പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സന്യാസിവര്യനാണ് അന്നമാചാര്യ. സ്നേഹത്തിന്‍റെയും ലാളിത്യത്തിന്‍റെയും ആള്‍ രൂപമായിരുന്നു അദ്ദേഹം. സ്വന്തം കൃതികളിലൂടെ അദ്ദേഹം ദൈവീക സ്നേഹത്തിന്‍റെയും ഭക്തിയോഗത്തിന്‍റെയും മഹദ് ചരിതങ്ങള്‍ ചമച്ചു.
ഈ മഹാഗുരുവിന്‍റെ വരികളും രാഗങ്ങളും പാട്ടുകളുമെല്ലാം വെങ്കിടേശ്വര സ്വാമിക്ക് വളരെ ഇഷ്ടമായി എന്നും അദ്ദേഹത്തിന്‍റെ താരാട്ടുപാട്ടായ ‘ലാലി പാട്ട..’ ഭഗവാന് വളരെ പ്രിയതരമാണെന്നുമാണ് വിശ്വാസം.
ലാലി പാട്ട കേട്ടാണ് വെങ്കിടേശ്വരസ്വാമി ഉറങ്ങുക പതിവ്. ശബ്ദം, താളം, ചലനം, നിലകള്‍, ഭാവം, വരികള്‍ എന്നിവയെല്ലാം ചേര്‍ന്നതാണ് നൃത്തം. ബ്രഹ്മോത്സവത്തോട് അനുബന്ധിച്ച് നൃത്ത പരിപാടികള്‍ നടക്കുന്നതിനു പിന്നിലും ഒരു കഥയുണ്ട്.
ആദിശേഷനു മുകളില്‍ പള്ളികൊണ്ടിരുന്ന വിഷ്ണു പുഞ്ചിരിച്ചു. എന്തിനാണു ചിരിച്ചതെന്ന് ശേഷനാഗം വിഷ്ണുവിനോട് ചോദിച്ചു. താന്‍ ശിവഭഗവാന്‍റെ നൃത്തം കണ്ടു കൊണ്ടിരിക്കുകയാണ് എന്നായിരുന്നു വിഷ്ണുവിന്‍റെ മറുപടി. ശിവന്‍റെ നൃത്തം കാണണമെന്ന് ആദിശേഷനും ആഗ്രഹമുണ്ടായി.
വിഷ്ണു അപ്പോള്‍ തന്നെ സമ്മതം നല്‍കി. പക്ഷെ, ഒരു വ്യവസ്ഥയുണ്ട്. ആഗ്രഹം വന്ന സ്ഥിതിക്ക് ആദിശേഷന്‍ ഭൂമിയില്‍ മനുഷ്യനായി ജനിക്കണം. അങ്ങനെ ആദിശേഷന്‍ ഭൂമിയില്‍ പതഞ്ജലിയായി ജന്‍മം കൊണ്ടു. അദ്ദേഹത്തിന്‍റെ ആഗ്രഹം അനുസരിച്ച് പരമശിവന്‍ ചിദംബരത്ത് നൃത്തം ചെയ്തു. പിന്നെ അദ്ദേഹം അവിടെ നടരാജനായി തെക്കോട്ട് ദര്‍ശനമായി നിലയുറപ്പിച്ചു.
കിഴക്കോട്ട് ദര്‍ശനമായി രംഗനാഥന്‍റെ രൂപത്തില്‍ വിഷ്ണുവും ആദിശേഷനും അവിടെ പ്രതിഷ്ഠിതമായി. കാരണം അവര്‍ക്ക് നടരാജന്‍റെ നൃത്തം എപ്പോഴും കണ്ടുകൊണ്ടിരിക്കണം.
രാഗങ്ങളും ഭാവങ്ങളും ഉള്ള നൃത്തം ചെയ്യുന്നതിന് പതഞ്ജലി ചില നിയമങ്ങളും നിബന്ധനകളും ഉണ്ടാക്കി. ഈ അഞ്ചാം വേദം ബ്രഹ്മാവ് ഭരത മഹര്‍ഷിക്ക് കൈമാറിയെന്നും ഭരതന്‍ അഭിനയത്തെ കുറിച്ചും നൃത്തത്തെ കുറിച്ചും ഉള്ള നാട്യശാസ്ത്രമെന്ന പ്രമാണ ഗ്രന്ഥം ചമച്ചു എന്നുമാണ് വിശ്വാസം.
അതുകൊണ്ട് തമിഴ്നാട്ടില്‍ ചിദംബരത്തെ നാട്യാഞ്ജലിയാണ് കലാകാരന്‍മാര്‍ക്ക് പ്രധാനമെങ്കില്‍ ആന്ധ്രയില്‍ ബ്രഹ്മോത്സവത്തിനാണ് പ്രാധാന്യം.
|