ദുല്‍ ഹജ്ജ് 10 ...
അന്ന് സന്ധ്യയോടെ മുസ്‌ദലിഫയില്‍ ഹാജിമാര്‍ എത്തുന്നു. മുസ്ദലിഫ എന്ന പദത്തിന് ഖുറാന്‍ നല്‍കിയ പേര് മഷ്‌ഹറാം എന്നാണ്. ഈ പദത്തിന്‍റെ അര്‍ത്ഥം അവബോധം, ധാരണ, കാഴ്ചപ്പാട് എന്നൊക്കെയാണ്. രാത്രി മുസ്ദലിഫയില്‍ തങ്ങുന്ന ഹാജിമാര്‍ അറഫയില്‍ നിന്നും കിട്ടുന്ന തിരിച്ചറിവിനെ ധാരണയും തീരുമാനവും ആക്കി മാറ്റുകയാണ് ചെയ്യുന്നത്.
ദുല്‍ ഹജ്ജ് 10 ... പ്രഭാത നമസ്കാരത്തിനു ശേഷം മുസ്ദലിഫയില്‍ നിന്ന് ഹാജിമാര്‍ മിനയിലേക്ക് പ്രവേശിക്കും. കര്‍മ്മഭൂമിയാണ് മിന. അറഫയില്‍ നിന്നു കിട്ടിയ തിരിച്ചറിവിന്‍റെ അടിസ്ഥാനത്തില്‍, മുസ്ദലിഫയില്‍ രാത്രി താമസത്തിനിടയില്‍ എടുത്ത തീരുമാനത്തിന്‍റെ ബലത്തില്‍ എടുത്ത ഇനിയങ്ങോട്ട് തമ്പുരാന്‍റെ മാര്‍ഗ്ഗത്തില്‍ പ്രവര്‍ത്തനനിരതനാവാന്‍ ഉള്ള കര്‍മ്മഭൂമി !
അന്ന് ജമ്‌റത്തുല്‍ അക് ബയില്‍ ഏഴ് കല്ലെറിയുകയും പിന്നെ ബലിയറുക്കുകയും മുടി വടിക്കുകയും (പുരുഷന്മാര്‍ മാത്രം) ചെയ്യുക വഴി തീര്‍ത്ഥാടകര്‍ ഇഹ്‌റാമിന്‍റെ വേഷത്തില്‍ നിന്നും സാധാരണ വേഷത്തിലേക്ക് മാറുന്നു.
ഇസ്ലാമിന്‍റെ മാര്‍ഗ്ഗത്തിലുള്ള കര്‍മ്മഭൂമിയില്‍ നിന്ന് തന്നെ പുറകോട്ട് വലിക്കുന്ന മനുഷ്യന്‍റെ വര്‍ഗ്ഗശത്രുവായ പിശാചിനോടുള്ള പോരാട്ടത്തിന്‍റെ പ്രതീകവത്കരണമാണ് കല്ലേറ്. സ്വന്തം താത്പര്യങ്ങളെ ബലികഴിച്ചും അല്ലാഹുവിന്‍റെ കല്‍പ്പനകള്‍ പാലിച്ചും ജീവിക്കാന്‍ സന്നദ്ധനാണെന്ന തീരുമാനത്തിന്‍റെ പ്രതീക വത്കരണമാണ് ബലി.
മുടിവടിച്ച് കുളിച്ച് വൃത്തിയായി വേഷം മാറുന്നതോടെ മിനയുടെ മുന്നില്‍ വിശുദ്ധനായ, പാപരഹിതനായ, ദൌത്യ നിര്‍വ്വഹണത്തിനു സന്നദ്ധതയുള്ള ഒരു പുതിയ മനുഷ്യന്‍ ജനിക്കുകയാണ്. അന്ന് അവശേഷിക്കുന്ന കര്‍മ്മം മസ്ജിദുള്‍ ഹറാമില്‍ നിന്ന് ക അബയ്ക്ക് ചുറ്റുമുള്ള ത്വ വാഫും (ക അബയെ ഇടത്താക്കിയുള്ള ഏഴ് ചുറ്റല്‍) സഫ മര്‍വ യ്ക്ക് ഇടയിലുള്ള സന്നിയും (നടത്തം) ആണ് പിന്നീട് ഹാജിമാര്‍ മിനയിലേക്ക് പോകും.
|