിലെ ഹോട്ടലുകാരുടെ മോഹം ഉപേക്ഷിക്കേണ്ടി വരും. അടുത്ത മാസം നടക്കുന്ന ഒളിമ്പിക്സിലും സെപ്തംബറിലെ പാരാളിമ്പിക്‍സിലും ഹോട്ടലുകാര്‍ അവരുടെ മെനുവില്‍ നിന്നും പട്ടിയിറച്ചി മാറ്റി വച്ചോളാന്‍ ബീജിംഗ് ആവശ്യപ്പെട്ടിരിക്കുകയാണ്.
പട്ടിയിറച്ചി കൊണ്ടുള്ള വിഭവങ്ങള്‍ ഉണ്ടാക്കരുതെന്ന കര്‍ശന നിര്‍ദേശം ഹോട്ടലുകള്‍ക്ക് നല്‍കിയിരിക്കുന്നത് ബീജിംഗിലെ ഭക്‍ഷ്യ സുരക്ഷാ ഓഫീസാണ്. പട്ടിയിറച്ചിക്കു പുറമെ പരമ്പരാഗതമായ മരുന്ന് ഉല്‍പ്പന്നങ്ങളില്‍ എതില്‍ ഏങ്കിലും പട്ടി മാംസം ഉപയോഗിച്ചാല്‍ അവ ടിന്നിനു പുറത്ത് രേഖപ്പെടുത്തണമെന്നും വ്യക്തമാക്കിയിരിക്കുകയാണ്.
പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള മൃഗസംരക്ഷണ സംഘങ്ങള്‍ ഇതിനെതിരെ ശക്തമായ പ്രതിക്ഷേധിക്കുമെന്ന കണ്ടെത്തലാണ് ഇതിനു പിന്നില്‍. അതിനു പുറമേ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുടെ ഭക്ഷ്യ താല്പര്യങ്ങള്‍ സംരക്ഷിക്കണമെന്നും ബീജിംഗ് വ്യക്തമാക്കുന്നു. പട്ടിയിറച്ചി ചൈനീസ് തലസ്ഥാനത്തെ കൊറിയക്കാരുടെ ഇഷ്ട വിഭവങ്ങളില്‍ ഒന്നായതിനാല്‍ യുന്നനിലെയും ഗുയിസുവിലെയും റസ്റ്റോറന്‍റുകളില്‍ ഇത് സുലഭവുമാണ്.
ഒളിമ്പിക്‍സില്‍ നായമാംസത്തെ പടിക്ക് പുറത്ത് നിര്‍ത്തുന്നത് ഇതാദ്യമൊന്നുമല്ല. പടിഞ്ഞാറുകാരുടെ എതിര്‍പ്പ് ഭയന്ന് 1988 സോള്‍ ഒളിമ്പിക്‍സില്‍ വച്ച് കൊറിയക്കാര്‍ക്ക് പോലും പട്ടിയിറച്ചി ഉപെക്ഷിക്കേണ്ടി വന്നിരുന്നു. ഒളിമ്പിക്‍സ് അവസാനിക്കുന്നതു വരെ പട്ടി മാംസത്തിനു വിലക്ക് ഉണ്ടെങ്കിലും ധാരാളം ആള്‍ക്കാരുടെ അഭിപ്രായങ്ങള്‍ മാനിച്ച് കഴുത ഇറച്ചി ബീജിംഗ് മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
|