ജനിച്ചു വളര്‍ന്ന വീട്ടില്‍, നാട്യങ്ങളില്ലാത്ത ഒരു പാവം കിളിഞ്ഞില്‍ മരമായിരുന്നു എന്‍റെ ക്രിസ്മസ് ട്രീ.
ചെരിപ്പിടാത്ത കാലുകളില്‍ ഇക്കിളിയിടുന്ന മണല്‍ത്തരിമുറ്റത്തിനു താഴെനിന്ന് മുറ്റത്തേയ്ക്ക് ശാഖകള്‍ നീട്ടിച്ചിരിക്കുന്നു എന്‍റെ കിളിഞ്ഞില്‍ മരം. ആ മരത്തിലിരുന്നാണ് എല്ലാ കിളികളും എനിക്കു വേണ്ടി പാട്ടു പാടിയതും.
ആ മരത്തിന്‍റെ സൗഹൃദച്ചില്ലകളിലാണ് എന്‍റെ ആദ്യത്തെ ക്രിസ്മസ് വിളക്കുകള്‍ ഞാന്‍ തൂക്കിയത്. എന്‍റെ ഒമ്മിപ്പൂച്ചയുടെ മെരുക്കമുള്ള മരച്ചില്ലകളില്‍ നക്ഷത്രവിളക്കുകള്‍ തൂങ്ങിയാടിച്ചിരിക്കും. ആ ചിരിയില്‍ മുറ്റത്തിനും മുറ്റത്തേയ്ക്ക് കാല്‍നീട്ടി വച്ച വരാന്തയ്ക്കും മനം നിറയും.
എന്‍റെ കുട്ടിക്കാലത്ത് റഡിമെയ്ഡ് നക്ഷത്രങ്ങള്‍ വിണ്ണില്‍ നിന്നു മണ്ണിലേയ്ക് ഇറങ്ങിവന്നു തുടങ്ങിയിട്ടില്ല. അഥവാ, വന്നു തുടങ്ങിയിരുന്നുവെങ്കില്‍ കോട്ടയം ജില്ലയില്‍ വാഴൂര്‍, ചാമംപതാലിലെ എന്‍റെ വീട്ടില്‍ ആ നക്ഷത്രങ്ങള്‍ ഉദിച്ചിരുന്നില്ല; അയല്‍ വീടുകളിലും.
മണിമലയാറ്റിലേക്കൊഴുകുന്ന വല്യതോടിന്‍റെ കരയിലെ ഈറ്റക്കാടുകള്‍ നക്ഷത്രമെണ്ണി കാറ്റിലാടുന്പോഴാണ് അവ വെട്ടാന്‍ പാകമാകുക. ഈറ്റവെട്ടി നക്ഷത്രവിധി പ്രകാരം കീറി, ചീകിമിനുക്കി, അഞ്ചു കോണുകളായി കെട്ടിയുണ്ടാക്കുന്പോള്‍ നക്ഷത്രവിളക്കിന്‍റെ ഉടുപ്പിടാത്തനിമയായി.
പിന്നെ, ആ നക്ഷത്രച്ചട്ടത്തില്‍ വര്‍ണക്കടലാസുകള്‍ ഒട്ടിച്ചാല്‍ നക്ഷത്രമുദിക്കുകയായി. ഒട്ടിക്കാന്‍ പനച്ചിപ്പുറം വീട്ടുമുറ്റത്തെ പനച്ചിമരത്തിന്‍റെ പശയുണ്ടായിരുന്നു.
|