ആഴിതന്‍ നീലത്തിരിപോലെയൊരജയ്യത-
യായിരുന്നിന്നോളം ഞാന്‍, ഇന്നിതാ വെറുംചാരം;
പാടുകയാണിച്ചാരം, ഞങ്ങളെയൊരു പിടി
വാരിയാ ത്രിവേണിതന്‍ മാറിലേയ്ക്കെറിഞ്ഞാലും
ഗംഗ തന്നനനന്തതയിങ്കലുടവേ മന്ദ-
മന്ദമായലഞ്ഞലഞ്ഞെത്തുവാന്‍ സമുദ്രത്തില്‍
ഇപ്രപഞ്ചത്തില്‍ നൂറു കടലില്‍, ജനങ്ങള്‍ തന്‍
സ്വപ്നമണ്ഡലങ്ങളിലൊക്കെയും നിറയും ഞാന്‍
അവര്‍ ചോദിക്കും, "വിശ്രാന്തിതന്‍ സുഹൃത്തേ, നീ-
യിനിയുമൊരു തെല്ലു വിശ്രമം തേടാത്തെന്തേ?'
ഒന്നുചേരുവിന്‍! തമ്മില്‍ പുണരിന്‍! വിളിച്ചോതി-
പ്പൊങ്ങുമേ ഞാനാം ചാമ്പല്‍ ചൂടുമത്തിരയെല്ലാം
മുറകെത്തമ്മില്‍ കെട്ടിപ്പുണര്‍ന്നും കുതിച്ചുമ-
ത്തിരമാലകള്‍ മുന്നോട്ടേറിടും വീണ്ടും വീണ്ടും.
എങ്ങുവാനശാന്തിയങ്ങെല്ലാമോ മുഴക്കീടൂ-
മെന്നെന്നും സ്നേഹം, ശാന്തി, യിതവന്‍ ധീരാഹ്വാനം.' |