പാലക്കൊന്പ് എഴുന്നെള്ളിപ്പ്
വൈകുന്നേരം ക്ഷേത്രാങ്കണത്തിലേക്ക് ഭഗവതിയെ ആവാഹിച്ചു കൊണ്ടുവരുന്ന പാലക്കൊന്പ് എഴുന്നെളളത്ത് നടക്കും. ഭഗവതിയുടെ വൃക്ഷമായ പാലക്കൊന്പ് മുറിച്ച് സമീപത്തുള്ള ക്ഷേത്രപരിസരത്ത് നേരത്തെ തന്നെ കുഴിച്ചുവച്ചിരിക്കും. വിളക്കു നടത്തുന്ന പ്രദേശത്തു നിന്നും കൊട്ടും വാദ്യവും ആരവങ്ങളുമില്ലാതെ പാലക്കൊന്പ് കുഴിച്ചിട്ട് ക്ഷേത്രസന്നിധിയിലേക്ക് യാത്ര പുറപ്പെടും. ഈ ചടങ്ങ് ഏതാണ്ട് നാലു മണിക്കാണ് നടക്കുക.
പിന്നെ തോറ്റം ചൊല്ലല്‍. വെളിച്ചപ്പാടിന്‍റെ അരുളപ്പാടുകള്‍. ഈ സമയത്ത് ചെണ്ടയും വാദ്യാഘോഷങ്ങളും താളത്തിനൊപ്പം അയ്യപ്പ തിന്തകതോം തോം എന്ന ചുവടുവെയ്പുകളും ഉണ്ടാക്കിയിരിക്കും.
പാലക്കൊന്പില്‍ നിന്നും ഒരു ചെറിയ കന്പ് മുറിച്ചെടുത്ത് അതില്‍ ചുവന്നപട്ട് ചുറ്റി ഭഗവതിയെ സങ്കല്പിച്ച്, ശോഭായാത്രയായി അത് പന്തലിലേക്കു കൊണ്ടുവരികയാണ് അടുത്ത ചടങ്ങ്. പട്ടുചുറ്റിയ കന്പ് പിടിക്കുന്നത് വിളക്കു നടത്തുന്ന കമ്മിറ്റിക്കാരുടെ അവകാശമാണെന്നാണ് വെപ്പ്.
അയ്യപ്പനെ സങ്കല്പിച്ച് ചുരിക, സുബ്രഹ്മണ്യനെ സങ്കല്പിച്ച് ശൂലം, ശിവനെ സങ്കല്പിച്ച് ചിലന്പ് എന്നിവയും എഴുന്നള്ളിക്കും. താലപ്പൊലിയും ശംഖനാദവും ചെണ്ടമേളവും തോറ്റം പാട്ടും ശരണംവിളികളും കോമരങ്ങളുടെ വെളിച്ചപ്പാടലുകളും പാലക്കൊന്പെഴുന്നെള്ളിപ്പിന്മാറ്റു കൂട്ടും.
അയ്യപ്പന്‍ പാട്ട് / കനലാട്ടം
വിളക്കു നടക്കുന്ന പന്തലില്‍ എഴുന്നെള്ളിയെത്തുന്പോള്‍ സമയം രാത്രി എട്ടര ഒന്പത് ആയിരിക്കും. വെടിക്കെട്ട് ശരണം വിളി, തുടികൊട്ട്, എന്നിവയോടെ പട്ട് പന്തലില്‍ എത്തിക്കുന്നതോടെ പാട്ട് തുടങ്ങുകയായി.
ഇതേസമയം ചില കമ്മിറ്റിക്കാര്‍ മതപ്രഭാഷണമോ നാടകമോ ഭക്തിഗാനമേളയോ നടത്തുകയും പതിവുണ്ട്. രാത്രി പന്ത്രണ്ട് മണിയ്ക്ക് പാല്‍ക്കിണ്ടി എഴുന്നെള്ളിച്ച് കോമരം അതുമായി ക്ഷേത്രാങ്കണം വലം വെയ്ക്കും. പിന്നെ കനലാട്ടമാണ്. തീയാട്ടമെന്നും ഇതിനെ വിളിക്കാറുണ്ട്. കനലില്‍ നഗ്നപാദനായി കോമരം നടത്തുന്ന പ്രകടനമാണിത്.
അയ്യപ്പനും വാവരുമായി യുദ്ധം
പിന്നീടാണ് അയ്യപ്പനും വാവരും തമ്മിലുള്ള യുദ്ധം. ഇതിനായി രണ്ടുപേര്‍ വേഷം കെട്ടി യുദ്ധരംഗം അഭിനയിക്കും. ഇതു കഴിയുന്പോഴേക്കും പന്തലും അലങ്കാരങ്ങളും യുദ്ധം കഴിഞ്ഞാലെന്ന മട്ടില്‍ അലങ്കോലപ്പെട്ടിരിക്കും.
നേരം പുലരുന്പോഴേക്കും ചടങ്ങുകളെല്ലാം അവസാനിക്കും. അയ്യപ്പന്‍ വിളക്കിന്‍റെ അവസാന ചടങ്ങ് തിരിയുഴിച്ചിലാണ്. ദേഹത്ത് എണ്ണപുരട്ടി കത്തിച്ച തിരികൊണ്ട് ഉഴിച്ചില്‍ നടത്തുന്നു. അഭ്യാസ പ്രധാനമായ പ്രകടനമാണിത്.
|