ലോകത്തില്‍ ഏറ്റവും സുന്ദരിയായ യുവതിയെന്നാണ് ഹോളീവുഡ് ധാമം ജൂലിയാ റോബര്‍ട്സ് ഐശ്വര്യാ റായിയെ വിശേഷിപ്പിച്ചത്. മരതകപച്ചയാര്‍ന്ന കണ്ണുകളുടെ ആഴവും ചുണ്ടുകളുടെ വശ്യ തരളതയും ഉടലിന്‍റെ ഉജ്വലകാന്തിയും ഐശ്വര്യയെ അതിരറ്റ മോഹിനിയാക്കുന്നു. ഈ മംഗലാപുരംകാരി പിടിച്ചടക്കിയത് ഇന്ത്യന്‍ ആരാധകരെ മാത്രമല്ല. ഇന്ത്യയുടെ എക്കാലത്തെയും ആരാധനാ പാത്രങ്ങളായ ബോളീവുഡിലെ ഒന്നാമന്‍ ബച്ചന്‍ കുടുംബത്തെ ഒന്നടങ്കമായിരുന്നു.
ഓരോ ഇന്ത്യക്കാരന്‍റെയും സ്വപ്നത്തിലെ മോഹിനിയായ ഐശ്വര്യ ബോളിവുഡിലെ കരുത്തനായ അച്ഛന്‍റെ കരുത്തനായ മകന്‍റെ ഭാര്യയായത് ഏപ്രില്‍ 20 നായിരുന്നു. അമിതാഭിന്‍റെ മരുമകളായ ഐശ്വര്യയുടെയും ബോളീവുഡിലെ സൂപ്പര്‍ താരമായ അഭിഷേകിന്‍റെയും വിവാഹം തന്നെയാണ് ബോളീവുഡിലെ കഴിഞ്ഞ കാല വിശേഷങ്ങളിലെ പ്രധാനകാര്യം.
കഠിനാദ്ധ്വാനത്തിലൂടെ ഒന്നാം നിരയിലേക്ക് ഉയര്‍ന്ന ഭര്‍ത്താവ് അഭിഷേക് ലോകത്തിലെ ഏറ്റവും സുന്ദരികളായ യുവതികളില്‍ ഒരാളുടെ ഭര്‍ത്താവ് എന്ന നിലയില്‍ ആരാധകരുടെ അസൂയ മുഴുവന്‍ എറ്റുവാങ്ങുകയാണ്. ബെക്കാം-പോഷ് ദമ്പതികള്‍, ബ്രാഡ് പിറ്റ്-ആഞ്ജലീന ജൂലി, അജയ് ദേവ്ഗണ്‍-കാജല്‍ എന്നിവരെ പോലെ ഈ സെലിബ്രിറ്റി ദമ്പതികളുടെ വിശേഷങ്ങള്‍ എത്ര തന്നെ പറഞ്ഞിട്ടും പറഞ്ഞിട്ടും മാധ്യമങ്ങള്‍ക്ക് മതിവരുന്നില്ല.
ലോകത്തെ മുഴുവനും കടക്കണ്ണിന്‍റെ വലത്തില്‍ തടഞ്ഞു നിര്‍ത്തിയ വെള്ളാരംകല്ലിന്‍റെ കൃഷ്ണമണിയുള്ള സുന്ദരി എന്തു മാന്ത്രികതയാണ് ഇന്ത്യന്‍ സിനിമാ വ്യവസായത്തില്‍ പ്രയോഗിച്ചതെന്നറിയില്ല. ഇന്ത്യന്‍ സിനിമയിലേക്ക് കാല്‍വച്ചപ്പോല്‍ തന്നെ അവരുടെ സൌന്ദര്യത്തെ ഏറ്റുവാങ്ങാന്‍ ഇന്ത്യ മുഴുവനും ആരാധകരുണ്ടായി. അഭിഷേകും മറിച്ചായിരുന്നില്ല. പരുക്കന്‍ നായകനായ അഭിഷേകിന്‍റെ പൌരുഷം ഇന്ത്യ മുഴുവനുള്ള വനിതകളെ ഇളക്കി മറിച്ചു.
|