ഇന്ത്യയുടെ വിശ്വോത്തര സൗന്ദര്യ റാണിയും അഭിനേത്രിയുമായ ഐശ്വര്യ ബച്ചന്‍റെ പിറന്നാള്‍ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് ആണ്. 1973 നവംബര്‍ ഒന്നിന് മംഗലാപുരത്തായിരുന്നു ഐശ്വര്യയുടെ ജനനം. 2007ല്‍ ഐശ്വര്യക്ക് 34 വയസ്സ് തികഞ്ഞു. രണ്ടു വയസ്സിനിളയവനായ അഭിഷേകിനാകട്ടെ 32 വയസ്സും.മറൈന്‍ എഞ്ചിനീയറായ കൃഷ്ണരാജ റായിയും എഴുത്തുകാരിയായ വൃന്ദയുമാണ് മാതാപിതാക്കള്‍. അഭിയുടെ അമ്മയാകട്ടെ മുന്‍ ബോളിവുഡ് താരം ജയാബച്ചനും.
ഏപ്രില്‍ 20നായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. വിവാഹം ആഡംബരം ഒഴിവാക്കിയാണ് നടത്തിയതെന്ന് അമിതാഭ് ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും മാധ്യമ പ്രവര്‍ത്തകരെ എല്ലാം അകറ്റിനിര്‍ത്തി ആര്‍ഭാടത്തോടെ തന്നെയായിരുന്നു വിവാഹം എന്നതാണ് സത്യം. ബോളിവുഡ് താരങ്ങള്‍ക്ക് പോലും ക്ഷണക്കത്ത് ലഭിക്കാതിരുന്ന കല്യാണം, സിനിമ-മാധ്യമ ലോകത്തിന്‍റെ വിരുന്ന് തന്നെയായിരുന്നു. മാതാവ് തേജി ബച്ചന്‍ രോഗാതുരമായ അവസ്ഥയിലായതാണ് വിവാഹത്തിനു കൊഴുപ്പു കുറച്ചതിനു കാരണമായി അമിതാഭ് പറയുന്ന ന്യായീകരണം.
ഇന്ത്യന്‍ സിനിമാ ലോകം കാത്തിരിക്കുന്ന സൂപ്പര്‍ താര വിവാഹത്തിന്‍റെ നിശ്ചയം ബച്ചന്‍റെ ജൂഹുവിലെ വസതിയില്‍ രാത്രി 8.30നും 9.30നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ ആയിരുന്നു. ബച്ചന്‍ കുടുംബം എല്ലാ കാര്യത്തിലും നില നിര്‍ത്തിപ്പോന്ന രഹസ്യ ഭാവം ഇകാര്യത്തിലുമുണ്ടായിരുന്നു. വിവാഹവാര്‍ത്ത ബച്ചന്‍റെയും ആഷിന്‍റെയും കുടുംബങ്ങള്‍ ആദ്യമൊക്കെ നിഷേധിച്ചെങ്കിലും പൂജാ കര്‍മ്മങ്ങള്‍ക്കായി വാരണാസിയിലെത്തിയതോടെ പുറം ലോകമറിഞ്ഞു.
സംഭവബഹുലമായിരുന്നു ഇരുവരുടെയും കരിയര്‍ . 1994ലെ ലോകസുന്ദരിപ്പട്ടത്തോടെ ലൈംലൈറ്റിലായ ഈ സുന്ദരി സല്‍മാന്‍ ഖാനുമായും പിന്നീട് വിവേക് ഒബ്റോയിയുമായും ഉണ്ടായ പ്രേമബന്ധങ്ങളാലും വാര്‍ത്ത സൃഷ്ടിച്ചു. ഐശ്വര്യയുടെ പ്രണയവും വേര്‍പിരിയലുകളുമെല്ലാം ബോളിവുഡിനു ചൂടു വാര്‍ത്തകളായിരുന്നു.
|