2008 ജൂണ്‍ 24- ഗുരുഗോപിനാഥ് ജന്മ ശതാബ്ദി.
കഴിഞ്ഞ നൂറ്റാണ്ടിലെ പ്രതിഭാധനരായ ഇന്ത്യന്‍ നര്‍ത്തകരില്‍ ഒരാളായിരുന്നു ഗുരുഗോപിനാഥ്. കഥകളിയുടെയും ഭാരതീയ നൃത്തകലയുടെയും യശസ്സ് നാടെങ്ങും പരത്തിയത് ഗുരുഗോപിനാഥിനെപോലുള്ള അപ്പര്‍ണബോധമുള്ള നര്‍ത്തകരായിരുന്നു.
ചുറ്റും വെള്ളം നിറഞ്ഞ കുട്ടനാട്ടിലെ സാധാരണ കാര്‍ഷിക കുടംബത്തില്‍ ജനിച്ച് വെറും അഞ്ചാം ക്ളാസു വരെ പഠിച്ച് കഥകളി നര്‍ത്തകനായ ചമ്പക്കുളം ഗോപിനാഥപിള്ള , ഗുരുഗോപിനാഥായി മാറിയത് സ്വന്തം പ്രയത്നം കൊണ്ടും ദൈവികമായ സിദ്ധികൊണ്ടുമായിരുന്നു. സിദ്ധിയും സാധനയും, ബുദ്ധിയും പ്രവര്‍ത്തിയും അദ്ദേഹം ഏകോകിപ്പിച്ചു.
ക്രാന്തദര്‍ശിത്വം, വ്യക്തിജീവിതത്തിന്‍റെ ശുദ്ധി, തികഞ്ഞ ഭക്തി, എളിമ, പൂര്‍ണതയുള്ള പ്രയത്നം എന്നിവ ഗുരുജിയുടെ ഗുണങ്ങളായിരുന്നു. കുട്ടനാട്ടുകാരനു ചേരുന്ന ചെറിയൊരു പിശുക്ക്, മുന്‍ശുണ്ഠി എന്നീ ചെറിയ ദോഷങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതുമദ്ദേഹത്തിന്‍റെ അലങ്കാരമായി മാറുകയാണുണ്ടായത്.
വരുംകാലത്തെ മുന്‍കൂട്ടി കാണാനുള്ള കഴിവാണ് ഗുരുഗോപിനാഥിന്‍റെ ഉയര്‍ച്ചയ്ക്കും പ്രശസ്തിക്കും നിദാനമായത്. സര്‍ഗാത്മകതയുടെ മികവു കൂടിയായാപ്പോള്‍ അതിന് തിളക്കമേറി.
കഥകളിയും കേരള കലകള്‍ക്കു ഒരിരുണ്ട കാലഘട്ടമുണ്ടായിരുന്നു. അതിന്‍റെ ഫലമായാണ് കലകളിയെ ഉദ്ധരിക്കാന്‍ മുകുന്ദ രാജാവിന്‍റെയും വള്ളത്തോളിന്‍റെയും നേതൃത്വത്തില്‍ കലാമണ്ഡലമുണ്ടായത്.
അവിടെ വടക്കന്‍ ചിട്ട പഠിക്കാനായി മുതിര്‍ന്ന വിദ്യാര്‍ത്ഥിയായി എത്തിയ ഗോപിനാഥ് എന്ന യുവാവ്, അവിടെ കഥകളിയെ പറ്റി പഠിക്കാനെത്തിയ രാഗിണിദേവിയുടെ സഹനര്‍ത്തകനായി ബോംബെയ്ക്ക് പോയതൊടെയാണ് സ്വന്തം കഴിവുകള്‍ തിരിച്ചറിഞ്ഞത്.
നേരം പുലരുവോളവും, മൂന്നു ദിവസം തുടരുന്നതുമായ നീണ്ട കഥകളി കാണാന്‍, അനുശീലനം സിദ്ധിച്ച കഥകളി ഭ്രാന്തന്മാര്‍ മാത്രമേ ഉണ്ടാവൂ. ചെറിയ ചെറിയ പ്രകടനങ്ങളായി കഥകളി അവതരിപ്പിച്ചാല്‍ വന്‍നഗരങ്ങളില്‍ പോലും അതിനാസ്വാദകരുണ്ടാവും എന്ന ആശയം രാഗിണിദേവിയുടേതായിരുന്നു.
ആധുനിക തീയേറ്റര്‍ സങ്കല്പത്തില്‍ അനുസൃതമായി, ഒന്നോ രണ്ടോ മണിക്കൂര്‍ നേരത്തെ ലഘുപ്രകടനങ്ങളാക്കി കഥകളിയേയും അതിലെ കഥാസന്ദര്‍ഭങ്ങളേയും മെരിക്കിയെടുത്തത് ഗോപിനാഥും. ഇങ്ങിനെയാണ് കഥകളിനൃത്തം എന്ന പേരിലൊരു നൃത്തശൈലി രൂപപ്പെടുന്നത്. പിന്നീടത് കേരള നടനം എന്ന പേരില്‍ പ്രസിദ്ധമാവുകയും ചെയ്തു
|