അയഥാര്‍ഥ്യം എന്നു തോന്നാവുന്ന സന്തോഷകരമായ അവസാനമാണ് അറ്റോണ്‍മെന്‍റ് എന്ന ഹോളിവുഡ് സിനിമയ്ക്ക്.
പതിമൂന്നുകാരിയായ ഒരു പെണ്‍കുട്ടിയുടെ നിര്‍ദ്ദോഷം എങ്കിലും വിനാശകരമായ കുസൃതിമൂലം സഹോദരിയുടെ പ്രണയം നഷ്ടമാകുന്നതും ഒടുവില്‍ എഴുത്തുകാരിയായി വളര്‍ന്ന പതിമൂന്നുകാരി ചേച്ചിക്കും കാമുകനും മാപ്പ് നല്‍കി അവരെ ഒന്നിപ്പിക്കുന്ന രീതിയില്‍ കഥാന്ത്യം ചമയ്ക്കുന്നതുമാണ് ഇതിലെ ഇതിവൃത്തം.
ക്രിസ്ത്യാനികള്‍ക്കും ജൂതന്‍മാര്‍ക്കും പാപങ്ങളെ പൊറുത്ത് നല്‍കല്‍ എന്നൊരു തത്വം തന്നെയുണ്ട്. ഏതാണ്ട് അതേ മട്ടിലാണ് ഈ കഥയില്‍ കാര്യങ്ങളുടെ പോക്ക്. അറ്റോണ്‍മെന്‍റ് എന്ന പേരില്‍ ഇയാന്‍ മഖ് ഇവാന്‍ എഴുതിയ നോവലിന് ജോ റൈറ്റ് നല്‍കിയ ചലച്ചിത്ര ഭാഷ്യമാണിത്.
ക്രിസ്റ്റഫര്‍ ഹാംടണിന്‍റേതാണ് തിരക്കഥ. ജെയിംസ് മക്കവോയ്, കെയ്‌റ നൈറ്റ്‌ലി എന്നിവര്‍ അഭിനയിക്കുന്ന ഈ ചിത്രം യൂണിവേഴ്സല്‍ സ്റ്റുഡിയോസാണ് പ്രദര്‍ശനത്തിനെത്തിച്ചത്. 2007 ലെ വെനീസ് അന്തര്‍ദ്ദേശീയ ചലച്ചിത്രോത്സവത്തില്‍ ഉദ്ഘാടന ചിത്രവും ഇതായിരുന്നു. വെനീസില്‍ ഉദ്ഘാടന ചിത്രത്തിന്‍റെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകന്‍ എന്ന ബഹുമതി റൈറ്റിനു ലഭിച്ചു.
വാന്‍കൂവര്‍ മേളയിലും ഇതായിരുന്നു ഉദ്ഘാടന ചിത്രം. എമ്പതാം ഓസ്കാര്‍ അവാര്‍ഡില്‍ മികച്ച ചിത്രം, മികച്ച രചന (അഡാപ്റ്റഡ് തിരക്കഥ), മികച്ച സഹനടി എന്നിവയ്ക്കാണ് അറ്റോണ്‍മെന്‍റിന് നാമനിര്‍ദ്ദേശം ലഭിച്ചത്. പതിനാലു ദിവസം മുമ്പ് അറ്റോണ്‍മെന്‍റ് മികച്ച ചിത്രം അടക്കമുള്ള രണ്ട് ബാഫ്റ്റ പുരസ്കാരങ്ങള്‍ നേടുകയുണ്ടായി.
നാലു ഭാഗങ്ങളായാണ് ഈ സിനിമ അവതരിപ്പിക്കുന്നത്. ഇതില്‍ ചില രംഗങ്ങള്‍ വിവിധ വീക്ഷണ കോണുകളില്‍ നിന്നായി പലതവണ ആവര്‍ത്തിക്കുന്നുമുണ്ട്.
എഴുത്തില്‍ താത്പര്യമുള്ള പതിമൂന്നുകാരി ബ്രയോണി ടാലിസ് തന്‍റെ സഹോദരി സിസിലിയയും കാമുകന്‍ റോബിയും തമ്മിലുള്ള ലൈംഗിക ബന്ധം കാണാനിടയായി. അവള്‍ അത് മോശമായ അര്‍ത്ഥത്തിലാണ് എടുക്കുന്നത്. പിന്നീട് റോബിയുടെ ഒരു പ്രണയ ലേഖനം ചേച്ചി കാണാതെ വായിക്കാന്‍ ഇടയായപ്പോഴും റോബിയെ ഒരു സെക്സ് മാനിയാക്ക് ആയി തെറ്റിദ്ധരിക്കുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് കഥ പുരോഗമിക്കുന്നത്.
ചേച്ചിയുടേയും റോബിയുടേയും പ്രണയം പൂവണിയുന്നില്ല. സിസിലിയ മുങ്ങിമരിക്കുന്നു. ബ്രയോണി ടാലിസ് വലിയൊരു എഴുത്തുകാരിയായി മാറുന്നു. അവരും ഹൃദയസംബന്ധമായ അസുഖം മൂലം മരണാസന്നയാണ്. തന്നെയും ചേച്ചിയേയും കുറിച്ചുള്ള കഥയെഴുതിയ ബ്രയോണി കഥയില്‍ ചേച്ചിയേയും റോബിയെയും ഒരുമിപ്പിക്കുന്നു.
|