ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കതീതമായി ദക്ഷിണേന്ത്യക്കാരുടെ പുണ്യതീര്‍ത്ഥാടനകേന്ദ്രം - തിരുമല! അവിടത്തെ ബ്രഹ്മോത്സവം ഭക്തര്‍ക്ക് ആനന്ദ ദായകമാണ്. വര്‍ഷത്തില്‍ രണ്ട് ബ്രഹ്മോത്സവങ്ങള്‍ -സപ്തംബറിലും ഒക്ടൊബറിലും!ഒക്ടൊബറിലേത് നവരാത്രിക്കാലത്തെ ബ്രഹ്മോത്സവമാണ്.
ബ്രഹ്മോത്സവ ദിനങ്ങളില്‍ ദേവചൈതന്യം കൂടുതലാകുമെന്നും ഉത്സവത്തിന് എത്തുന്ന ഭക്തരുടെ പ്രാര്‍ത്ഥനകള്‍ ദേവന്‍ സഫലമാക്കുമെന്നുമാണ് വിശ്വാസം. ഭക്തരുടെ ദുരിതങ്ങളും വേദനകളും കരുണാമയനായ വെങ്കിടാചലപതി നീക്കുമത്രെ.
അതുകൊണ്ടുതന്നെ മറ്റെല്ലാ ദിനങ്ങളിലും എത്തിച്ചേരുന്നതിന്‍െറ അനേകമിരട്ടി ഭക്തര്‍ ബ്രഹ്മോത്സവത്തില്‍ തിരുപ്പതിയിലെത്തുന്നു. വര്‍ഷം മുഴുവനും ഇത്രയും തിരക്ക് അനുഭവപ്പെടുന്ന മറ്റൊരു ക്ഷേത്രം ഇല്ല. ഭക്തലക്ഷങ്ങളെ ക്ഷേത്രത്തിലേക്ക് ആകര്‍ഷിക്കുന്ന തിരുപ്പതി ബ്രഹ്മോത്സവം 2007 ല്‍ ഒക്ടൊബര്‍ 12ന് ആരംഭിക്കുന്നു.
നവരാത്രി ഉത്സവത്തിനു തൊട്ടുമുന്‍പ് നടക്കുന്ന തിരുപ്പതി ബ്രഹ്മോത്സവം ഏതു വര്‍ഷമാണ് ആരംഭിച്ചതെന്നതിനും വ്യക്തമായ രേഖകള്‍ ലഭ്യമല്ല. പത്ത് ദിവസത്തെ നവരാത്രി ബ്രഹ്മോത്സവം തിരുപ്പതി മലനിരകളേയും പ്രകൃതിയേയും ഭക്തലക്ഷങ്ങളുടെ മനസ്സെന്നപോലെ തന്നെ ഭക്തിസാന്ദ്രമാക്കുന്നു.
സംഗീതവും വാദ്യവും വര്‍ണ്ണവിളക്കുകളും അലങ്കാരങ്ങളും പ്രഭാഷണങ്ങളും, പ്രാര്‍ത്ഥനയും മന്ത്രോച്ചാരണങ്ങളും ദേവന്‍െറ എഴുന്നള്ളത്തും ഘോഷയാത്രയും ഒക്കെ ചേര്‍ന്ന് ബ്രഹ്മോത്സവത്തിന്‍െറ പത്ത് നാളുകള്‍ തിരുപ്പതിയെ ജനസാഗരമാക്കുന്നു. വരാഹപുരാണം, ബ്രഹ്മാണ്ഡപുരാണം, വെങ്കിടാചല മാഹാത്മ്യം എന്നിവയില്‍ ബ്രഹ്മോത്സവത്തെക്കുറിച്ച് വ്യക്തമായ പരാമര്‍ശങ്ങളുണ്ട്.
കലിയുഗത്തിലെ അജ്ഞതയും അന്ധകാരവും നീക്കുന്നതിനായി ദേവന്മാരുടെയും മനുഷ്യരുടേയും പ്രാര്‍ത്ഥനയനുസരിച്ച് വിശുദ്ധമായ വെങ്കിടാചലത്തില്‍ ഭഗവാന്‍ അവതരിപ്പിച്ചുവെന്നും, ദേവനെ പ്രീതിപ്പെടുത്താന്‍ ബ്രഹ്മദേവന്‍ 10 ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവം നടത്തിയെന്നുമാണ് ഐതീഹ്യം. ബ്രഹ്മാവിനാല്‍ ആരംഭിക്കപ്പെട്ടുവെന്ന്വിശ്വസിക്കുന്നതിനാലാണ് ഉത്സവത്തിന് ബ്രഹ്മോത്സവമെന്ന പേര്‍ കൈ വന്നത്.
ബ്രഹ്മദേവന്‍ വെങ്കിടാചലത്തില്‍ അവതരിച്ച വെങ്കിടേശ്വരനെ വിലപിടിച്ച രത്നങ്ങള്‍, ആഭരണങ്ങള്‍, വിശുദ്ധ വസ്ത്രങ്ങള്‍ എന്നിവകൊണ്ട് അണിയിച്ചൊരുക്കി, ലക്ഷ്മീ ഭഗവതിയ്ക്കും, വേദങ്ങള്‍ക്കൊപ്പമിരുത്തി ഉച്ചെശ്രവസ് എന്ന കുതിര, ഐരാവതം, ശേഷനാഗം, ഗരുഡന്‍, എന്നിവയുടെ പുറത്തിരുത്തി വാദ്യഘോഷങ്ങളോടെ എഴുന്നള്ളിച്ചുവെന്നാണ് വിശ്വാസം.
|