തൊഴിലാളികളുടെ ദൌര്‍ലഭ്യം പരിഹരിക്കാനായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് കൂടുതല്‍ താല്‍ക്കാലിക തൊഴില്‍ പെര്‍മിറ്റ് നല്‍കാന്‍ തയ്യാറാവുന്നു.
തിങ്കളാഴ്ച മുതല്‍ തന്നെ താല്‍ക്കാലിക തൊഴില്‍ പെര്‍മിറ്റ് അനുവദിച്ചു തുടങ്ങിയതായാണ് സൂചന. ആറുമാസത്തേക്കാവും താല്‍ക്കാലിക തൊഴില്‍ പെര്‍മിറ്റ് അനുവദിക്കുക.
യു.എ.ഇ യിലെ എല്ലാ കമ്പനികള്‍ക്കും ഇത്തരത്തില്‍ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ അനുമതി നല്‍കിക്കഴിഞ്ഞു. യു.എ.ഇ തൊഴില്‍ വകുപ്പിലെ അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി ഒബൈദ് റഷിദ് അല്‍ സാഹ്‌മിയാണ് ഇത് സംബന്ധിച്ച വിവരം വെളിപ്പെടുത്തിയത്.
ഇപ്പോള്‍ ഇത്തരം പെര്‍മിറ്റുകള്‍ എല്ലാ വിഭാഗം തൊഴിലുകള്‍ക്കും നല്‍കാനാണ് തീരുമാനം. ഇതിനു മുമ്പ് ഇത്തരം പെര്‍മിറ്റുകള്‍ എണ്ണ, ഊര്‍ജ്ജം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലുകള്‍ക്ക് മാത്രമായിരുന്നു നല്‍കിവന്നിരുന്നത്.
ആദ്യം നല്‍കുന്ന മൂന്നു മാസത്തെ ‘മിഷന്‍ വിസ’ യ്ക്ക് 500 ദിര്‍ഹം അഥവാ 136 യു.എസ് ഡോളര്‍ മാത്രമാണ് നല്‍കേണ്ടത്. പിന്നീട് ഈ മിഷന്‍ വിസ മൂന്നു മാസത്തേക്ക് കൂടി നീട്ടാനായി തൊഴില്‍ നല്‍കുന്ന കമ്പനികളും ഇതേ തുക നല്‍കേണ്ടി വരും. ഇതോടൊപ്പം കമ്പനികള്‍ 3,000 ദിര്‍ഹം അഥവാ 817 ഡോളര്‍ കൂടി ബാങ്ക് ഗ്യാരന്‍റിയായും നല്‍കേണ്ടിവരും.
നിയമാനുസൃത രേഖകള്‍ ഒന്നും ഇല്ലാതെ യു.എ.ഇ യില്‍ കഴിഞ്ഞ രണ്ട് ലക്ഷത്തോളം തൊഴിലാളികളെയാണ് പൊതുമാപ്പ് നല്‍കലിലൂടെ യു.എ.ഇ പുറത്താക്കിയത്. ഇതിനെ തുടര്‍ന്നുണ്ടായ തൊഴിലാളികളുടെ കുറവ് നികത്താനാണ് സര്‍ക്കാരിന്‍റെ ഇത്തരമൊരു തീരുമാനം എന്നറിയുന്നു.
|